കൊച്ചി: മാലദ്വീപില്‍ നിന്ന് പ്രവാസികളുമായി മടങ്ങിയ ജലാശ്വ കപ്പല്‍ കൊച്ചി തീരത്തെത്തി. കപ്പലില്‍ ആകെയുണ്ടായിരുന്ന 698 യാത്രക്കാരില്‍ 440 പേര്‍ മലയാളികളാണ്.
595 പുരുഷന്മാരും, 103 സ്ത്രീകളുമാണ് കപ്പലിലുള്ളത്. പത്തു വയസ്സില്‍ താഴെയുള്ള 14 കുട്ടികളും, 18 ഗര്‍ഭിണികളും കപ്പലിലുണ്ട്്. നാവിക സേനയുടെ ഡോക്ടര്‍മാരും മാലദ്വീപ് മെഡിക്കല്‍ സംഘവും പരിശോധിച്ചതിന് ശേഷമാണ് യാത്രക്കാരെ കപ്പലിലേക്ക് കയറ്റിയത്.
മലയാളികളില്‍ എറണാകുളം ജില്ലയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ പേരുള്ളത്. 175 പേരാണ് എറണാകുളത്തു നിന്നുമാത്രമുള്ളത്. തിരുവനന്തപുരം ജില്ലയില്‍ നിന്ന് 48 പേര്‍, കൊല്ലത്തുനിന്ന് 33 പേര്‍, പത്തനംതിട്ടയില്‍ നിന്ന് 23, ഇടുക്കി-14, കോട്ടയം-35, പാലക്കാട്-33, മലപ്പുറം-9, കോഴിക്കോട്-21, കണ്ണൂര്‍-39 കാസര്‍ഗോഡ്-10 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ നിന്നുള്ള യാത്രക്കാര്‍.
20 സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കപ്പലിലുണ്ട്. മലയാളികള്‍ കഴിഞ്ഞാല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ് കൂടുതല്‍. 137 പേരാണ് തമിഴ്‌നാട്ടില്‍ നിന്നുമുള്ളത്.
36 മണിക്കൂര്‍ നീണ്ട യാത്രക്കൊടുവിലാണ് കപ്പല്‍ കൊച്ചിയിലെത്തിയത്. കഴിഞ്ഞ ദിവസമാണ് കപ്പല്‍ മാലദ്വീപില്‍ നിന്നും യാത്ര പുറപ്പെട്ടത്.
ഇന്ത്യന്‍ നാവിക സേനയുടെ നേതൃത്വത്തില്‍ കടല്‍ മാര്‍ഗം പ്രവാസികളെ മടക്കി കൊണ്ടു വരുന്നതിന് ആവിഷ്‌കരിച്ച ഓപ്പറേഷന്‍ സമുദ്ര സേതുവിന്റെ ഭാഗമായ ആദ്യ കപ്പലാണ് ജലാശ്വ.
ഐ.എന്‍.എസ് ജലാശ്വക്ക് പുറമെ ഐ.എന്‍.എസ് മഗര്‍ കപ്പലും പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി മാലദ്വീപില്‍ എത്തിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.