| Wednesday, 13th March 2019, 11:16 am

സിനിമാ നടനല്ല, സഖാവാണ്; അരിവാള്‍ ചുറ്റിക കിട്ടിയതില്‍ അഭിമാനമെന്നും ഇന്നസെന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചാലക്കുടി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അരിവാള്‍ ചുറ്റിക ചിഹ്നത്തില്‍ മത്സരിക്കാന്‍ അവസരം കിട്ടിയതില്‍ അഭിമാനവും സന്തോഷവും തോന്നുന്നുവെന്ന് ഇന്നസെന്റ്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് സിനിമാ നടനായാണെങ്കില്‍ ഇത്തവണ മത്സരത്തിനിറങ്ങുന്നത് സഖാവായാണെന്ന് ഇന്നസെന്റ് പറഞ്ഞു.

കഴിഞ്ഞ തവണ കുടമായിരുന്നു ചിഹ്നം. അപ്പോള്‍ അരിവാള്‍ ചുറ്റികയെ നോക്കി താന്‍ വിലപിച്ചിരുന്നു. എന്നാണ് അത് എന്റെ അടുക്കലേക്ക് വരിക എന്ന് ഓര്‍ത്ത്. അത് തനിക്ക് വേണമെന്ന് ആഗ്രഹിച്ചിരുന്നു. അതും എന്റെ അടുക്കലേക്ക് വന്നു. തികഞ്ഞ സന്തോഷം തോന്നുന്നു.- തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ ഇന്നസെന്റ് പറഞ്ഞു.


ആലപ്പുഴയില്‍ എം.എ ആരിഫ് ജയിച്ചിട്ടില്ലെങ്കില്‍ തലമൊട്ടയടിച്ച് കാശിക്ക് പോകും: കോണ്‍ഗ്രസ് ഏഴയലത്ത് എത്തില്ലെന്നും വെള്ളാപ്പള്ളി


കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 1750 കോടി രൂപയുടെ വികസന പദ്ധതികള്‍ ചാലക്കുടിയില്‍ നടപ്പാക്കിയിട്ടുണ്ടെന്ന് ആവര്‍ത്തിച്ചാണ് ഇന്നസെന്റ് വോട്ട് ചോദിക്കുന്നത്. 5001 പേരടങ്ങിയ വര്‍ക്കിംഗ് ഗ്രൂപ്പിനെയാണ് ഇന്നസെന്റിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ചാലക്കുടി മണ്ഡലത്തില്‍ ഇടത് മുന്നണി നിയോഗിച്ചിട്ടുള്ളത്.

മണ്ഡലത്തില്‍ എം.പി എന്ന നിലയില്‍ ഇന്നസെന്റിന്റെ പ്രവര്‍ത്തനങ്ങളെ എതിരാളികള്‍ വിമര്‍ശിക്കുമ്പോള്‍ ചാലക്കുടി മണ്ഡലത്തിലെ വികസന തുടര്‍ച്ചക്ക് ഇന്നസെന്റിനെ വിജയിപ്പിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത നേതാക്കള്‍ ആവശ്യപ്പെടുന്നത്.

ലോക്‌സഭയിലേക്കുള്ള തന്റെ രണ്ടാം അങ്കത്തിന് മുന്‍പത്തേക്കാളേറെ അത്മവിശ്വാസത്തോടെയാണ് ഇന്നസെന്റ് കച്ചമുറുക്കിയിരിക്കുന്നത്. അങ്കമാലിയില്‍ നടന്ന ആദ്യ കണ്‍വെന്‍ഷനില്‍ ഇതുപക്ഷ മുന്നണി നേതാക്കള്‍ക്ക് പുറമേ മന്ത്രിമാരുടെയും സാന്നിധ്യം ശ്രദ്ധേയമായിരുന്നു.

2014 ല്‍ എല്‍.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഇന്നസെന്റ് 3,58,440 വോട്ടുകള്‍ നേടി തൊട്ടടുത്ത സ്ഥാനാര്‍ത്ഥി പി.സി ചാക്കോയെ 13,884 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തോല്‍പ്പിച്ചത്.

2019 ഫെബ്രുവരിയിലെ കണക്ക് അനുസരിച്ചു 98% ഫണ്ടും വിവിധ പദ്ധതികള്‍ക്ക് ഇന്നസെന്റ് എം.പി മണ്ഡലത്തില്‍ ഉപയോഗിച്ചു. നിലവിലെ നിര്‍മ്മാണത്തില്‍ ഇരിക്കുന്ന പദ്ധതികള്‍ കൂടി പൂര്‍ത്തിയാവുമ്പോള്‍ 100% എംപി ഫണ്ട് വിനിയോഗിച്ച എം.പി എന്ന ബഹുമതിയുമായാണ് ഇന്നസെന്റ് വീണ്ടും ജനവിധി തേടുന്നത്. 1750 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടപ്പാക്കിയിരുന്നുവെന്നാണ് ഇന്നസെന്റ് കഴിഞ്ഞ ദിവസം പറഞ്ഞത്.

We use cookies to give you the best possible experience. Learn more