| Saturday, 21st October 2023, 11:24 am

നിരപരാധിയാകാന്‍ സാധ്യതയുള്ള ഒരാളെ 100 ദിവസം ജയിലില്‍ അടച്ചില്ലേ: അന്തിച്ചര്‍ച്ചകളില്‍ അയാളെ പോസ്റ്റുമോര്‍ട്ടം ചെയ്തില്ലേ: സുരേഷ് ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിരപരാധിയാകാന്‍ സാധ്യതയുള്ള ചിലരെ പൊലീസ് കള്ളക്കേസുകളില്‍ കുടുക്കി ജയിലില്‍ അടച്ചിട്ടുണ്ടെന്ന് നടന്‍ സുരേഷ് ഗോപി. ഗരുഡന്‍ സിനിമയുടെ പ്രസ് മീറ്റിനിടെ ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ച് സംസാരിക്കവേയായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം.

നിരപരാധിയാകാന്‍ സാധ്യതയുള്ള ചിലരെ 90 ദിവസമൊക്കെ ജയിലില്‍ അടച്ചെന്നും അന്തിച്ചര്‍ച്ചകളില്‍ വര്‍ഷളോളം അയാളെ ജീവനോടെ പോസ്റ്റുമോര്‍ട്ടം ചെയ്‌തെന്നും സുരേഷ് ഗോപി പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കേസില്‍ ദിലീപ് 90 ദിവസം ജയിലില്‍ കിടന്ന സംഭവത്തിലാണ് സുരേഷ് ഗോപിയുടെ ഈ പരാമര്‍ശമെന്നാണ് സൂചന.

നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്ന ഒരു സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ആളുമാറി കസ്റ്റഡിയിലെടുത്തു കൊണ്ടുപോകുന്ന ആളുകള്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവങ്ങളുണ്ടാകുന്നു. ഇത്തരം വിഷയങ്ങള്‍ സമൂഹം ചര്‍ച്ച ചെയ്യപ്പെടണമെന്നാണോ ഈ സിനിമ പറഞ്ഞുവെക്കുന്നത് എന്ന ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

‘ അതാണ് ഈ സിനിമ. ഒരു നിരപരാധി ശിക്ഷിക്കപ്പെട്ടോ, ശിക്ഷിക്കപ്പെട്ടെങ്കില്‍ അതിന്റെയൊരു ഇംപ്ലിക്കേഷന്‍ (കുരുക്ക്) എവിടെയൊക്കെയാണ്. അയാള്‍ ഒരു പക്ഷേ ഒരു ശുദ്ധനായിരിക്കും. അല്ലെങ്കില്‍ ദൈവീകമായ ഒരുപാട് സ്വഭാവസവിശേഷതകള്‍ ഉള്ള ആളായിരിക്കും. ആ നിലയില്‍ നിന്ന് വളരെ മോശപ്പെട്ട ഒരു പിശാചായി അയാള്‍ ചിത്രീകരിക്കപ്പെട്ടു. അയാളുടെ ഭാര്യയേയും കുഞ്ഞുമക്കളേയും അത് ബാധിച്ചു.

ഇതെല്ലാം ഈ സിനിമയില്‍ കാണാന്‍ പറ്റും. നമുക്ക് ഇവിടെ ചിലരെ, നിരപരാധിയാകാന്‍ സാധ്യതയുള്ള ആളുകളെ 100 ദിവസമൊക്കെ ജയിലില്‍ അടച്ച സംഭവം അറിയാമല്ലോ. ഇപ്പോഴും അവര്‍ നിരപരാധിയാണെന്ന് തെളിയിച്ചിട്ടൊന്നുമില്ല. നൂറ് ദിവസം കൊണ്ടുപോയി ജയിലില്‍ ഇട്ടു.

അവസാനം ഇപ്പോള്‍ അവര്‍ പുറത്തിറങ്ങി നടക്കുന്നു. ഇപ്പോള്‍ അവര്‍ ചെയ്ത പാതകത്തെ സംബന്ധിച്ച് ചര്‍ച്ച പോലുമില്ല. മാസങ്ങളോളം, വര്‍ഷങ്ങളോളം അന്തിചര്‍ച്ചകളില്ലെല്ലാം അവരുടെ ഒരു പോസ്റ്റുമോര്‍ട്ടം നടത്തി, ജീവിച്ചിരിക്കുന്ന ബോഡിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയിട്ടുണ്ട്.

നമ്മള്‍ക്ക് അവരെ കുറിച്ചുള്ള നിശ്ചയങ്ങള്‍ മുഴുവന്‍ തകിടം മറിച്ചിട്ടുണ്ട്. തിരിച്ച് പഴയ നിശ്ചയങ്ങളിലേക്ക് നമ്മള്‍ക്ക് പോകേണ്ടി വന്നാല്‍ ഇതിനകത്ത് പാതകം ചെയ്തവന്‍ കാക്കിയായിരുന്നു ധരിച്ചിരുന്നതെങ്കില്‍ അവന്റെ സ്ഥാനം പിന്നെ എവിടെയായിരിക്കും എന്ന് പറയുന്ന ഒരു സൂചന ഈ സിനിമ തരുന്നുണ്ട്.

ഞാന്‍ ആ സെഗ്നമന്റിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ല. സി.ആര്‍.പി.സിയുടെ ഒരു മേജര്‍ റീ കണ്‍സ്ട്രക്ഷന്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നുണ്ട്. അത് പാര്‍ലമെന്റില്‍ എത്തിയിട്ടുണ്ട്. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിന് ശേഷം ആ അമന്‍മെന്റ് വരും.

വന്നാല്‍ ജനങ്ങളെ, പ്രജകളെ ദ്രോഹിക്കുന്ന തരത്തിലുള്ള എഫ്.ഐ.ആര്‍ സൃഷ്ടി മുതല്‍ പണത്തിന്റേയോ രാഷ്ട്രീയ കരുത്തിന്റെ സ്വാധീനം കൊണ്ടോ അല്ലെങ്കില്‍ ചില മാഫിയയുടെ ഇംഗിതത്തിന് അനുസരിച്ചോ നിരപരാധികളെ ജാമ്യം കിട്ടാത്ത തരത്തിലാക്കി, ഒരു നിരപരാധിയെ ശിക്ഷിച്ച് അവനെ അഴിക്കുള്ളില്‍ ആക്കിയിട്ടുണ്ടെങ്കില്‍ പിന്നെ ആ കാക്കിയിട്ടവന്റെ സ്ഥാനം എവിടെയാണെന്ന് പുനിര്‍നിര്‍ണയിക്കുന്ന നിയമനിര്‍മാണമാണ് നടന്നുകൊണ്ടിരിക്കുന്നത്.

ഈ സിനിമയില്‍ പ്രതിപാദിക്കുന്ന വിഷയം എന്താണെന്ന് പൂര്‍ണമായും എനിക്ക് പറയാന്‍ പറ്റില്ല. ഈ വിഷയം തീര്‍ച്ചയായും ഇവിടെ ചര്‍ച്ചയാകും. ഈ സിനിമയുടെ ട്രെയിലറില്‍ തന്നെ എന്നേയും സിദ്ദിഖിനേയും കോടതിയേയും ചൂണ്ടിക്കാട്ടി ബിജു മേനോന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ഇവര്‍ എല്ലാവരും കൂടി ചേര്‍ന്നാണ് എന്റെ ജീവിതം ഇല്ലാതാക്കിയത് എന്ന്. അതില്‍ നിന്നും ബാക്കി നിങ്ങള്‍ക്ക് ചിന്തിക്കാം,’ സുരേഷ് ഗോപി പറഞ്ഞു.

Content Highlight:  innocent man was jailed for 100 days says suresh gopi on Garudan movie Press meet

Latest Stories

We use cookies to give you the best possible experience. Learn more