|

ലയണ്‍ കിങ്ങിനെ തകര്‍ത്ത് എക്കാലത്തെയും വലിയ ഒമ്പതാമത്തെ ചിത്രം; ഇനിയുള്ളത് ജുറാസിക് വേള്‍ഡ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏറെ നിരൂപകശ്രദ്ധ പിടിച്ചു പറ്റുകയും മികച്ച അനിമേഷന്‍ ഫീച്ചറിനുള്ള ഓസ്‌കര്‍ ഉള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കുകയും ചെയ്ത അനിമേഷന്‍ ചിത്രമാണ് ഇന്‍സൈഡ് ഔട്ട്. ഈ സിനിമയുടെ രണ്ടാം ഭാഗം ജൂണ്‍ 14നായിരുന്നു തിയേറ്ററില്‍ എത്തിയത്.

ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഈ വിജയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങിയത്. കെല്‍സി മാന്‍ സംവിധാനം ചെയ്ത ഈ സിനിമയുടെ തിരക്കഥ എഴുതിയത് ആദ്യ ചിത്രത്തിന്റെ സഹ രചയിതാവായ മെഗ് ലെഫോവായിരുന്നു. ബോക്‌സ് ഓഫീസില്‍ ഒരു ആനിമേറ്റഡ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഓപ്പണിങ്ങ് ഇന്‍സൈഡ് ഔട്ട്2 സ്വന്തമാക്കിയിരുന്നു.

ഈ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ ആനിമേഷന്‍ സിനിമകളില്‍ ഒന്നാം സ്ഥാനവും ചിത്രം സ്വന്തമാക്കി. ഡിസ്നിയുടെ മാസ്റ്റര്‍പീസ് ചിത്രമായ ഫ്രോസണ്‍ 2വിനെ പിന്തള്ളിയായിരുന്നു അന്ന് ഇന്‍സൈഡ് ഔട്ട് ഒന്നാമതെത്തിയത്.

ഇപ്പോള്‍ ആഗോള ബോക്‌സോഫീസില്‍ എക്കാലത്തെയും വലിയ ഒമ്പതാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് ഇന്‍സൈഡ് ഔട്ട്2. ദ ലയണ്‍ കിങ്ങിനെയാണ് ഈ സിനിമ പിന്തള്ളിയിരിക്കുന്നത്. ഇതോടെ പിക്സറിന്റെ എക്കാലത്തെയും ഏറ്റവും വിജയകരമായ ചിത്രമായി മാറിയിരിക്കുകയാണ് ഇന്‍സൈഡ് ഔട്ട്.

ഇനി ഇന്‍സൈഡ് ഔട്ട് 2വിന് തൊട്ടുമുന്നിലായി ഉള്ളത് ജുറാസിക് വേള്‍ഡാണ്. നാല് മില്യണ്‍ ഡോളര്‍ കൂടെ നേടിയാല്‍ ഇന്‍സൈഡ് ഔട്ട് 2വിന് ജുറാസിക് വേള്‍ഡിനെ മറികടന്ന് എക്കാലത്തെയും വലിയ എട്ടാമത്തെ ചിത്രമാകാന്‍ സാധിക്കും.

2015ലായിരുന്നു ഇന്‍സൈഡ് ഔട്ടിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. അന്ന് മുതല്‍ സിനിമയുടെ രണ്ടാം ഭാഗത്തിനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഡിസ്‌നിയും പിക്സര്‍ അനിമേഷന്‍ സ്റ്റുഡിയോസും ചേര്‍ന്ന് റിലീസ് ചെയ്ത ഈ സിനിമ മറ്റ് അനിമേഷന്‍ സിനിമകളില്‍ നിന്നും വ്യത്യസ്തമാണ്.

ഒരു മനുഷ്യന് അവന്റെ ഓരോ ഓര്‍മകളും എത്ര പ്രധാനപെട്ടതാണ് എന്ന് വളരെ ഭംഗിയായി കാണിക്കുന്ന സിനിമയാണ് ഇന്‍സൈഡ് ഔട്ട്. ഓരോ സന്ദര്‍ഭത്തിലും ഒരാളുടെ തലച്ചോറിനുള്ളിലെ വികാരങ്ങള്‍ക്ക് ശരിക്കും ജീവന്‍ വെച്ചാല്‍ എങ്ങനെയുണ്ടാകുമെന്നാണ് ഇന്‍സൈഡ് ഔട്ട് എന്ന സിനിമ പറയുന്നത്.

Content Highlight: Inside Out2 Beating The Lion King To Become The Ninth Biggest Film Of All Time