മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യതാരമാണ് ഇന്നസെന്റ്. തന്റേ എല്ലാ വിശേഷങ്ങളും ആരാധകര്‍ക്കൊപ്പം പങ്കുവെക്കാന്‍ താരം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. തന്റെ സിനിമാ അഭിനയ ജീവിതത്തിന്റെ തുടക്കകാലത്തെ കുറിച്ചും തന്റെ കുടുംബത്തെ കുറിച്ചുമെല്ലാം താരം സംസാരിക്കാറുണ്ട്.
ഇപ്പോഴിതാ ട്വന്റി ട്വന്റി സിനിമ നിര്‍മിച്ചതിന് പിന്നിലുണ്ടായ കാര്യങ്ങളെ കുറിച്ചും അമ്മയില്‍ പ്രസിഡന്റായിരുന്നതിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ഇന്നസെന്റ്.
കൗമുദി മൂവിസില്‍ സംപ്രേഷണം ചെയ്യുന്ന ഇന്നസെന്റ് കഥകള്‍ എന്ന പരിപാടിയിലാണ് താരം മനസുതുറക്കുന്നത്.
അമ്മ സംഘടനയില്‍ പ്രസിഡന്റായിരുന്നത് തന്റെ ഭാര്യക്ക് ഇഷ്ടമല്ലായിരുന്നെന്നും അതിന്റെ പേരില്‍ ഇടവേള ബാബുവുമായി പ്രശ്‌നമുണ്ടായിരുന്നുവെന്നും താരം പറയുന്നു.
‘അമ്മ എന്ന സംഘടനയില്‍ 18 വര്‍ഷമാണ് പ്രസിഡന്റായിട്ട് ഞാനുണ്ടായിരുന്നത്. ഇടവേള ബാബു ആണ് സെക്രട്ടറി, മെയിന്‍ സെക്രട്ടറി മോഹന്‍ലാലാണ്. പ്രസിഡന്റ് സ്ഥാനത്ത് ഞാന്‍ ഇരിക്കുന്നത് എന്റെ ഭാര്യ ആലീസിന് ഇഷ്ടമായിരുന്നില്ല. മൂന്ന് വര്‍ഷത്തോളം തുടര്‍ച്ചയായി ഞാന്‍ ആ പദവി വഹിച്ചു.
അങ്ങനെ പുതിയ തെരഞ്ഞെടുപ്പ് വന്നു. അന്ന് അമ്മയുടെ മീറ്റിങിന് പോകാനിറങ്ങുമ്പോള്‍ ആലീസ് എന്നോട് പറഞ്ഞത് ഇനി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കരുത് എന്നാണ്. മറ്റുള്ളവരും ആ സ്ഥാനം അലങ്കരിക്കട്ടെ എന്ന പക്ഷമായിരുന്നു ആലീസിന്. ഞാനും അത് ശരിവെച്ച് മത്സരിക്കില്ലെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. അമ്മയുടെ ഓഫീസിലെത്തിയപ്പോഴേക്കും എല്ലാവരും കൂടെ തെരഞ്ഞെടുപ്പ് പോലും നടത്താതെ എന്നെ വീണ്ടും പ്രസിഡന്റാക്കി.
ഞാന്‍ തിരികെ വീട്ടിലെത്തി, ഒപ്പം ഇടവേള ബാബുവും ഉണ്ടായിരുന്നു. വീട്ടില്‍ എത്തിയതും ഇടവേള ബാബു ആലീസിനോട് പറഞ്ഞു. ഞാന്‍ വീണ്ടും പ്രസിഡന്റായി എന്ന് ഇടവേള ബാബു പറഞ്ഞതും അവള്‍ എന്നെ നോക്കിയ നോട്ടം കണ്ട് അവന്‍ പേടിച്ചോടി. ആ വഴിക്ക് പിന്നെ അവന്‍ വന്നിട്ടില്ല. ഞാന്‍ ഒരു അധികാരമോഹിയാണെന്ന് വരെ ആലീസ് പറഞ്ഞു,’ ഇന്നസെന്റ് പറയുന്നു.
അമ്മ സംഘടന ട്വന്റി ട്വന്റി എന്ന പേരില്‍ സിനിമ നിര്‍മിച്ചതിനെ കുറിച്ചും ഇന്നസെന്റ് സംസാരിച്ചു.
‘ഒരാളുടെ സിനിമ ഇറങ്ങുന്ന സമയത്ത് മറ്റൊരു നടനും ആ സിനിമ നന്നായിട്ട് ഓടുമെന്ന് ചിന്തിക്കില്ല. അമ്മയിലെ മുതിര്‍ന്ന അംഗങ്ങളെ സഹായിക്കുന്നതിന് പെന്‍ഷന്‍, ഇന്‍ഷൂറന്‍സ് പോലുള്ളവയുണ്ട്. അതിന് പണം കണ്ടെത്താന്‍ വേണ്ടിയാണ് കൂടിയാലോചിച്ച് ട്വന്റി ട്വന്റി എന്ന സിനിമ എടുത്തത്. ദിലീപാണ് നിര്‍മാണം ഏറ്റെടുത്തത്. മുന്‍നിര താരങ്ങളടക്കം നിരവധി പേര്‍ സിനിമയുടെ ഭാഗമായിട്ടുണ്ട്. എന്നാല്‍ താരങ്ങള്‍ക്ക് തമ്മില്‍ നല്ല ഈഗോയുണ്ട്. അതുകൊണ്ട് ഒരാള്‍ വരുമ്പോള്‍ മറ്റെയാള്‍ ഒഴിവ് പറഞ്ഞ് പിന്മാറുന്ന സ്ഥിതിയുണ്ടായി.
അങ്ങനെ ഷൂട്ടിങ് മുടങ്ങുമെന്ന സ്ഥിതിയായി. അന്ന് ആന്റണി പെരുമ്പാവൂര്‍ ചോദിച്ചിരുന്നു ദിലീപിന് ബുദ്ധിമുട്ടാണെങ്കില്‍ താന്‍ നിര്‍മിക്കാമെന്ന് പറഞ്ഞു, പക്ഷെ ദിലീപ് സമ്മതിച്ചില്ല. അന്ന് ഷൂട്ടിങ് മുടങ്ങുമെന്ന് ആയപ്പോള്‍ ഞാനാണ് മോഹന്‍ലാലിന്റെ പേര് പറഞ്ഞ് നടന്മാരെ വിരട്ടി ഷൂട്ടിങിനെത്തിച്ചത്. ഞാന്‍ എന്ത് ഐഡിയ ഉപയോഗിച്ചാണ് നടന്മാരെ ഒരുമിപ്പിച്ച് ഷൂട്ടിങിനെത്തിച്ചതെന്ന് ഇടവേള ബാബു പലവട്ടം ചോദിച്ചിരുന്നു,’ ഇന്നസെന്റ് പറയുന്നു.
Content Highlights: Innocent shares memory about Twenty 20 movie