| Thursday, 15th August 2013, 3:17 pm

സിന്ധുരക്ഷക് ഉയര്‍ത്താനായില്ല: നാവികര്‍ക്കായി തിരച്ചില്‍ തുടരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: തീപിടുത്തത്തെ തുടര്‍ന്ന് മുങ്ങിപ്പോയ നാവികസേനയുടെ അന്തര്‍വാഹിനിയായ സിന്ധു രക്ഷക് വെള്ളത്തിനടിയില്‍ നിന്നും പൊക്കിയെടുക്കാന്‍ സാധിച്ചില്ല. []

അതിനാല്‍ തന്നെ നാവികരുടെ ജഡവും ഇതുവരെ ലഭ്യമായിട്ടില്ല. മുങ്ങിക്കപ്പലില്‍ വെള്ളം നിറഞ്ഞതിനാല്‍ നാവികര്‍ക്ക് അകത്തേയ്ക്ക് കാണാനും കഴിഞ്ഞിട്ടില്ല. മുങ്ങിക്കപ്പലിന്റെ അകത്തുള്ള ഉപകരണങ്ങള്‍ ഏറെക്കുറെ പൂര്‍ണമായി തന്നെ ഉരുകിയിട്ടുണ്ട്.

ചളി മൂലം നാവികസേനയുടെ മുങ്ങല്‍വിദഗ്ദ്ധര്‍ക്ക് മുങ്ങിക്കപ്പലിന്റെ അകത്ത് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ അതിനകത്ത് അകപ്പെട്ട നാവികരെ കുറിച്ചു യാതൊരു വിവരവും ലഭ്യമായിട്ടില്ല.

പൂര്‍ണമായും മുങ്ങിപ്പോയ കപ്പല്‍ ഉയര്‍ത്തിയെടുക്കാനുള്ള ശ്രമം ഇതുവരെ വിജയം കണ്ടിട്ടില്ല. വെള്ളവും ചെളിയും കയറി കപ്പലിന്റെ ഭാരം ആയിരം ടണ്ണോളം വര്‍ധിച്ചതായാണ് നാവിക സേനാ അധികൃതര്‍ നല്‍കുന്ന വിവരം.

മുങ്ങിക്കപ്പല്‍ ഉയര്‍ത്താനുള്ള ശ്രമവും വിഫലമായിരിക്കുകയാണ്. ഇതിനുവേണ്ടി റഷ്യയുടെ സഹായം തേടിയേക്കുമെന്ന് നാവികസേനാ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

മൂന്ന് ഓഫീസര്‍മാരും 15 സെയിലര്‍മാരുമാണ് സിന്ധുരക്ഷകിനുള്ളിലുണ്ടായിരുന്നത്.

ദക്ഷിണ മുംബൈയിലെ കപ്പല്‍ശാലയില്‍ നങ്കൂരമിട്ടിരുന്ന മുങ്ങിക്കപ്പലില്‍ ചൊവ്വാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് പൊട്ടിത്തെറിയുണ്ടായത്. തുടര്‍ന്ന് വലിയ സ്‌ഫോടന ശബ്ദവം തീപിടിത്തവുമുണ്ടാവുകയായിരുന്നു.

We use cookies to give you the best possible experience. Learn more