യുദ്ധക്കളത്തില്‍ ഒരിഞ്ച് പോലും വിട്ടുകൊടുക്കാന്‍ തയ്യാറല്ല; ബംഗാളില്‍ ഡി.വൈ.എഫ്.ഐയുടെ ഇന്‍സാഫ് യാത്രക്ക് സമാപനം
national news
യുദ്ധക്കളത്തില്‍ ഒരിഞ്ച് പോലും വിട്ടുകൊടുക്കാന്‍ തയ്യാറല്ല; ബംഗാളില്‍ ഡി.വൈ.എഫ്.ഐയുടെ ഇന്‍സാഫ് യാത്രക്ക് സമാപനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th January 2024, 7:54 pm

കൊല്‍ക്കത്ത: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിക്കും തൃണമൂല്‍ കോണ്‍ഗ്രസിനുമെതിരായി പശ്ചിമബംഗാളില്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ഇന്‍സാഫ് യാത്രക്ക് സമാപനം. 50 ദിവസത്തെ ഇന്‍സാഫ് യാത്രയാണ് (നീതിക്കായുള്ള ജാഥ) ബംഗാളിലെ ബ്രിഗേഡ് ഗ്രൗണ്ടില്‍ സമാപിച്ചത്.

 

ബംഗാളിലെ യുവാക്കള്‍ക്ക് ജോലിയും വിദ്യാഭ്യാസവും മാത്രമല്ല വേണ്ടതെന്നും ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനും തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഴിമതി രാഷ്ട്രീയത്തിനും എതിരെ പ്രതിഷേധിക്കാനുള്ള ആര്‍ജ്ജവമാണ് ഉണ്ടാവേണ്ടതെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി മീനാക്ഷി മുഖര്‍ജി സമാപന ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

ബംഗാളിലെ ജനങ്ങള്‍ ദുരിതമനുഭവിക്കുന്ന കാലത്തോളം ഇടതുപക്ഷം പോരാടുമെന്നും മീനാക്ഷി മുഖര്‍ജി വ്യക്തമാക്കി. സംസ്ഥാനത്തെ വയലുകളില്‍ നടത്തുന്ന പോരാട്ടത്തിന്റെ അജണ്ട ജാതിയോ മതമോ ആയിരിക്കില്ലെന്നും ജോലി, ഭക്ഷണം, ഉപജീവനം എന്നിവക്കായിരിക്കും ഇടതുപക്ഷം പ്രാധാന്യം നല്‍കുകയെന്നും മീനാക്ഷി ചൂണ്ടിക്കാട്ടി. നിലവിലെ യുദ്ധക്കളത്തില്‍ ഒരിഞ്ച് പോലും വിട്ടുകൊടുക്കില്ലെന്ന് തങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്നും മീനാക്ഷി പറഞ്ഞു.

എന്‍.ഡി.എ സഖ്യം കേന്ദ്രത്തില്‍ അധികാരത്തിലെത്തിയപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയിലേക്ക് പോയ എം.പിമാര്‍ക്കെതിരെയും മീനാക്ഷി മുഖര്‍ജി ആഞ്ഞടിച്ചു.

‘ആദര്‍ശങ്ങള്‍ക്കുവേണ്ടി സമരം ചെയ്യുക. പോരാട്ടം തുടങ്ങിയിട്ടേയുള്ളൂ. നമുക്ക് സമരഭൂമി വിജയിപ്പിക്കാം. ഇത് ഞങ്ങളുടെ അഭ്യര്‍ത്ഥനയാണ്,’ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ബ്രിഗേഡിലെ ജനങ്ങളോട് പറഞ്ഞ വാക്കുകള്‍. തല ഉയര്‍ത്തി പോരാടാന്‍ ബംഗാള്‍ ജനതക്ക് മുന്നിലേക്ക് തങ്ങള്‍ ഒരു കൈനീട്ടി തന്നിട്ടുണ്ടെന്നും അതിലൂടെ ഒരുമിച്ച് പോരാടാമെന്നും മീനാക്ഷി മുഖര്‍ജി കൂട്ടിച്ചേര്‍ത്തു.

പ്രധാനമായും വടക്കന്‍ ബംഗാള്‍, ജംഗിള്‍ മഹല്‍ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് സമാപന ചടങ്ങില്‍ പങ്കെടുത്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2,200 കിലോമീറ്ററിലധികം ദൂരം മറികടന്നുകൊണ്ടാണ് ഇന്‍സാഫ് യാത്ര ബ്രിഗേഡ് ഗ്രൗണ്ടില്‍ എത്തിയത്.

2008ന് ശേഷം ആദ്യമായാണ് പശ്ചിമബംഗാളിലെ ഏറ്റവും വലിയ ഒരു പൊതുവേദിയില്‍ രാഷ്ട്രീയ റാലി സംഘടിപ്പിക്കുന്നതില്‍ സി.പി.ഐ.എം തങ്ങളുടെ യുവജന സംഘടനയായ ഡി.വൈ.എഫ്.ഐയെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നത്.

ഡി.വൈ.എഫ്.ഐയുടെ ഇന്‍സാഫ് യാത്രയും ബ്രിഗേഡ് ഗ്രൗണ്ടിലെ സമാപന ചടങ്ങില്‍ പങ്കെടുത്ത ജനങ്ങളുടെ എണ്ണവും ചൂണ്ടിക്കാട്ടി നീതിക്കായുള്ള ഈ യാത്ര ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ രാഷ്ട്രീയ അട്ടിമറികളുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

Content Highlight: Insaf Yatra of DYFI ends in Bengal