മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഇന്നസെന്റ്. 750 ലധികം ചിത്രങ്ങളില്‍ ഹാസ്യനടനായും വില്ലനായും താരം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിനിടക്ക് കാന്‍സറിന്റെ പിടിയിലായ അദ്ദേഹം അതിനേയും അതിജീവിച്ചിരുന്നു.
കാന്‍സറിന്റെ പിടിയിലായിരുന്ന സമയത്ത് സിനിമയില്‍ തന്നെ അഭിനയിപ്പിക്കണമോ എന്ന് നിര്‍മാതാക്കള്‍ വേവലാതിപ്പെട്ടിരുന്നു എന്ന് പറയുകയാണ് ഇന്നസെന്റ്. തന്റെ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ചികിത്സിക്കുന്ന ഡോക്ടറെ പോയി കണ്ട് എത്ര നാള്‍ ജീവിച്ചിരിക്കുമെന്ന് അന്വേഷിച്ചതായും താരം പറയുന്നു.
തനിക്ക് സിനിമയില്‍ വേഷം നല്‍കുന്നതിലുള്ള പ്രെഡ്യൂസര്‍മാരുടെ വേവലാതികളെ കുറിച്ച് പറയുകയാണ് ഇന്നസെന്റ്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”സിനിമയിലെ സംവിധായകന്‍ പറയാറുണ്ട്, ഇന്നസെന്റാണ് ആ റോള്‍ ചെയ്യുന്നതെങ്കില്‍ നന്നാവും. അപ്പോള്‍ നിര്‍മാതാവ് പറയും അയാള്‍ തന്നെ വേണോ. അയാളെ കൊണ്ട് തന്നെ അത് അഭിനയിപ്പിക്കണോ, അഭിനയിപ്പിക്കാന്‍ സാധിക്കുമോ എന്നൊക്കെ. അവര്‍ അത് ചോദിക്കാനുള്ള കാരണം, എനിക്ക് മൂന്നാമത്തെ പ്രാവശ്യമാണ് കാന്‍സര്‍ വന്നത്.
ഡയറക്ടര്‍ പറഞ്ഞിട്ട് വന്നതെന്നും പറഞ്ഞ് എന്നെ ഒരു നിര്‍മാതാവ് വന്ന് കണ്ടിരുന്നു. എന്റെ ആരോഗ്യത്തെ കുറിച്ച് അവര്‍ ചോദിച്ചപ്പോള്‍ കാണുന്നത് പോലെയൊക്കെ തന്നെ, കുഴപ്പമൊന്നുമില്ല എന്ന് ഞാന്‍ പറഞ്ഞു. കീമോ കഴിഞ്ഞ സമയമാണെങ്കില്‍ ഇല്‍ഫക്ഷനൊക്ക ശ്രദ്ധിക്കണം എന്നൊക്കെ അവര്‍ പറഞ്ഞു.
അവര്‍ ആലോചിക്കുന്നത് ആ ഒരു റോള്‍ ഞാന്‍ ചെയ്താല്‍, പടം കഴിയുന്നതിന് മുമ്പ് തട്ടി പോയാല്‍ അത് വരെ ചിലവാക്കിയ പണം മുഴുവന്‍ പോകുമെന്നാണ്. നമുക്ക് ഈ കാര്യത്തില്‍ ഒരു ഗ്യാരണ്ടി പറയാന്‍ പറ്റിലല്ലോ. അതിന് ദൈവം വിചാരിക്കണം,” ഇന്നസെന്റ് പറഞ്ഞു.
‘ആ കൂടിക്കാഴ്ച്ചക്ക് ശേഷം അവരുടെ ഒരു വിവരവുമില്ല. പിന്നീട് അവര്‍ പോയി കണ്ടത് എന്നെ ചികിഝിക്കുന്ന ഡോക്ടര്‍ ഗംഗാധരന്റെ അടുത്തായിരുന്നു. ഇനി എത്ര നാള്‍ ഞാനുണ്ടാവുമെന്ന് അദ്ദേഹത്തോട് അവര്‍ ചോദിച്ചു. അതിന് ഡോക്ടര്‍ എന്ത് മറുപടി കൊടുത്തു എന്നെനിക്കറിയില്ല. ചിലപ്പോള്‍ അദ്ദേഹം പറഞ്ഞിട്ടുണ്ടാവുക ഡോക്ടര്‍ എന്ന നിലയില്‍ താന്‍ ചെയ്യാന്‍ ഉള്ളത് ചെയ്തിട്ടുണ്ട്. ബാക്കി ദൈവത്തിന്റെ കയ്യിലാണ് എന്നായിരിക്കും.
പണം മുടക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം സിനിമ ഷൂട്ടിംഗ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അവരുടെ പണം മുഴുവന്‍ നഷ്ടമാവില്ലേ. കഥയും മാറ്റേണ്ടിവരില്ലേ. ഞാന്‍ അവരുടെ കൂടെയാണ്. അവര്‍ ആലോചിക്കുന്നതില്‍ തെറ്റില്ല. ചില കാര്യങ്ങള്‍ നമ്മള്‍ മനസിലാക്കണം,” ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.
Content Highlight: Innocent says producers were worried about whether he should act in a movie when suffering from cancer