| Sunday, 14th August 2022, 9:17 pm

'സിംബാബ്‌വേ ഇന്ത്യയെ 2-1 എന്ന നിലയില്‍ തോല്‍പിക്കും'

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യന്‍ ടീം സിംബാബ്‌വേയെ അവരുടെ നാട്ടില്‍ വെച്ച് നേരിടും. ആറ് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ ടീം സിംബാബ്‌വേ പര്യടനം നടത്താന്‍ ഒരുങ്ങുന്നത്. മൂന്ന് ഏകദിന മത്സരത്തിനാണ് ഇന്ത്യന്‍ ടീം സിംബാബ്‌വേയിലെത്തുന്നത്.

മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ടീമിന് വെല്ലുവിളി ഉയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ് സിംബാബ്‌വേയുടെ മിഡില്‍ ഓര്‍ഡര്‍ ബാറ്ററായ ഇന്നസെന്റ് കായ. ഇന്ത്യന്‍ ടീമിനെ 2-1 എന്ന നിലയില്‍ സിംബാബ്‌വേ ജയിക്കുമെന്നാണ് അദ്ദേഹം വെല്ലുവിളിച്ചത്.

സിംബാബ്‌വേ രണ്ട് മത്സരത്തില്‍ വിജയിക്കുന്നതോടൊപ്പം തനിക്ക് സെഞ്ച്വറി അടിക്കുകയും ടീമിന്റെ ഉയര്‍ന്ന റണ്‍ നേട്ടക്കാരന്‍ ആകണമെന്നും അദ്ദേഹം പറഞ്ഞു.

‘2-1 എന്ന നിലയില്‍ ഞങ്ങള്‍ പരമ്പര ജയിക്കുന്നു. വ്യക്തിപരമായ പ്രതീക്ഷകളെ സംബന്ധിച്ച് പറയുകയാണെങ്കില്‍ മുന്‍നിര റണ്‍ സ്‌കോറര്‍ ആകാനും സെഞ്ച്വറി നേടാനും ഞാന്‍ ആഗ്രഹിക്കുന്നു. ഇത്രയും ലളിതമായ പദ്ധതി മാത്രമേയുള്ളൂ. പരമ്പരയിലെ ഏറ്റവും കൂടുതല്‍ റണ്‍ സ്‌കോറര്‍ ആകാനുള്ള റണ്‍സ് നേടാന്‍ എനിക്ക് പറ്റണം. അതാണ് എന്റെ ലക്ഷ്യം,’ കായ പറഞ്ഞു.

പ്രധാന താരങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, എന്നിവരൊന്നുമില്ലാതെയാണ് ഇന്ത്യ പരമ്പരക്ക് എത്തുന്നത്. അതോടൊപ്പം യുവ സൂപ്പര്‍ താരങ്ങളായ ടീമിന്റെ കുന്തമുനയാകാന്‍ സാധിക്കുന്ന ഹര്‍ദിക് പാണ്ഡ്യയും റിഷബ് പന്തും ഇന്ത്യക്കൊപ്പമില്ല.

വെറ്ററന്‍ താരം ശിഖര്‍ ധവാനെയായിരുന്നു ആദ്യം ഇന്ത്യ നായകനായി നിശ്ചചയിച്ചിരുന്നത്. എന്നാല്‍ പരിക്കിന് ശേഷം ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ തിരിച്ചെത്തിയതോടെ അദ്ദേഹത്തെ നായകനാക്കുകയായിരുന്നു.

ബംഗ്ലാദേശിനെ ഏകദിനത്തിലും ട്വന്റി-20യിലും തോല്‍പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സിംബാബ്‌വേ ഇന്ത്യയെ നേരിടാന്‍ ഇറങ്ങുന്നത്. പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 18ന് ഹരാരയില്‍ വെച്ച് നടക്കും. മൂന്ന് മത്സരവും ഇതേ ഗ്രൗണ്ടിലാണ് നടക്കുക.

Content Highlights: Innocent Kaia challenges Indian cricket team

Latest Stories

We use cookies to give you the best possible experience. Learn more