| Wednesday, 7th June 2017, 4:11 pm

എന്നാലുമെന്റെ മന്ത്രീ, നാല് ദിവസം കൊണ്ട് ഞങ്ങള്‍ പഠിച്ച് അവതരിപ്പിച്ച പ്രശ്‌നത്തിന് ഒരു മിനുട്ട് കൊണ്ട് പരിഹാരം കണ്ടല്ലേ; നിരാശയുണ്ട്; തോമസ് ഐസകിനോട് ഇന്നസെന്റ്; ചിരിയടക്കാനാവാതെ മന്ത്രിയുടെ ഓഫീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കുമ്പോള്‍ സിനിമാ മേഖലയിലുണ്ടാകുന്ന പ്രതിസന്ധി ധനമന്ത്രി തോമസ് ഐസകിനെ ബോധിപ്പിക്കാനെത്തിയ സിനിമാപ്രവര്‍ത്തകരെ ഞെട്ടിച്ചുകൊണ്ട് വിഷയത്തില്‍ മിനുട്ടുകള്‍ക്കുള്ളില്‍ പരിഹാരം കണ്ട് മന്ത്രിയുടെ നടപടി.

ജി.എസ്.ടി ചുമത്തുമ്പോള്‍ സിനിമാ മേഖലയ്ക്ക് 28 ശതമാനം അധികനികുതി അടയ്ക്കേണ്ടിവരും. ഇതിനുപുറമേയാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ട വിനോദ നികുതി. ഇതു രണ്ടുംകൂടിയാകുമ്പോള്‍ 40 ശതമാനത്തിന് മുകളില്‍ ഒരു സിനിമയ്ക്ക് നികുതി അടയ്ക്കേണ്ടിവരും. ഇത് സിനിമാ മേഖലയ്ക്ക് കനത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നായിരുന്നു സിനിമാക്കാര്‍ മന്ത്രിയെ അറിയിച്ചത്.


Dont Miss കര്‍ഷകര്‍ക്കതിരെ തോക്കെടുക്കുന്നതിന്റെ പ്രത്യാഘാതം ഗുരുതരമാകുമെന്ന് പിണറായി: അവര്‍ക്ക് ജീവിക്കാനുള്ള സാഹചര്യമാണുണ്ടാകേണ്ടത്


ഒട്ടും ആലോചിക്കാതെ മന്ത്രിയുടെ മറുപടി വന്നു. “ഇരട്ട നികുതിവേണ്ട, വിനോദനികുതി ഒഴിവാക്കിത്തരാം. പഞ്ചായത്തുകള്‍ക്കുള്ള വിഹിതം സര്‍ക്കാര്‍ കൊടുത്തോളാം”. ഒട്ടും ആലോചിക്കാതെയുള്ള മന്ത്രിയുടെ മറുപടി ശരിക്കും സിനിമാ താരങ്ങളെ ഞെട്ടിച്ചുകളഞ്ഞു.

ഇതിനിടയിലാണ് ഇന്നസെന്റ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ തമാശ പുറത്തെടുത്തത്. “ഞങ്ങള്‍ വളരെ നിരാശരാണ് മന്ത്രി”. നാലുദിവസംകൊണ്ടാണ് ജി.എസ്.ടി എന്താണെന്നും അത് എങ്ങനെ സിനിമാ മേഖലയെ ബാധിക്കുന്നതെന്നും ഞങ്ങള്‍ പഠിച്ചത്.
അതിന് ഒറ്റ മിനുട്ടുകൊണ്ട് പരിഹാരം കണ്ടില്ലേ. നിരാശയുണ്ട്”. ഇന്നസെന്റിന്റെ മറുപടി കേട്ട് ചിരിയടക്കാനാതെ നില്‍ക്കുകയായിരുന്നു മന്ത്രിയും ഓഫീസിലെ ഉദ്യോഗസ്ഥരും.

രാഷ്ട്രീയക്കാര്‍ എന്നതിലുപരി തോമസ് ഐസക്കും ഇന്നസെന്റും ഉറ്റ സുഹൃത്തുക്കളാണ്. “ഇന്നസെന്റ് ചേട്ടന്‍” എന്നാണ് അദ്ദേഹം നടനെ സ്നേഹപൂര്‍വം വിളിക്കുന്നത്. ഇന്നസെന്റിന് തിരിച്ച് അങ്ങോട്ടും ചേട്ടന്‍ എന്നുചേര്‍ത്ത് തന്നെയാണ് വിളിക്കുന്നത്. മന്ത്രിയും എംപിയുമൊന്നും ആയതുകൊണ്ടല്ല, ഞങ്ങള്‍ നല്ല ക്രിസ്ത്യാനികള്‍ ആയതുകൊണ്ടാണ്” എന്നാണ് ഇന്നെസന്റ് പറയുന്നത്.

ഇന്നസെന്റും എം.എല്‍.എ കൂടിയായ മുകേഷും നടനും തീയറ്റര്‍ ഉടമകളുടെ അസോസിയേഷന്‍ നേതാവായ ദിലീപും നടനും നിര്‍മാതാക്കളായ മണിയന്‍പിള്ള രാജുവും സുരേഷ്‌കുമാറുമായിരുന്നു മന്ത്രിയെ കാണാനായി എത്തിയത്.

ഇന്ത്യയില്‍ ആദ്യമായാണ് ഒരു ധനമന്ത്രി ചലച്ചിത്രപ്രവര്‍ത്തകരുടെ പ്രശ്നത്തിന് ഒറ്റ മിനുട്ടുകൊണ്ട് പരിഹാരം കണ്ടതെന്ന് ഇന്നസെന്റും മുകേഷും ദിലീപും മാധ്യമങ്ങളോട് പറഞ്ഞു.

ഒരു സിനിമ തീയറ്ററിലെത്തിക്കുന്നതിന് 28 ശതമാനം ജിഎസ്ടി ഒടുക്കണം. അതേസമയം സിനിമ പരാജയപ്പെട്ടാല്‍ എന്തുചെയ്യും എന്ന ചോദ്യത്തിനും മന്ത്രി ഉത്തരം നല്‍കി. പരാജയപ്പെട്ട സിനിമയ്ക്ക് ഒടുക്കിയ നികുതി അടുത്ത സിനിമയിലേക്ക് വകവയ്ക്കാമെന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്.

Latest Stories

We use cookies to give you the best possible experience. Learn more