ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഓസ്‌കര്‍ വിന്നിങ് അനിമേഷന്‍ സിനിമയുടെ രണ്ടാം ഭാഗമെത്തുന്നു; ട്രെയ്‌ലര്‍ പങ്കുവെച്ച് പിക്സര്‍
Entertainment news
ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഓസ്‌കര്‍ വിന്നിങ് അനിമേഷന്‍ സിനിമയുടെ രണ്ടാം ഭാഗമെത്തുന്നു; ട്രെയ്‌ലര്‍ പങ്കുവെച്ച് പിക്സര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 8th March 2024, 1:05 pm

ഏറെ നിരൂപകശ്രദ്ധ പിടിച്ചു പറ്റുകയും മികച്ച അനിമേഷന്‍ ഫീച്ചറിനുള്ള ഓസ്‌കര്‍ ഉള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കുകയും ചെയ്ത ഇന്‍സൈഡ് ഔട്ടിന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നു.

ഏകദേശം ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം 2024ലാണ് ഇന്‍സൈഡ് ഔട്ടിന്റെ രണ്ടാം ഭാഗം ഇറങ്ങുന്നത്. കെല്‍സി മാന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ തിരക്കഥ എഴുതിയത് ആദ്യ ചിത്രത്തിന്റെ സഹ രചയിതാവായ മെഗ് ലെഫോവാണ്.

മായ ഹേക്ക്, ആമി പോഹ്ലര്‍, ലൂയിസ് ബ്ലാക്ക്, ടോണി ഹെയ്ല്‍, ലിസ ലാപിറ തുടങ്ങിയവരാണ് ഇതില്‍ ശബ്ദം നല്‍കിയിരിക്കുന്നത്. 2024 ജൂണ്‍ 14നാണ് ചിത്രത്തിന്റെ റിലീസ്. 2015ലായിരുന്നു ഇന്‍സൈഡ് ഔട്ടിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്.

ഡിസ്‌നിയും പിക്സര്‍ അനിമേഷന്‍ സ്റ്റുഡിയോസും ചേര്‍ന്ന് റിലീസ് ചെയ്ത ഈ സിനിമ മറ്റ് അനിമേഷന്‍ സിനിമകളില്‍ നിന്നും വ്യത്യസ്തമാണ്. ഒരു മനുഷ്യന് അവന്റെ ഓരോ ഓര്‍മകളും എത്ര പ്രധാനപെട്ടതാണ് എന്ന് സിനിമയില്‍ വളരെ ഭംഗിയായി കാണിക്കുന്നു.

ഒരേ സമയം കാണികളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഈ സിനിമക്ക് കഴിയുന്നുണ്ട്. ഓരോ സന്ദര്‍ഭത്തിലും ഒരാളുടെ തലച്ചോറിനുള്ളിലെ വികാരങ്ങള്‍ക്ക് ശരിക്കും ജീവന്‍ വെച്ചാല്‍ എങ്ങനെയുണ്ടാകുമെന്നാണ് ഇന്‍സൈഡ് ഔട്ട് എന്ന സിനിമ പറയുന്നത്.

തലച്ചോറിനുള്ളിലെ വികാരങ്ങള്‍ക്ക് ഓരോന്നിനും ഓരോ പേരുകളും ഒരോ നിറങ്ങളും സിനിമ നല്‍കുന്നുണ്ട്. സന്തോഷം അഥവാ ജോയ്, ഇതിന്റെ നിറം മഞ്ഞയാണ്. ദുഃഖം അഥവാ സാഡ്നെസിന് നിറം നീലയാണ്. വയലറ്റ് നിറത്തിലാണ് ഫിയര്‍ അഥവാ പേടിയുള്ളത്. വെറുപ്പ് എന്ന ഡിസ്‌കസ്റ്റിനെ കാണിക്കുന്നത് പച്ച നിറത്തിലാണ്. ദേഷ്യം അഥവാ ആന്‍ഗ്രിയെയാകട്ടെ ചുവപ്പ് നിറത്തിലാണ് സൂചിപ്പിക്കുന്നത്.

റൈലി എന്ന ഒരു കൊച്ചു കുട്ടിയുടെ മനസിലാണ് ഈ കഥ നടക്കുന്നത്. ജന്മനാട്ടില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌ക്കോയിലേക്ക് മാറി താമസിക്കേണ്ടി വന്ന അവളുടെ മാനസിക സംഘര്‍ഷങ്ങളാണ് പറയുന്നത്.

സിനിമയുടെ ട്രെയ്‌ലറില്‍ തന്റെ പതിമൂന്നാം ജന്മദിനം ആഘോഷിക്കുന്ന റൈലിയെ കാണിക്കുന്നുണ്ട്. ഒപ്പം പുതിയ കഥാപാത്രങ്ങളെ കൂടെ ട്രെയ്‌ലറില്‍ പരിചയപ്പെടുത്തുണ്ട്. പുതിയ വികാരങ്ങള്‍ കൂടെ കടന്നു വരുമ്പോള്‍ എന്താകും നടക്കുകയെന്നതാകും ഈ സിനിമ പറയുന്നത്.

Content Highlight: Inside Out 2 Trailer Out Now