ന്യൂദല്‍ഹി: ചൈനയുള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലെ കമ്പനികള്‍ ഉടമസ്ഥരായിരിക്കുകയോ അല്ലെങ്കില്‍ സാമ്പത്തിക സഹായ ദാതാക്കളോ ആയുള്ള വാര്‍ത്താ വെബ്‌സൈറ്റുകളും വിവിധ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ സമാഹരിച്ചു നല്‍കുന്ന അപ്ലിക്കേഷനുകളും (ന്യൂസ് അഗ്രിഗേറ്റേഴ്‌സ്) നിരോധിക്കണമെന്ന് ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവദേക്കര്‍, ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ് എന്നിവര്‍ക്കയച്ച കത്തിലാണ് ഐ.എന്‍.എസ് അധ്യക്ഷന്‍ ലൈശേഷ് ഗുപ്ത ഈയാവശ്യമുന്നയിച്ചത്.
ഡെയ്‌ലിഹണ്ട് എന്ന ന്യൂസ് അഗ്രിഗേറ്ററിന്റെ ഭൂരിഭാഗം ഓഹരിയുടമകളും വിദേശകമ്പനികളാണെന്നും നിരോധിച്ച ചൈനീസ് ആപ്പായ ടിക്ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സും ഇതിലുള്‍പ്പെടുന്നെന്നും ഇത്തരം നിക്ഷേപങ്ങളൊന്നും നേരിട്ടുള്ള വിദേശനിക്ഷേപ പരിധി പാലിക്കുന്നില്ലെന്നുമാണ് ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി പറയുന്നത്.
രാജ്യസുരക്ഷയ്ക്ക് കാര്യമായ ഭീഷണിയുയര്‍ത്തുന്നവയാണ് ഇവയെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. ഈ ആപ്പുകളുടെ സത്യസന്ധത അവയുടെ ഉടമസ്ഥതയെ ആശ്രയിച്ചിരിക്കുമെന്നും പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കങ്ങളില്‍ നിക്ഷിപ്തതാത്പര്യം പ്രതിഫലിക്കുമെന്നും കത്തില്‍ പറയുന്നു.
ചൈന ഇന്ത്യയിലെ വാര്‍ത്താ വിതരണ രംഗത്ത് കൈകടത്താന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തില്‍ ചൈനയുടെ നിലപാടിന് അനുസൃതമായി കാണിക്കുന്ന ഭൂപടങ്ങള്‍ പത്രപരസ്യങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കാന്‍ ചൈന ശ്രമിച്ചിട്ടുണ്ടെന്നും ഐ.എന്‍.എസ് കത്തില്‍ ചൂണ്ടിക്കാട്ടി.
ടിക് ടോക്ക് അടക്കമുള്ള ചൈനീസ് നിര്‍മ്മിതമായ മൊബൈല്‍ ആപ്പുകള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ കരസേന ഉദ്യോഗസ്ഥരോട് 89 ആപ്പുകള്‍ മൊബൈലില്‍നിന്നും നീക്കം ചെയ്യാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള്‍, പബ്ജി അടക്കമുള്ള മൊബൈല്‍ ഗെയിമുകള്‍, ടിന്‍ഡര്‍ പോലുള്ള 15 ഡേറ്റിങ് ആപ്പുകള്‍, ട്രൂകോളര്‍, വാര്‍ത്താധിഷ്ഠിത പ്ലാറ്റ്‌ഫോമായ ഡെയ്‌ലി ഹണ്ട് തുടങ്ങിയ ആപ്പുകള്‍ ഒഴിവാക്കാനാണ് നിര്‍ദ്ദേശം.
സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നാണ് വിശദീകരണം. വിവരച്ചോര്‍ച്ച തടയുന്നതിന് സൈനികര്‍ ഈ ആപ്പുകള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.
ജൂലൈ 15നകം ഈ ആപ്പുകളിലെ അക്കൗണ്ട് ഉപേക്ഷിച്ച് മൊബൈലില്‍നിന്നും ഒഴിവാക്കാനാണ് കരസേന ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. ചൈനീസ് ആപ്പുകള്‍ക്ക് പുറമെ മറ്റ് രാജ്യങ്ങളില്‍ നിര്‍മ്മിച്ചിട്ടുള്ള ആപ്പുകളെയും ഉള്‍പ്പെടുത്തിയാണ് തീരുമാനം.
2019 നവംബറില്‍ വാട്സ് ആപ്പിലൂടെ ഔദ്യോഗിക വിവരങ്ങള്‍ കൈമാറരുതെന്ന് കരസേന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഫേസ്ബുക്കിന്റെ ഉപയോഗത്തിന് നേരത്തെ നാവിക സേനയും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഒരുമിച്ച് ഇത്രയധികം ആപ്പുകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നത് ഇത് ആദ്യമായാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ