| Thursday, 2nd February 2023, 7:44 pm

ഹനീഫയ്ക്കു കൊടുക്കാനായി നീട്ടിയ എന്റെ കൈ ആ അന്തരീക്ഷത്തിൽ തങ്ങിനിന്നു; ഇന്നസെന്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ സിനിമാ ജീവിതത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവെച്ച് ഇന്നസെന്റ്. കൊച്ചിൻ ഹനീഫയും മമ്മൂട്ടിയുമായി ഷൂട്ടിങ്ങിനിടയിലെ ഇടവേളകളിൽ ബൈബിളുമായി ബന്ധപ്പെട്ട് നടന്ന സംഭാഷണവും തമാശകളുമാണ് ഇന്നസെന്റ് പങ്കുവെക്കുന്നത്. ‘കാലന്റെ ദൽഹി യാത്ര അന്തിക്കാട് വഴി’ എന്ന പുസ്തകത്തിലൂടെയാണ് കുറിപ്പ് പങ്കുവെച്ചത്.

രണ്ടു ഷോട്ടുകൾക്കിടയിലാണ് ഞങ്ങൾ സിനിമാനടന്മാർക്കിടയിലെ തമാശകളും സൗഹൃദങ്ങളുമെല്ലാം പൂക്കുന്നത്. രാവിലെമുതൽ പാതിരാവ് കഴിയുന്നതുവരെ നീളുന്ന ഷൂട്ടിങ്ങിനിടയിൽ ഇവ വലിയ ആശ്വാസമാണ് തരിക. ഒന്നോർത്താൽ എത്രയെത്ര രസകരമായ നിമിഷങ്ങളാണ് 30 വർഷത്തിലധികം നീണ്ട സിനിമാജീവിതത്തിൽ കടന്നുപോയിട്ടുള്ളത്!

ഏതു സിനിമയാണെന്ന് ഓർമയില്ല. എനിക്കു പുറമേ മമ്മൂട്ടി, കൊച്ചിൻ ഹനീഫ, മനോജ് കെ. ജയൻ എന്നിവരുണ്ട്. ചിത്രീകരണത്തിനിടെ വീണുകിട്ടുന്ന നിമിഷങ്ങൾ ഞങ്ങൾ ഒരുപാടു കാര്യങ്ങൾ ചർച്ച ചെയ്തും, പരസ്പരവും സ്വയവും പരിഹസിച്ചും ആഘോഷിക്കും. ഒരു ദിവസം രാവിലെ, ഷൂട്ടിങ് തുടങ്ങുന്നതു കാത്ത് ഞങ്ങൾ ഒരിടത്ത് മാറിയിരിക്കുകയാണ്. പെട്ടെന്ന് മമ്മൂട്ടി ചോദിച്ചു:

‘ബൈബിൾ ഏതു ഭാഷയിലാണ് എഴുതിയതെന്ന് അറിയുമോ?’
ചോദ്യം കൊച്ചിൻ ഹനീഫയോടായിരുന്നു. ഹനീഫ പെട്ടെന്ന് മറുപടി പറഞ്ഞു:
‘അറിയില്ല.’
മനോജ് കെ. ജയനും അതുതന്നെ പറഞ്ഞു. ചോദ്യം പിന്നെ എന്റെനേർക്കു നീണ്ടു. കൂട്ടത്തിലെ ഏക സത്യക്രിസ്ത്യാനി ഞാനാണല്ലോ. അതുകൊണ്ട് ഞാൻ ഉത്തരം പറയാൻ ബാധ്യസ്ഥനാണ്. ഇതറിഞ്ഞുകൊണ്ട് മമ്മൂട്ടി എന്നെ തറപ്പിച്ച് നോക്കിയിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു:
‘എനിക്കറിയില്ല.’

അതു കേട്ടപ്പോൾ മനോജും ഹനീഫയും ഞെട്ടി. മമ്മൂട്ടി ഗൂഢമായി ചിരിച്ചു. ഞാൻ കൂസാതെയിരുന്നു.
അപ്പോൾ മമ്മൂട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു:
‘ബൈബിൾ എഴുതിയത് ഹീബ്രുഭാഷയിലാണ്.’

ഞാനൊഴികെ എല്ലാവരുടെയും മുഖത്ത് നിറഞ്ഞ അദ്ഭുതം. മമ്മൂട്ടി ഊറിച്ചിരിച്ചു. എനിക്ക് ഉത്തരം അറിയില്ലായിരുന്നു.

കൊച്ചിൻ ഹനീഫ എഴുന്നേറ്റ് മമ്മൂട്ടിക്ക് ഷെയ്ക്ക് ഹാൻഡ് കൊടുത്തു. വെറുതേയല്ല മമ്മൂക്കയ്ക്ക് മൂന്നു തവണ ദേശീയ അവാർഡ് കിട്ടിയത് എന്ന ഭാവം മുഖത്ത്. എന്നിട്ടും ഇത്തരം കാര്യങ്ങളും അറിഞ്ഞിരിക്കുന്നല്ലോ എന്ന് ഹനീഫ പറയാതെ പറഞ്ഞു. ക്രിസ്ത്യാനിയായിട്ടും എനിക്ക് ഇതറിയാത്തതിൽ എന്നെ കളിയാക്കി. അപ്പോൾ ഞാൻ പറഞ്ഞു:

‘ഹനീഫേ, ഹീബ്രുഭാഷയിലാണ് ബൈബിൾ എഴുതിയത് എന്നറിയുന്ന കുറച്ചുപേർ ഉണ്ടാകാം. എന്നാൽ, അവരെയൊന്നും ആർക്കും അറിയില്ല. ബൈബിൾ ഹീബ്രുഭാഷയിലാണ് എഴുതിയത് എന്ന കാര്യം അറിയാത്ത എന്നെ ഒരുവിധം മലയാളികൾക്കെല്ലാമറിയാം. അതാണതിന്റെ കളി…’

അതു പറഞ്ഞുതീർന്നപ്പോൾ നേരത്തേ മമ്മൂട്ടിയോടു തോന്നിയ അതേ ഭാവം ഹനീഫയുടെ മുഖത്ത് വീണ്ടും വിരിഞ്ഞു. ‘താനൊരു ഭയങ്കരൻതന്നെ’ എന്ന ഭാവം. അയാൾ എഴുന്നേറ്റ് എനിക്ക് ഷെയ്ക്ക് ഹാൻഡ് തരാൻ കൈ നീട്ടി. പെട്ടെന്ന് മമ്മൂട്ടി ഹനീഫയെ തറപ്പിച്ചു നോക്കി. ഹനീഫ പൊള്ളിയതുപോലെ കൈ പിൻവലിച്ചു. ഹനീഫയ്ക്കു കൊടുക്കാനായി നീട്ടിയ എന്റെ കൈ ആ അന്തരീക്ഷത്തിൽ തങ്ങിനിന്നു.

എനിക്ക് ഷെയ്ക്ക് ഹാൻഡ് തരാതെ എന്റെ ഹനീഫ നേരത്തേ പോയി. ലഭിക്കാതെപോയ ആ ഷെയ്ക്ക് ഹാൻഡിനെയോർത്ത് ഞാൻ ഇന്നും വേദനിക്കുന്നു. ജനപ്രതിനിധിയായും നടനായും എത്രയോ പേർക്ക് ഞാൻ ഇന്നു ദിവസവും ഷെയ്ക്ക് ഹാൻഡ് കൊടുക്കുന്നു. അപ്പോഴെല്ലാം ആ ആൾക്കൂട്ടത്തിൽ ഞാൻ വെറുതേ തിരയും, എന്റെ ഹനീഫയുടെ നീട്ടിപ്പിടിച്ച കൈ അക്കൂട്ടത്തിലെങ്ങാനുമുണ്ടോ? ഒരു ദിവസം പ്രിയപ്പെട്ട മമ്മൂട്ടിയോട് ഞാൻ ഇതു പറഞ്ഞു. അപ്പോൾ മമ്മൂട്ടി പറഞ്ഞു: ‘തനിക്ക് ഇപ്പോൾ ഒരു ഷെയ്ക്ക് ഹാൻഡ് പോരേ? അതു ഞാൻ തരാം.’

എന്നാൽ, എനിക്കത് പോരായിരുന്നു. ഞാനിപ്പോഴും വിശ്വസിക്കുന്നു, പാതിവഴിയിൽവെച്ചു പിൻവലിച്ച ഷെയ്ക്ക് ഹാൻഡുമായി ഹനീഫ സ്വർഗത്തിൽ എന്നെ കാത്തുനില്പുണ്ടാവും. (താൻ സ്വർഗത്തിലാണ് എത്തുക എന്ന കാര്യത്തിൽ എന്താണ് ഉറപ്പ് എന്നു നിങ്ങൾ ചോദിക്കുന്നത് ഞാൻ കേൾക്കുന്നുണ്ട്. എനിക്കുറപ്പാണ്, ഞാൻ സ്വർഗത്തിലാവും. ഇരുണ്ട വികാരങ്ങൾ മാത്രമുള്ള നരകത്തിന് എന്നെ സഹിക്കാൻ സാധിക്കുമെന്നു തോന്നുന്നില്ല.)

Content Highlight: Innocent shares funny experience with kochin haneefa

We use cookies to give you the best possible experience. Learn more