| Saturday, 4th March 2023, 10:10 pm

അനീതിക്കെതിരെ പോരാടാന്‍ 'ഇന്‍സാഫ്'; കേന്ദ്ര സര്‍ക്കാറിനെതിരെ പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമായി കപില്‍ സിബല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അനീതിക്കെതിരെ പോരാടാന്‍ ഇന്‍സാഫ് എന്ന പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആരംഭിക്കുന്നതായി രാജ്യസഭാ എം.പി കപില്‍ സിബല്‍. ജന്ദര്‍ മന്ദറില്‍ വെച്ച് ഈ മാസം 11ന് പുതിയ പ്ലാറ്റ്‌ഫോമിനെ സംബന്ധിച്ചുള്ള മീറ്റിങ് നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാക്കളെയും, സാധാരണ ജനങ്ങളെയും ഈ പരിപാടിയിലേക്ക് ക്ഷണിക്കുന്നുവെന്നും കപില്‍ സിബല്‍ പറഞ്ഞു.

‘ഇന്‍സാഫ് കി സിപാഹി എന്ന പേരില്‍ ഞങ്ങള്‍ ഒരു പുതിയ പ്ലാറ്റ്‌ഫോം തുടങ്ങുകയാണ്. ഇതില്‍ എല്ലാവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. രാജ്യം മുഴുവന്‍ വ്യാപിക്കുന്ന പ്ലാറ്റ്‌ഫോം ആയിരിക്കും ഇത്. പ്ലാറ്റ്‌ഫോമിന്റെ മുന്‍നിരയില്‍ അഭിഭാഷകരും ഉണ്ടായിരിക്കും. ഇന്ത്യയെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാട് തരുന്ന പ്ലാറ്റ്‌ഫോമാണിത്. ഇവിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഞാന്‍ വിമര്‍ശിക്കുകയല്ല ചെയ്യുന്നത്, മറിച്ച് അദ്ദേഹത്തെ നവീകരിക്കുകയാണ്,’ കപില്‍ സിബല്‍ പ്രസ് കോണ്‍ഫറന്‍സില്‍ പറഞ്ഞു.

വളരെ ആലോചനയ്‌ക്കൊടുവിലാണ് ഇങ്ങനൊരു തീരുമാനത്തിലെത്തിയതെന്നും ജനങ്ങള്‍ അനീതിക്കെതിരെ പോരാടണമെന്നും കപില്‍ സിബല്‍ പറഞ്ഞു. പ്രതിപക്ഷ നിരയിലെ എല്ലാ മുഖ്യമന്ത്രിമാരും മന്ത്രിമാരും തന്നെ പിന്തുണക്കണമെന്നും ഈ അടിമത്വത്തില്‍ നിന്ന് സ്വയം മോചിതരാകാന്‍ ഒരു ദേശീയ മുന്നേറ്റം ആരംഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൗരന്‍മാര്‍, സ്ഥാപനങ്ങള്‍, പ്രതിപക്ഷം, മാധ്യമപ്രവര്‍ത്തകര്‍, അധ്യാപകര്‍, ചെറിയ ബിസിനസുകാര്‍ തുടങ്ങിയവരെല്ലാം അനീതിക്കിരകളാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യയുടെ മുക്കിലും മൂലയിലും അനീതി നിലനില്‍ക്കുന്നു. നിങ്ങള്‍ മുഖേന എല്ലാവരെയും ഞാനിതിലേക്ക് ക്ഷണിക്കുകയാണ്. ഈ പ്ലാറ്റ്‌ഫോമിലേക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയെയും ഞാന്‍ ക്ഷണിക്കുന്നു. എന്നാല്‍ ഇതൊരു ജനകീയ പ്രസ്ഥാനമായാണ് ഉദ്ദേശിക്കുന്നത്. ഒരു പാര്‍ട്ടിയും രൂപീകരിക്കാന്‍ ഉദ്ദേശമില്ല’, കബില്‍ സിബല്‍ പറഞ്ഞു.

ആര്‍.എസ്.എസ് അവരുടെ പ്രത്യയശാസ്ത്രം എല്ലായിടത്തും പ്രചരിപ്പിക്കുന്നുണ്ടെന്നും അത് ചിലപ്പോഴൊക്കെ അനീതിക്ക് കാരണമാകുന്നുവെന്നും അതിനെതിരെയാണ് നമ്മള്‍ പോരാടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘2014ന് ശേഷം ബി.ജെ.പി എട്ട് സംസ്ഥാനങ്ങളെ താഴെ ഇറക്കി. മറ്റേതെങ്കിലും രാജ്യത്ത് ഇത്തരം രീതി കാണാറുണ്ടോ. കോടതിയും അഭിഭാഷകരും ജനങ്ങളും നിശബ്ദരാകുകയാണ്. ഇതാണ് രാഷ്ട്രീയപരമായ അനീതി. ഈ രാജ്യത്ത് നൂറോളം പേര്‍ക്ക് 54 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ട്. ഇതാണോ സാമ്പത്തിക നീതി. 2018ല്‍ 190 ദശലക്ഷം ആളുകള്‍ ദരിദ്രരായിരുന്നു. എന്നാല്‍ 2022ല്‍ അത് 350 ദശലക്ഷമായി ഉയര്‍ന്നു,’ അദ്ദേഹം പറഞ്ഞു.

ഇവിടെ പൗരന്മാര്‍ക്കെതിരെ നില്‍ക്കുന്ന സര്‍ക്കാരാണ് ഉള്ളതെന്നും നമുക്ക് വേണ്ടത് ജനങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാരിനെയാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ വാലന്റൈനാണ് ഇ.ഡിയെന്ന് പറഞ്ഞ അദ്ദേഹം മോദി നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഡിജിറ്റലൈസേഷന്‍, ആവാസ് യോജന തുടങ്ങിയ നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കുന്നതും അനീതിക്കെതിരെയുമാണ് നമ്മള്‍ ശബ്ദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

content highlight: ‘Insaf’ to fight injustice; Kapil Sibal with a new digital platform against the central government

We use cookies to give you the best possible experience. Learn more