തലച്ചോറിനുള്ളിലെ വികാരങ്ങള്‍ക്ക് വീണ്ടും ജീവന്‍വെക്കുമ്പോള്‍; ഇന്‍സൈഡ് ഔട്ട് 2 ടീസര്‍ ട്രെയിലര്‍
Entertainment news
തലച്ചോറിനുള്ളിലെ വികാരങ്ങള്‍ക്ക് വീണ്ടും ജീവന്‍വെക്കുമ്പോള്‍; ഇന്‍സൈഡ് ഔട്ട് 2 ടീസര്‍ ട്രെയിലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th November 2023, 10:23 am

ഏറെ നിരൂപകശ്രദ്ധ പിടിച്ചു പറ്റുകയും മികച്ച അനിമേഷന്‍ ഫീച്ചറിനുള്ള ഓസ്‌കാര്‍ ഉള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കുകയും ചെയ്ത സിനിമയാണ് ഇന്‍സൈഡ് ഔട്ട് (Inside Out). കഴിഞ്ഞ ദിവസം ഈ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ ട്രെയിലര്‍ പുറത്തു വന്നിരുന്നു. ഏകദേശം ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം 2024ലാകും ഇന്‍സൈഡ് ഔട്ടിന്റെ രണ്ടാം ഭാഗം ഇറങ്ങുന്നത്.

കെല്‍സി മാന്‍ (Kelsey Mann) സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് ആദ്യ ചിത്രത്തിന്റെ സഹ രചയിതാവായ മെഗ് ലെഫോവാണ് (Meg LeFauve). മായ ഹേക്ക്, ആമി പോഹ്ലര്‍, ലൂയിസ് ബ്ലാക്ക്, ടോണി ഹെയ്ല്‍, ലിസ ലാപിറ തുടങ്ങിയവരാണ് ഇതില്‍ ശബ്ദം നല്‍കിയിരിക്കുന്നത്. അടുത്ത വര്‍ഷം ജൂണിലാകും രണ്ടാം ഭാഗത്തിന്റെ റിലീസ്.

2015ലാണ് ഇന്‍സൈഡ് ഔട്ടിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. ഡിസ്നിയും പിക്‌സര്‍ അനിമേഷന്‍ സ്റ്റുഡിയോസും ചേര്‍ന്ന് റിലീസ് ചെയ്ത ഈ സിനിമ മറ്റ് അനിമേഷന്‍ സിനിമകളില്‍ നിന്നും വ്യത്യസ്തമാണ്. മറ്റൊരു സിനിമയിലും ഇത്തരം കഥ ചര്‍ച്ച ചെയ്തിട്ടില്ല. ഒരു മനുഷ്യന് അവന്റെ ഓരോ ഓര്‍മകളും എത്ര പ്രധാനപെട്ടതാണ് എന്ന് സിനിമയില്‍ വളരെ ഭംഗിയായി കാണിക്കുന്നു.

ഈ സിനിമ ഒരേ സമയം കാണികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഒരാളുടെ തലച്ചോറിനുള്ളില്‍ പലതരത്തിലുള്ള വികാരങ്ങളുണ്ട്. ഓരോ സന്ദര്‍ഭത്തിലും ഈ വികാരങ്ങള്‍ക്ക് ശരിക്കും ജീവന്‍ വെച്ചാല്‍ എങ്ങനെയുണ്ടാകും. അത്തരത്തില്‍ ഉള്ള ഒരു കഥയാണ് ഇന്‍സൈഡ് ഔട്ട് എന്ന സിനിമ പറയുന്നത്.

തലച്ചോറിനുള്ളിലെ വികാരങ്ങള്‍ക്ക് ഓരോന്നിനും ഓരോ പേരുകളും ഒരോ നിറങ്ങളും സിനിമ നല്‍കുന്നുണ്ട്. സന്തോഷം അഥവാ ജോയ് (Joy), ഇതിന്റെ നിറം മഞ്ഞയാണ്. ദുഃഖം അഥവാ സാഡ്‌നെസ്സിന് (Sadness) നിറം നീലയാണ്. വയലറ്റ് നിറത്തിലാണ് ഫിയര്‍ (Fear) അഥവാ പേടിയുള്ളത്. വെറുപ്പ് എന്ന ഡിസ്‌കസ്റ്റി (Disgust)നെ കാണിക്കുന്നത് പച്ച നിറത്തിലാണ്. ദേഷ്യം അഥവാ ആന്‍ഗ്രി (Angry)യെയാകട്ടെ ചുവപ്പ് നിറത്തിലാണ് സൂചിപ്പിക്കുന്നത്.

റൈലി (Riley) എന്ന ഒരു കൊച്ചു കുട്ടിയുടെ മനസിലാണ് ഈ കഥ നടക്കുന്നത്. ജന്മനാട്ടില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌ക്കോയിലേക്ക് മാറി താമസിക്കേണ്ടി വന്ന അവളുടെ മാനസിക സംഘര്‍ഷങ്ങളാണ് പറയുന്നത്.

റൈലി ജനിക്കുമ്പോള്‍ കൂടെ ജനിക്കുന്ന കഥാപാത്രമാണ് അല്ലെങ്കില്‍ വികാരമാണ് ജോയ്. മാതാപിതാക്കള്‍ റൈലിയെ കാണുന്ന നിമിഷമാണ് അവളുടെ ആദ്യ ഓര്‍മ. ആ സമയത്ത് ജോയ് തന്റെ മുന്നിലുള്ള ബട്ടണ്‍ അമര്‍ത്തുമ്പോള്‍ കുഞ്ഞു റൈലി ചിരിക്കുന്നുണ്ട്.

അതിനൊപ്പം റൈലിക്കുണ്ടാകുന്ന ഓര്‍മകളെല്ലാം ഓപ്‌സ് എന്ന ഒരു ഗോളമായി മാറുന്നതും കാണിക്കുന്നുണ്ട്. ഇതൊക്കെ അവളുടെ വികാരങ്ങള്‍ക്ക് അനുസരിച്ച് നിറം മാറുന്നതും കാണിക്കുന്നു. അതായത് സന്തോഷമുള്ള സമയത്തെ ഗോളത്തിന് ജോയിയുടെ നിറവും സങ്കടത്തിന് സാഡ്‌നെസിന്റെ നീല നിറവും ആകും. അത്തരത്തില്‍ ഓരോ ഓര്‍മ്മകള്‍ക്കും ഓരോ നിറങ്ങള്‍. കൂടാതെ ഈ ഓര്‍മകളുടെ ഗോളം അവളില്‍ പ്രത്യേകം സൂക്ഷിച്ചു വെക്കുന്നുമുണ്ട്.

റൈലി കരയുന്നത് സാഡ്‌നെസ് തന്റെ മുന്നിലെ ബട്ടണ്‍ അമര്‍ത്തുമ്പോഴാണ്. അവള്‍ക്ക് അപകടം വരുന്നെന്ന് മനസിലാക്കുമ്പോഴൊക്കെ ഫിയര്‍ അവളെ രക്ഷിക്കാറുണ്ട്. ഇനി അവള്‍ക്ക് ഇഷ്ടമില്ലാത്ത ഭക്ഷണം നല്‍കിയാല്‍ ഡിസ്‌കസ്റ്റും അച്ഛന്റെ അവളെ വഴക്ക് പറയുമ്പോള്‍ ആങ്കറും തങ്ങളുടെ മുന്നിലെ ബട്ടണ്‍ അമര്‍ത്താന്‍ മറക്കുന്നില്ല.

അത്തരത്തില്‍ അവളുടെ ജീവിതത്തില്‍ പല വികാരങ്ങളും മാറി മാറി വരുന്നത് കാണാം. ഇടയ്ക്കിടെ ആങ്കറും സാഡും അവളില്‍ ദേഷ്യവും സങ്കടവും ഉണ്ടാക്കുമ്പോള്‍ അവളെ സന്തോഷിപ്പിക്കുന്നത് ജോയ് ആണ്. ഈ ചിത്രം കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെയും ഏറെ സന്തോഷിപ്പിക്കുന്നുണ്ട്.

ഇതിന്റെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ ട്രെയിലര്‍ തുടങ്ങുന്നത് തന്റെ പതിമൂന്നാം ജന്മദിനം ആഘോഷിക്കുന്ന റൈലിയെ കാണിച്ചു കൊണ്ടാണ്. ഒപ്പം ഇത്തവണ ഒരു പുതിയ കഥാപാത്രം കൂടെ വരുന്നുണ്ട്. ഓറഞ്ച് നിറത്തിലുള്ള ഉത്കണ്ഠയെന്ന ആന്‍സൈറ്റി (Anxiety). പുതിയ ഒരു വികാരം കൂടെ കടന്നു വരുമ്പോള്‍ എന്താകും നടക്കുകയെന്നതാകും ഈ സിനിമ പറയുന്നത്.

Content Highlight: Inside Out 2 Teaser Trailer Out Now