| Monday, 3rd June 2024, 3:26 pm

മെസിയെക്കാളും എംബാപ്പയെക്കാളും മികച്ച താരം അവനാണ്, വൈകാതെ അവൻ ബാലൺ ഡി ഓർ നേടും: പ്രശംസയുമായി കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ബാഴ്‌സലോണയുടെ യുവതാരം ലാമിനെ യമാലിനെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് യൂത്ത് ഐക്കണ്‍ പരിശീലകന്‍ ഇന്നസെന്റ് ഡയസ്. ഇതിഹാസതാരം ലയണല്‍ മെസിയേക്കാളും ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയെക്കാളും മികച്ച താരമാവാന്‍ യമാലിന് സാധിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും മെസിയുടെയും മികവ് കൂടിച്ചേര്‍ന്ന താരമാണ് യമാല്‍ എന്നുമാണ് ഇന്നസെന്റ് പറഞ്ഞത്. സ്‌പോര്‍ട്ടിലൂടെയാണ് യമാലിനെ കുറിച്ചുള്ള തന്റെ അഭിപ്രായം യൂത്ത് ഐക്കണ്‍ കോച്ച് പറഞ്ഞത്.

‘ആറ് വര്‍ഷത്തിനുള്ളില്‍ യാമിനെ യമാല്‍ ബാലണ്‍ ഡി ഓര്‍ നേടും. ലയണല്‍ മെസിയേക്കാള്‍ മികച്ച താരമാണ് അവന്‍. റൊണാള്‍ഡോയെയും മെസ്സിയെയും അനുസ്മയിപ്പിക്കുന്ന ഒരു മികവ് അവനുണ്ട്. വെറും 16 വയസ്സില്‍ അവന്‍ ഇത്രയധികം മികച്ചു നില്‍ക്കുന്നത് അസാധാരണമാണ്. ഇപ്പോഴുള്ള ബാഴ്‌സലോണ ടീം മുന്‍ വര്‍ഷങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാണ്. ലാമിന്‍ ഇതില്‍ നിന്നും വളരെയധികം വേറിട്ട് നില്‍ക്കുന്നുണ്ട്.

കിലിയന്‍ എംബാപ്പെയും അവനെതിരെ മത്സരിക്കേണ്ടിവരും. എംബാപ്പെയെക്കാള്‍ മികച്ച താരമാണ് ലാമിന്‍. ഫ്രഞ്ച് താരത്തിന് ഒരുപാട് പബ്ലിസിറ്റി ലഭിക്കും കാരണം അവന്‍ വൈകാതെ റയല്‍ മാഡ്രിഡില്‍ ചെയ്യും. എന്നാല്‍ ഫുട്‌ബോളിന്റെ ഭാവി ലാമിനെ യമാലിലൂടെ നമുക്ക് കാണാന്‍ സാധിക്കും,’ ഇന്നസെന്റ് ഡയസ് പറഞ്ഞു.

ഈ സീസണില്‍ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണക്കായി 50 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ യമാല്‍ ഏഴ് ഗോളുകളും പത്ത് അസിസ്റ്റുകളും നേടിയിട്ടുണ്ട്. വരാനിരിക്കുന്ന യൂറോ യോഗ്യത മത്സരങ്ങള്‍ക്കായുള്ള സ്‌പെയിന്‍ ദേശീയ ടീമിന് വേണ്ടിയും യമാല്‍ അരങ്ങേറ്റം കുറിച്ചിരുന്നു.

യൂറോ ക്വാളിഫയറില്‍ നാല് മത്സരങ്ങളില്‍ ആണ് സ്പാനിഷ് ടീമിനുവേണ്ടി യമാല്‍ കളിച്ചിട്ടുള്ളത് ഇതില്‍ രണ്ടു ഗോളുകള്‍ നേടാനും ബാഴ്‌സലോണ താരത്തിന് സാധിച്ചിട്ടുണ്ട്.

അതേസമയം ഈ സീസണില്‍ സാവിയുടെ കീഴില്‍ സ്പാനിഷ് ലീഗില്‍ 38 മത്സരങ്ങളില്‍ നിന്നും 26 വിജയവും ഏഴ് സമനിലയും അഞ്ച് തോല്‍വിയും അടക്കം 85 പോയിന്റുമായി രണ്ടാം സ്ഥാനത്തായിരുന്നു കറ്റാലന്‍ പട ഫിനിഷ് ചെയ്തിരുന്നത്.

Content Highlight: Innocente Diaz Praises Lamine Yamal

We use cookies to give you the best possible experience. Learn more