'വീണ്ടും പറയുന്നു, ഇത് പകയുടെ രാഷ്ട്രീയം'; കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റിനെതിരെ കാര്‍ത്തി ചിദംബരം വീണ്ടും രംഗത്ത്
national news
'വീണ്ടും പറയുന്നു, ഇത് പകയുടെ രാഷ്ട്രീയം'; കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റിനെതിരെ കാര്‍ത്തി ചിദംബരം വീണ്ടും രംഗത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th September 2019, 1:19 pm

ന്യൂദല്‍ഹി: രാജ്യത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടക്കുന്നത് പകയുടെ രാഷ്ട്രീയമെന്ന് കാര്‍ത്തി ചിദംബരം. പി.ചിദംബരത്തെ തീഹാര്‍ ജയിലില്‍ സന്ദര്‍ശിച്ച് മടങ്ങവെയാണ് കാര്‍ത്തി ചിദംബരത്തിന്റെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഞങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്. ഇത് പകയുടെ രാഷ്ട്രീയമാണ്. വ്യാജ കേസുകള്‍ കെട്ടിച്ചമച്ച് ഈ സര്‍ക്കാരിനെ എതിര്‍ക്കുന്നവരെയൊക്കെ ലക്ഷ്യം വെക്കുകയാണ് ഇപ്പോള്‍ നടക്കുന്നത്. എന്റെ അച്ഛനും ശിവകുമാറും ഒരു വിചാരണയ്ക്കും വിധേയമല്ല, ഒരു കോടതിയും കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുമില്ല. അന്വേഷണത്തിന്റെ മറവില്‍ മാത്രമാണ് ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുന്നത്. ഇത് ഈ രാജ്യത്തിന്റെ രാഷ്ട്രീയത്തില്‍ പ്രതികൂലവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.’ എന്നായിരുന്നു കാര്‍ത്തി ചിദംബരത്തിന്റെ പ്രതികരണം.

ഐ.എന്‍.എക്സ് മീഡിയാ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി
കോടതി ഒക്ടോബര്‍ മൂന്നുവരെ നീട്ടി. ചിദംബരത്തിന് ബന്ധുക്കളെ കാണാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.

ചിദംബരത്തിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാട്ടി കപില്‍ സിബല്‍ ഒരു അപേക്ഷ നല്‍കിയിട്ടുണ്ട്.

ഓഗസ്റ്റ് 21നു രാത്രിയാണ് ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഒന്നാം യുപിഎ സര്‍ക്കാരില്‍ ചിദംബരം ധനമന്ത്രിയായിരിക്കേ, സ്റ്റാര്‍ ഇന്ത്യ മുന്‍ സി.ഇ.ഒ പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ കമ്പനിയായ ഐഎന്‍എക്‌സ് മീഡിയയ്ക്കു വഴിവിട്ടു വിദേശനിക്ഷേപം സ്വീകരിക്കാന്‍ അനുമതി ലഭിച്ചതില്‍ ക്രമക്കേടുണ്ടെന്നാണു കേസ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ