| Thursday, 25th July 2024, 12:10 pm

ലോകത്ത് ഏറ്റവും കളക്ഷന്‍ നേടിയ അനിമേഷന്‍ ചിത്രങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഇനി ഈ സിനിമ, തകര്‍ത്തത് ഡിസ്‌നിയുടെ ഫ്രോസന്‍ 2വിനെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമകളില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് ഇന്‍സൈഡ് ഔട്ട് 2. പിക്‌സര്‍ സ്റ്റുഡിയോസ് അണിയിച്ചൊരുക്കിയ ചിത്രം വണ്‍ ബില്യണ്‍ ക്ലബ്ബില്‍ ഇടം നേടിയിരുന്നു. വലിയ ബജറ്റിലും ഹൈപ്പിലും ഇറങ്ങിയ പല സിനമകള്‍ക്കും നേടാന്‍ കഴിയാത്ത വണ്‍ ബില്യണ്‍ കളക്ഷനാണ് ഇന്‍സൈഡ് ഔട്ട് 2 എന്ന അനിമേഷന്‍ ചിത്രം നേടിയത്.

ഇതുവരെ 1.4 ബില്യണാണ് ചിത്രം നേടിയത്. ഇതോടെ ലോകത്ത് ഏറ്റവുമധികം കളക്ഷന്‍ നേടുന്ന അനിമേഷന്‍ ചിത്രമെന്ന റെക്കോഡ് ഇന്‍സൈഡ് ഔട്ട് സ്വന്തമാക്കി. ഡിസ്‌നിയുടെ മാസ്റ്റര്‍പീസ് ചിത്രമായ ഫ്രോസണ്‍ 2വിനെ പിന്തള്ളിക്കൊണ്ടാണ് ഇന്‍സൈഡ് ഔട്ട് ഒന്നാമതെത്തിയത്. 2015ല്‍ പുറത്തിറങ്ങിയ ഇന്‍സൈഡ് ഔട്ടിന്റെ രണ്ടാം ഭാഗം ആദ്യദിനം തൊട്ട് കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞിരുന്നു.

വണ്‍ ബില്യണ്‍ ക്ലബ്ബില്‍ ഇടം നേടുന്ന നാലാമത്തെ ചിത്രമാണ് ഇന്‍സൈഡ് ഔട്ട് 2. ഫ്രോസന്‍ (2013), സൂപ്പര്‍ മാരിയോ ബ്രോസ് (2023), ഫ്രോസന്‍ 2 (2019) എന്നിവയാണ് ലിസ്റ്റിലെ മറ്റ് അനിമേഷന്‍ ചിത്രങ്ങള്‍. പലരുടെയും കുട്ടിക്കാലം മനോഹരമാക്കിയ സിനിമയായ ഇന്‍സൈഡ് ഔട്ടിന് നല്‍കിയ മികച്ച ട്രിബ്യൂട്ടാണ് രണ്ടാം ഭാഗമെന്നാണ് പ്രേക്ഷക പ്രതികരണം.

ഈ വര്‍ഷം വലിയ ഹൈപ്പില്‍ പുറത്തിറങ്ങിയ ഡ്യൂണ്‍ 2വാണ് ആഗോള കളക്ഷനില്‍ രണ്ടാം സ്ഥാനത്ത്. 700 മില്യണാണ് ഡെന്നിസ് വിലന്യൂവ് അണിയിച്ചൊരുക്കിയ ബ്രഹ്‌മാണ്ഡ ചിത്രം നേടിയത്. ഡെസ്പിക്കബിള്‍ മി 4 എന്ന അനിമേഷന്‍ ചിത്രം മൂന്നാം സ്ഥാനം നേടിയപ്പോള്‍ മോണ്‍സ്റ്റര്‍ വേഴ്‌സിലെ ഏറ്റവും പുതിയ എന്‍ട്രിയായ ഗോഡ്‌സില്ല വേഴ്‌സസ് കോങ് 560 മില്യണ്‍ നേടി നാലാം സ്ഥാനം സ്വന്തമാക്കി.

എന്നാല്‍ വലിയ പ്രതീക്ഷയിലെത്തിയ മാഡ് മാക്‌സ് ഫ്രാഞ്ചൈസിയിലെ ഫ്യൂരിയോസ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയത് സിനിമാലോകത്തെ ഞെട്ടിച്ചിരുന്നു. 20155ല്‍ റിലീസായ മാഡ് മാക്‌സ്: ഫ്യൂരി റോഡിന്റെ പ്രീക്വലായി എത്തിയ ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയത് വലിയ തിരിച്ചടിയായിരുന്നു.

Content Highlight: Inside Out 2 becomes the highest grossing animation movies

We use cookies to give you the best possible experience. Learn more