ന്യൂദൽഹി: ഇന്ത്യയുടെ തടങ്കൽ പാളയങ്ങളിൽ റോഹിങ്ക്യൻ അഭയാർത്ഥികൾ നേരിടുന്നത് ദുരിതമെന്ന് ദി ക്വിൻ്റ് റിപ്പോർട്ട്. ഇന്ത്യയിൽ നിയമവിരുദ്ധമായി തടവിലാക്കപ്പെട്ട റോഹിങ്ക്യൻ അഭയാർഥികളിൽ 50 ശതമാനത്തിലധികം സ്ത്രീകളും കുട്ടികളുമാണെന്ന് പുതിയ അന്വേഷണ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
12 വർഷമായി തങ്ങൾ ഇന്ത്യയിൽ എത്തിയിട്ടെന്ന് മ്യാൻമറിലെ ബുത്തിഡോങ്ങിൽ നിന്നുള്ള മൂന്ന് കുട്ടികളുടെ അമ്മയായ 45കാരിയായ മിനാര ബീഗം പറയുന്നു. കഴിഞ്ഞ 12 വർഷങ്ങളായി അവർ ഇന്ത്യയിലെ തടങ്കൽ പാളയങ്ങളിൽ ജീവിതം കഴിച്ച് കൂട്ടുകയായിരുന്നു. 2012 നവംബറിൽ മിനാരയും കുടുംബവും അഭയം തേടി ഇന്ത്യയിലെത്തി. ഒരു പ്രാദേശിക റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ അവർ പൊലീസിന്റെ സഹായം തേടി. പൊലീസ് അവരെ അവരെ തടങ്കൽ പാളയത്തിലാക്കുകയായിരുന്നു.
തടങ്കൽ പാളയത്തിലെ ജീവിതത്തിനിടെ ഭർത്താവിനെയും മൂത്ത കുഞ്ഞിനേയും അവൾക്ക് നഷ്ടപ്പെട്ടു. അവർ എവിടെയാണെന്ന് ഇന്നും മിനാരക്ക് അറിയില്ല. അവർ മ്യാൻമറിൽ നിന്ന് പലായനം ചെയ്യുമ്പോൾ രണ്ട് മാസം പ്രായമുള്ള അവളുടെ ഇളയ കുട്ടിക്ക് ഇപ്പോൾ 12 വയസായി. ജയിലുകൾക്കും തടങ്കലുകൾക്കും പുറത്തുള്ള ജീവിതത്തെക്കുറിച്ച് അവർക്ക് അറിയില്ല.
യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മീഷണർ ഫോർ റെഫ്യൂജീസ് (UNHCR) വഴി കനേഡിയൻ ഹൈക്കമ്മീഷൻ മിനാരയെ അഭിമുഖം നടത്താൻ അഭ്യർത്ഥിച്ചു. എന്നാൽ, കാനഡയിലെ പുനരധിവാസത്തിനുള്ള തടങ്കൽ കേന്ദ്രത്തിൽ വെച്ച് അഭിമുഖം നടത്താനുള്ള അവരുടെ അഭ്യർത്ഥന ഇന്ത്യൻ അധികാരികൾ നിരസിച്ചു.
ഇന്ത്യയിലെ പ്രധാന തടങ്കൽ കേന്ദ്രങ്ങൾ ജമ്മുവിലും ദൽഹിയിലുമാണ്. ദൽഹിയിൽ രണ്ട് തടങ്കൽ കേന്ദ്രങ്ങളുണ്ട്. ലംപൂർ തടങ്കൽ കേന്ദ്രവും ഷഹ്‌സാദ ബാഗിലെ സരായ് റോഹില്ലയിലുള്ള കേന്ദ്രവും. ജമ്മുവിൽ, മുമ്പ് ഹീരാ നഗർ സബ് ജയിലായിരുന്ന കത്വ ഹോൾഡിങ് സെൻ്ററിൽ റോഹിങ്ക്യൻ അഭയാർത്ഥികളെ പാർപ്പിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിൽ, നൂറുകണക്കിന് റോഹിങ്ക്യൻ അഭയാർത്ഥികൾ വർഷങ്ങളായി അവിടെയുള്ള ഡം ഡം സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയാണ്.
ഒരു തടങ്കൽ കേന്ദ്രം സന്ദർശിച്ചപ്പോൾ, നിരവധി റോഹിങ്ക്യൻ അഭയാർത്ഥികൾ ശിക്ഷാ കാലാവധി പൂർത്തിയാക്കിയിട്ടും ക്രിമിനൽ കുറ്റങ്ങളൊന്നുമില്ലാതെയും ഈ കേന്ദ്രങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായി ഗവേഷണ സംഘം കണ്ടെത്തി.
ഗവേഷകരോട് സംസാരിക്കുമ്പോൾ, അടിസ്ഥാന ശുചീകരണത്തിൻ്റെ കടുത്ത അഭാവത്തെക്കുറിച്ചും വൈദ്യസാഹായത്തിന്റെ അഭാവത്തെക്കുറിച്ചും തടവുകാർ റിപ്പോർട്ട് ചെയ്തു.
ടോയ്‌ലറ്റുകളിൽ പലപ്പോഴും ജലക്ഷാമം അനുഭവപ്പെടുന്നു. തടവുകാർ വൃത്തിഹീനമായ ടോയ്‌ലറ്റുകൾ ഉപയോഗിക്കാൻ നിർബന്ധിതരാകുന്നു. മോശം ശുചിത്വം കാരണം സ്ത്രീകൾക്ക് ഗുരുതരമായ പ്രത്യുൽപാദന, ആർത്തവ ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കൂടാതെ, പ്രകൃതിദത്തമായ സൂര്യപ്രകാശത്തിൻ്റെ അഭാവവും മലിനീകരണവും മൂലം ശ്വസന പ്രശ്നങ്ങൾ, ചർമ രോഗങ്ങൾ തുടങ്ങിയവ അവർക്ക് ഉണ്ടാകുന്നു. മിക്ക തടങ്കൽ കേന്ദ്രങ്ങളിലും പുരുഷന്മാരെയും സ്ത്രീകളെയും വെവ്വേറെ ഇടങ്ങളിലാണ് പാർപ്പിച്ചിരിക്കുന്നത്, ഇത് മൗലികാവകാശങ്ങളുടെയും ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21ൻ്റെയും ലംഘനമാണ്. ഭാര്യ ഭർത്താക്കൻമാരെ പരസ്പരം പിരിക്കുകയാണിവിടെ.
കുട്ടികളെ മാതാപിതാക്കളിൽ നിന്ന് വേർപെടുത്തുകയും അഭയകേന്ദ്രങ്ങളിലേക്കോ ജുവനൈൽ തടങ്കൽ കേന്ദ്രങ്ങളിലേക്കോ അയയ്‌ക്കുകയും ചെയ്യുന്നു. പലപ്പോഴും കുഞ്ഞുങ്ങൾക്ക് അവരുടെ മാതാ പിതാക്കളുമായുള്ള ബന്ധം നഷ്ടപ്പെടുന്നു.
തടങ്കൽ ജീവിതം അവരുടെ വ്യക്തിസ്വാതന്ത്ര്യം നഷ്‌ടപ്പെടുത്തുന്നതിന് തടവുകാരുടെ മാനസികാരോഗ്യവും ഇല്ലാതാക്കുന്നു. തടവുകാർ ഉത്കണ്ഠ, വിഷാദം, ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്യുന്നു, എന്നിട്ടും വേണ്ട വിധത്തിൽ പരിചരണം ലഭിക്കുന്നില്ല.
2021 മുതൽ, കുറഞ്ഞത് ഏഴ് റോഹിങ്ക്യൻ അഭയാർത്ഥികളെങ്കിലും തടങ്കലിൽ മരിച്ചിട്ടുണ്ട്. 1,287 ദിവസത്തെ കസ്റ്റഡിക്ക് ശേഷം 75കാരനായ ലാലു ബീബി അടുത്തിടെ മരിച്ചതും ഇതിൽ ഉൾപ്പെടുന്നു. ഗവേഷകരോട് സംസാരിച്ച ഒരു മുൻ തടവുകാരൻ, വൈദ്യസഹായം നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് ദൽഹിയിലെ ഷഹ്‌സാദ ബാഗ് തടങ്കൽ കേന്ദ്രത്തിൽ മരിച്ച ഹമീദാ ബീഗം എന്ന പെൺകുട്ടിയുടെ ദാരുണമായ സംഭവം വിവരിച്ചു.
ജമ്മുവിലെ തടങ്കലിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞ്, അധികാരികൾ കണ്ണീർ വാതകം പ്രയോഗിച്ചത് മൂലം മരണപ്പെട്ടിരുന്നു. കുട്ടിയുടെ ശവസംസ്കാര ചടങ്ങിൽ ചങ്ങലക്കിട്ടാണ് അമ്മയെ പങ്കെടുപ്പിച്ചത്. ഇത് അവർ നേരിടുന്ന ക്രൂരത വ്യക്തമാക്കുന്നു.
Content Highlight: Inside India’s Detention Camps: Rohingya Refugees Face Abuse, Harsh Conditions