| Sunday, 16th October 2022, 5:00 pm

എന്നാലും സലീം കുമാറിന് ആ മരമൊന്ന് മാറ്റി പിടിക്കാമായിരുന്നു; പണം വാങ്ങി വിവാഹത്തിന് പോയ രസകരമായ അനുഭവം പങ്കുവെച്ച് ഇന്നസെന്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിവാഹങ്ങളില്‍ താരങ്ങള്‍ എത്തുന്നത് പതിവുകാഴ്ചയാണ്. വ്യക്തിപരമായ അടുപ്പം കൊണ്ടും പണം വാങ്ങിയും താരങ്ങള്‍ വിവാഹചടങ്ങുകളില്‍ ഓളമുണ്ടാക്കാന്‍ എത്താറുണ്ട്. അത്തരത്തില്‍ പണം വാങ്ങി വിവാഹത്തിന് പോയ രസകരമായ അനുഭവം പങ്കുവെക്കുകയാണ് ഇന്നസെന്റ്.

വ്യക്തിപരമായി യാതൊരു പരിചയവുമില്ലാത്ത ഒരാളുടെ കല്യാണത്തിന് പോകുകയും അവിടെ വെച്ച് വധുവിന്റെ പിതാവിനെ കുറിച്ച് പറഞ്ഞ കഥ സലീം കുമാര്‍ അതേ വേദിയില്‍ ഏറ്റുപറഞ്ഞതിനെകുറിച്ചുമാണ് ഇന്നസെന്റിന്റെ പരാമര്‍ശം.

‘ഒരു ദിവസം ഒരാളെന്നെ വിളിച്ചു. ‘ഇന്നസെന്റ് ചേട്ടനല്ലേ, സുഹൃത്തിന്റെ മകളുടെ വിവാഹമുണ്ടായിരുന്നു. ചേട്ടന്‍ വന്നാല്‍ ഒരു ഓളമായിരിക്കും’ എന്ന് പറഞ്ഞു. കല്യാണത്തിന് വരാന്‍ എനിക്ക് തന്നെ പരിചയമില്ലല്ലോ എന്ന് ഞാന്‍ തിരിച്ചുചോദിച്ചു. അയാളെന്നെ കണ്ടിട്ടുണ്ടെന്നും വന്നാല്‍ പൈസ തരാമെന്നും പറഞ്ഞു. അത് കേട്ടപ്പോള്‍ എനിക്കും ആവേശമായി. ചികിത്സക്ക് പൈസ ആവശ്യമുള്ള സമയമായിരുന്നു. സിനിമയും കുറവായിരുന്നു. ഞാന്‍ വരാമെന്നേറ്റു. കാശ് വാങ്ങി വിവാഹത്തിന് പോകുന്നത് ആദ്യമായിട്ടാണ്.

അന്ന് വൈകുന്നേരമാണ് കല്യാണം എന്ന് അയാള്‍ പറഞ്ഞു. ഇന്നത്തെ കല്യാണത്തിന് ഇന്നാണോ വിളിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ ‘ഇത് അങ്ങനത്തെ വിളിയല്ലല്ലോ, കാശ് തന്ന് വിളിക്കുന്നതല്ലേ’ എന്നായിരുന്നു അയാള്‍ മറുപടി പറഞ്ഞത്. ആ പാഠം അന്ന് ആ മനുഷ്യനാണ് എന്നെ പഠിപ്പിച്ചത്.

അങ്ങനെ അന്ന് വൈകീട്ട് ചാവക്കാട്ടേക്കെത്തി. ഹാളിലെത്തിയപാടെ ആള്‍ക്കാരൊക്കെ ചുറ്റും കൂടി സെല്‍ഫിയെടുക്കലും ബഹളവുമായി പൊതിഞ്ഞു. അതിനിടെ ജബ്ബാര്‍ എന്നൊരാള്‍ വന്ന് എന്നെ പരിചയപ്പെട്ടു. വധുവിന്റെ പിതാവാണ്.

അയാള്‍ വന്നിട്ട് എന്തെങ്കിലും രണ്ട് വാക്ക് സംസാരിക്കണം എന്ന് പറഞ്ഞു. ഞാന്‍ ആകെ ടെന്‍ഷനായി. അയാളെ എനിക്ക് പരിചയമില്ലല്ലോ.. ഞാന്‍ എന്ത് പറയണം എന്ന് ചോദിച്ചപ്പോള്‍ എന്തെങ്കിലും രണ്ടുവാക്ക് സംസാരിക്കണം എന്ന് ജബ്ബാര്‍ പറഞ്ഞു. ഞാന്‍ സ്റ്റേജില്‍ കയറി. രണ്ടും കല്‍പിച്ച് ഞാന്‍ അങ്ങ് പെടച്ചു.

‘പ്രിയമുള്ളവരേ, ഇന്ന് നടക്കുന്ന ഈ വിവാഹത്തിന് എന്നെ നേരത്തെ വിളിച്ചതല്ല. പലപ്രാവശ്യം ജബ്ബാര്‍ എന്നെ അന്വേഷിച്ച് വന്നെങ്കിലും സിനിമാ തിരക്കുകള്‍ കാരണം കാണാന്‍ കഴിഞ്ഞില്ല. ഷൂട്ടിങ് കഴിഞ്ഞ് ഇന്നലെ രാത്രിയാണ് ഞാന്‍ വീട്ടിലെത്തിയത്. പെട്ടെന്നുള്ള തീരുമാനമാനമായിരുന്നു ഈ വിവാഹത്തിന് വന്നത്. കാരണം ഞാനും ജബ്ബാറും തമ്മിലുള്ള ബന്ധം ചെറുപ്പത്തിലേ തുടങ്ങിയതാണ്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്തുവയസുള്ള കാലത്ത് ഞങ്ങള്‍ തമ്മിലുള്ള അടുപ്പം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ക്രിസ്മസിന് എന്റെ വീട്ടില്‍ വന്ന് കേക്കുംമുറിച്ചതും, ഭക്ഷണം കഴിച്ചതും, അതുപോലെ തന്നെ പെരുന്നാളിന് ഞാന്‍ ജബ്ബാറിന്റെ വീട്ടില്‍ ചെല്ലും.. അങ്ങനെ ഒരുപാട് ഓര്‍മകളുണ്ട്.

ഞങ്ങള്‍ രണ്ടുപേര്‍ കൂടി മാവിന്റെ മുകളില്‍ കയറി ഇരുന്നതും കൊമ്പൊടിഞ്ഞ് താഴെ വീണതും എന്റെ കയ്യൊടിഞ്ഞതും എന്നെ കൂട്ടിപ്പിടിച്ച് ജബ്ബാര്‍ ആശുപത്രിയിലേക്ക് ഓടിയതും എല്ലാം എന്റെ ഓര്‍മയിലുണ്ട്. ജബ്ബാറിന്റെ മകള്‍ എന്ന് പറഞ്ഞാല്‍ എന്റേയും മകളാണ്. പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷം’. ഇതും പറഞ്ഞ് കാശും വാങ്ങി പോരുന്ന വഴിക്കാണ് സലീം കുമാറിനെ കാണുന്നത്. വണ്ടി നിര്‍ത്തി എങ്ങോട്ടാണെന്ന് ചോദിച്ചപ്പോള്‍ കല്യാണത്തിനാണെന്ന് സലീം പറഞ്ഞു.

പഴയ പരിചയക്കാരന്റെ കല്യാണമാണെന്നാണ് സലീം ആദ്യം പറഞ്ഞത്. പരിചയക്കാരന്റെ പേര് ചോദിച്ച് കിട്ടാതായതോടെ എനിക്ക് കാര്യം മനസിലായി. ഞാന്‍ പറഞ്ഞു ഞാനും കല്യാണത്തിന് പോയി വരികയാണെന്ന്. കാശൊക്കെ കറക്ട് കിട്ടില്ലേ പ്രസംഗം എന്തെങ്കിലും വേണ്ടി വരുമോ എന്ന് അവന്‍ എന്നോട് ചോദിച്ചു. അങ്ങനെയൊന്നുമില്ലെടാ രണ്ട് വാക്ക് എന്തെങ്കിലും പറയണം എന്ന് ഞാന്‍ പറഞ്ഞു. കുട്ടിക്കാലത്ത് ഒരുമിച്ച് പഠിച്ചതും കശുമാവില്‍ നിന്ന് വീണ് കൈപൊട്ടിയ കഥയുമാണ് ഞാന്‍ പറഞ്ഞതെന്നും അവനോട് പറഞ്ഞു.

അഡ്ജസ്റ്റ് ചെയ്യാമെന്ന് പറഞ്ഞ് സലീമും പോയി. ഹാളിലെത്തി ജബ്ബാര്‍ വന്ന് സലീമിനെ പരിചയപ്പെട്ടു, സ്റ്റേജില്‍ കയറി രണ്ട് വാക്ക് സംസാരിക്കാന്‍ പറഞ്ഞു. സലീം അങ്ങ് പറഞ്ഞു തുടങ്ങി.

‘കുട്ടിക്കാലത്ത് ഞാനും ജബ്ബാറും പറവൂരില്‍ ഒരുമിച്ച് പഠിക്കുമ്പോള്‍..’ പിന്നെയങ്ങോട്ട് ഞാന്‍ പറഞ്ഞതൊക്കെ ഇരിങ്ങാലക്കുട മാറ്റി അവന്‍ പറവൂരാക്കി. ഇത് കേട്ടതോടെ ജബ്ബാറിന്റെ മുഖം കശുവണ്ടി പോലെയായി.!

പിറ്റേ ദിവസം ജബ്ബാറും എന്നെ ആദ്യം വിളിച്ചയാളും കൂടെ കാണാന്‍ വന്നു. വിവാഹം ഗംഭീരമാക്കിയതിന് ഫോണ്‍ നല്‍കാന്‍ വന്നതാണ്. സംസാരത്തിനിടെ ജബ്ബാര്‍ പറഞ്ഞു, ‘എന്നാലും എന്റെ മാഷേ., മാഷ് സംസാരിച്ച് നല്ല കയ്യടിയൊക്കെ കിട്ടി. രണ്ടാമത് വന്ന സലീം കുമാറിന് ആ മരമെങ്കിലും ഒന്ന് മാറ്റി പറഞ്ഞൂടേ. കഴുമാവ് മാറി പ്ലാവായാല്‍ എന്തായിരുന്നു കുഴപ്പം’ എന്ന്,’ ഇന്നസെന്റ് പറയുന്നു.

വര്‍ഷങ്ങള്‍ കഴിഞ്ഞ് ജബ്ബാറിനെ വീണ്ടും കണ്ട കഥയും ഇന്നസെന്റ് ഇതിനോടൊപ്പം ചേര്‍ത്തുവെക്കുന്നുണ്ട്.

ആദ്യം ആളെ മനസിലായില്ലെന്നും പിന്നീട് ‘കശുമാവിന്റെ മുകളില്‍ നിന്ന് വീണ് കൈപൊട്ടിയപ്പോള്‍ ആശുപത്രിയിലേക്ക് എടുത്ത കൊണ്ടുപോയ ആളാണ്’ എന്ന് പറഞ്ഞപ്പോഴാണ് ആളെ മനസിലായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അന്ന് കൂറേ സംസാരിച്ചെന്നും അന്നും ജബ്ബാറിന്റെ വിഷമം സലീം കുമാര്‍ ആ മരമൊന്ന് മാറ്റി പറഞ്ഞാല്‍ മതിയായിരുന്നു എന്നും ഇന്നസെന്റ് പറയുന്നു.

Content Highlight: Innocent shares a funny experience owith salim kumar while attending a wedding function

We use cookies to give you the best possible experience. Learn more