| Monday, 14th June 2021, 12:13 pm

കാബൂളിവാലയിലെ കന്നാസിന്റെ വേഷം ആദ്യം ജഗതി നിരസിച്ചു; തുറന്നുപറഞ്ഞ് ഇന്നസെന്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിദ്ദീഖ്-ലാലിന്റെ സംവിധാനത്തില്‍ 1994 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കാബൂളിവാല. ജഗതി ശ്രീകുമാറും ഇന്നസെന്റും കന്നാസും കടലാസുമായി തകര്‍ത്താടിയ ചിത്രം കൂടിയാണിത്.

വിനീത് നായകനായെത്തിയ ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ള കഥാപാത്രങ്ങളായാണ് ഇന്നസന്റും ജഗതിയും കന്നാസും കടലാസുമായി എത്തിയത്.

ഇപ്പോഴിതാ ചിത്രത്തില്‍ കടലാസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആദ്യം ജഗതി ശ്രീകുമാറിന് സമ്മതമായിരുന്നില്ലെന്ന് പറയുകയാണ് നടന്‍ ഇന്നസെന്റ്. അമൃത ടിവിയിലെ ഒരു പരിപാടിക്കിടെയായിരുന്നു ഇന്നസെന്റ് മനസ്സുതുറന്നത്.

‘ആ സിനിമയുടെ തുടക്ക കാലഘട്ടത്തില്‍ ഇങ്ങനൊരു കഥാപാത്രം ചെയ്യണമെന്ന് പറഞ്ഞത് സിദ്ദീഖ്-ലാലാണ്. അതില്‍ കടലാസിന്റെ കഥാപാത്രം ചെയ്യുന്നത് ജഗതി ശ്രീകുമാറാണ്. അവര്‍ എല്ലാം റെഡിയാക്കി വെച്ച്, ജഗതിയോട് കാര്യം പറഞ്ഞു. അപ്പോള്‍ ജഗതി ശ്രീകുമാര്‍ പറഞ്ഞു, തനിക്ക് അത് പറ്റില്ലെന്നും വേറെ കുറച്ച് തിരക്കുകള്‍ ഉണ്ടെന്നും. അങ്ങനെയാണെങ്കില്‍ നമുക്ക് ഇനി ഇത് നീട്ടാന്‍ പറ്റില്ല. നമ്മള്‍ ഈ സിനിമ ചെയ്യുമെന്ന് സിദ്ദീഖ്-ലാല്‍ പറഞ്ഞു. അതില്‍ കന്നാസ് നിങ്ങള്‍ തന്നെയാണെന്ന് എന്നോട് പറഞ്ഞു. കടലാസിന് പകരം ഒരാളെ മനസ്സില്‍ കാണുന്നുണ്ട് എന്നു പറഞ്ഞു.പക്ഷെ അതിനു മുമ്പ് അവസാനമായി ഇന്നസെന്റ് ചേട്ടന്‍ ജഗതി ശ്രീകുമാറിനോട് ഒന്ന് സംസാരിക്കണം. ഇത്രയും നല്ല കഥാപാത്രമാണെന്ന് പറയണമെന്ന് സിദ്ദീഖ് ലാല്‍ പറഞ്ഞു’, ഇന്നസെന്റ് പറയുന്നു.

നിങ്ങളല്ലെ സംവിധായകര്‍. അപ്പോള്‍ നിങ്ങളല്ലെ ജഗതിയോട് ഇക്കാര്യം പറയേണ്ടതെന്നാണ് താന്‍ അവരോട് പറഞ്ഞതെന്നും ഇന്നസെന്റ് പറഞ്ഞു. എന്നാല്‍ അവര്‍ക്ക് ഒരു വിശ്വാസമുണ്ടായിരുന്നു.

ഇന്നസെന്റിനോട് വാക്ക് പറഞ്ഞാല്‍ ജഗതി ചേട്ടന്‍ പിന്‍മാറില്ലെന്ന്. അതുകൊണ്ടാണ് അവര്‍ ഇക്കാര്യം ജഗതിയോട് പറയാന്‍ തന്നെ ഏല്‍പ്പിച്ചതെന്നും ഇന്നസെന്റ് പറയുന്നു.

‘അങ്ങനെ ഞാന്‍ ജഗതിയോട് കാര്യം പറഞ്ഞു. നമ്മുടെ ജീവിതത്തിലൊരിക്കലും ഇനി ഇതുപോലൊരു കഥാപാത്രം ചെയ്യാന്‍ പറ്റില്ല. ഒരു ചാക്കും തോളിലിട്ട്, ഒരു മുഷിഞ്ഞ ഷര്‍ട്ടും, ധരിച്ച് ഈ പ്രായത്തില്‍ നടക്കാന്‍ പറ്റുമോ?. ഇങ്ങനെയൊരു കഥയും ഇനി കിട്ടില്ല എന്ന് ഞാന്‍ ജഗതിയോട് പറഞ്ഞു. അപ്പോഴാണ് ജഗതി പറയുന്നത്, ദുബായില്‍ എന്തോ പ്രോഗ്രാം ഏറ്റു പോയെന്നും അതുകഴിഞ്ഞ് വന്ന് സിനിമ ചെയ്യാമെന്നും. ഉടനെ ഞാന്‍ പറഞ്ഞു. നീ പറ, നിനക്ക് ചെയ്യാന്‍ പറ്റുമോ? ഇല്ലെങ്കില്‍ ഇല്ല എന്ന് പറയണം. വേറെ ആള്‍ ഈ റോള്‍ ചെയ്യും. ഞാന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ ജഗതിയ്ക്ക് മനസ്സിലായി. ഈ റോള്‍ അവന്‍ ചെയ്യേണ്ടതാണ്. അതല്ലെങ്കില്‍ ഇങ്ങനെ പറയില്ല എന്ന്. അങ്ങനെ ജഗതി ശ്രീകുമാര്‍ എനിക്ക് വാക്കു തന്നു. ഈ കഥാപാത്രം ചെയ്യാമെന്ന്,’ ഇന്നസെന്റ് പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Innocent Talks About The Character Of Jagathy Sreekumar In Kabulivala Movie

Latest Stories

We use cookies to give you the best possible experience. Learn more