പറഞ്ഞുപറഞ്ഞ് കൈവിട്ടുപോയാല്‍ നിങ്ങളെ രക്ഷിക്കാന്‍ “എന്റെ അപ്പന്‍ തെക്കേക്കല വറീനെപ്പോലുള്ള ആളുകള്‍ ഉണ്ടായെന്നു വരില്ല” എന്ന് മാധ്യമപ്രവര്‍ത്തകര്‍ മുന്നറിയിപ്പു നല്‍കിക്കൊണ്ടാണ് ഇന്നസെന്റ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
പ്രേക്ഷകരെ നിലനിര്‍ത്താന്‍ ബ്രേക്കിങ് ന്യൂസിനു പിന്നാലെ പോകുന്ന മാധ്യമപ്രവര്‍ത്തകരെ പരിഹസിച്ച് ഇന്നസെന്റ് എം.പി. അമ്മാമയില്‍ നിന്നും കാശുകിട്ടുന്നത് മുടങ്ങാതിരിക്കാന്‍ കള്ളക്കഥ പറയുന്ന തന്റെ ബാല്യകാല അനുഭവം പങ്കുവെച്ചുകൊണ്ടാണ് ഇന്നസെന്റ് മാധ്യമങ്ങളെ കളിയാക്കുന്നത്. മാതൃഭൂമി പത്രത്തിലെഴുതിയ “ബ്രേക്കിങ് ന്യൂസും ചേര്‍ച്ചിക്കുട്ടി അമ്മാമയും” എന്ന കുറിപ്പിലൂടെയാണ് ഇന്നസെന്റിന്റെ പരിഹാസം.
പത്രങ്ങളിലെ ദുരന്തവാര്‍ത്തകള്‍ കേള്‍ക്കാന്‍ ഏറെ ഇഷ്ടമുള്ള അമ്മാമയ്ക്ക് വാര്‍ത്ത വായിച്ചുകൊടുത്താല്‍ കിട്ടുന്ന പണം ലക്ഷ്യമിട്ട് ഇന്നസെന്റ് എന്ന “മാധ്യമപ്രവര്‍ത്തകന്‍” ചെയ്തുകൂട്ടിയ വിക്രിയകള്‍ വിശദീകരിച്ചുകൊണ്ടാണ് ഇന്നസെന്റിന്റെ കൊട്ട്.
എല്ലാദിവസവും എന്നെ വിളിച്ചുവരുത്തി അതത് ദിവസത്തെ പത്രം ഉറക്കെ വായിപ്പിക്കും. അപകടവാര്‍ത്തകളോടായിരുന്നു അമ്മാമയ്ക്ക് കൂടുതല്‍ പ്രിയം. “ചേര്‍ത്തലയില്‍ ബസും ലോറിയും ഇടിച്ച് രണ്ടുപേര്‍ മരിച്ചു”, “ഒലവക്കോട് വെടിക്കെട്ടപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു” ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അമ്മാമയുടെ മുഖത്ത് വിടരുന്ന തെളിച്ചം ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.” ഇന്നസെന്റ് കഥ പറയുകയാണ്.
“പതുക്കെപ്പതുക്കെ അമ്മാമയ്ക്ക് ഞാന്‍ വായിച്ചുകൊടുക്കുന്ന വാര്‍ത്തകള്‍ ഒരു എരം പോരാ എന്നായി. പീരുമേട്ടില്‍ വാന്‍ മറിഞ്ഞ് ഏഴുപേര്‍ മരിച്ചു എന്ന് ഞാന്‍ വായിച്ചാല്‍ അപ്പോള്‍ അമ്മാമ പറയും എടാ ഏഴുപേരെ മരിച്ചുള്ളൂ? കൊറച്ചൂടെ വലുതൊന്നുമില്ലേ? അമ്മാമയ്ക്ക് വാര്‍ത്താലഹരിതലയ്ക്കു പിടിച്ചതായി എനിക്കു മനസിലായി.” അദ്ദേഹം പറയുന്നു.
അമ്മാമ്മയെന്ന തന്റെ കസ്റ്റമറെ നിലനിര്‍ത്താന്‍ വേണ്ടി കാട്ടിക്കൂട്ടിയ കാര്യങ്ങളാണ് പിന്നീട് കഥമുന്നോട്ടുകൊണ്ടുപോകുന്നത്. “ഞാന്‍ അമ്മാമയ്ക്ക് തൃപ്തിയാവുന്ന തരത്തില്‍ അപകടത്തിന്റെ വലുപ്പവും മരണസംഖ്യയുമൊക്കെ കൂട്ടിപ്പറഞ്ഞു തുടങ്ങി.”
അത്തരത്തിലൊരു വ്യാജ അപകടവാര്‍ത്ത വിശ്വസിച്ച അമ്മാമയ്ക്ക് കിട്ടിയ പണിയാണ് കഥയുടെ ക്ലൈമാക്‌സ്. ” പീരുമേട്ടില്‍ അംബാസിഡര്‍ കാര്‍ കൊക്കയിലേക്കു മറിച്ചു 17 പേര്‍ തത്ക്ഷണം മരിച്ചു. 12 പേരെ മുന്നാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും കൂടാനിടയുണ്ട്.” അതായിരുന്നു ഇന്നസെന്റ് സൃഷ്ടിച്ച “ബ്രേക്കിങ് ന്യൂസ്”.
Also Read: ജയശങ്കര്‍ രാത്രി ആര്‍.എസ്.എസ് കാര്യാലയത്തിലെന്ന് ജെയ്ക്ക്: നിന്നെക്കാളും വലിയ ഊളകളെ ഞാന്‍ കണ്ടിട്ടുണ്ടെന്ന് ജയശങ്കര്‍
വാര്‍ത്ത വിശ്വസിച്ച് പതിവുപോലെ പള്ളിയിലെ കൂട്ടുകാരികളുമായി ഇതു പങ്കുവെച്ച അമ്മാമ നാണം കെട്ടു മടങ്ങി ഇന്നസെന്റിനോട് ചോദിക്കുകയാണ്: “എങ്ങനാടാ ഒരു കാറില്‍ 17 പേര്‍ കയറുക? നിനക്ക് 100പേരെക്കൂടി കൂട്ടാമായിരുന്നില്ലേ?” എന്ന്.
അതോടെ പ്രതിസന്ധിയിലായ തനിക്ക് രക്ഷകനായത് തന്റെ അപ്പന്‍ വറീതാണെന്നും ഇന്നസെന്റ് പറയുന്നു. “അവന്‍ കണക്കില്‍ മോശക്കാരനാണെന്ന് അമ്മയ്ക്കറിയില്ലേ? കഴിഞ്ഞതവണ അവന് ഒന്നരമാര്‍ക്കല്ലേ കണക്കില്‍ കിട്ടിയത്?” എന്നായിരുന്നു അപ്പന്റെ കമന്റ്.
തന്നെ രക്ഷിക്കാന്‍ അപ്പനുണ്ടായി. എന്നാല്‍ പറഞ്ഞുപറഞ്ഞ് കൈവിട്ടുപോയാല്‍ നിങ്ങളെ രക്ഷിക്കാന്‍ “എന്റെ അപ്പന്‍ തെക്കേക്കല വറീനെപ്പോലുള്ള ആളുകള്‍ ഉണ്ടായെന്നു വരില്ല” എന്ന് മാധ്യമപ്രവര്‍ത്തകര്‍ മുന്നറിയിപ്പു നല്‍കിക്കൊണ്ടാണ് ഇന്നസെന്റ് കുറിപ്പ് അവസാനിപ്പിക്കുന്നത്.