ഇന്ത്യ-സിംബാബ്‌വെ പര്യടനത്തിലെ ആദ്യ ഏകദിന മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ടോസ് നേടിയ ഇന്ത്യ സിംബാബ്‌വെയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ബംഗ്ലാദേശിനെ തോല്‍പിച്ചതിന്റെ കോണ്‍ഫിഡന്‍സില്‍ കളത്തിലെത്തിയ സിംബാബ്‌വെ പക്ഷെ ഇന്ത്യക്ക് മുന്നില്‍ എത്തും പിടിയും കിട്ടാതെ നില്‍ക്കുകയായിരുന്നു.
41ാം ഓവറില്‍ വെറും 189 റണ്‍സില്‍ സിംബാബ്‌വെയെ പുറത്താക്കാന്‍ ഇന്ത്യക്ക് സാധിച്ചു. ഏറെ നാളുകള്‍ക്ക് ശേഷം ക്രിക്കറ്റ് മൈതാനത്ത് തിരിച്ചെത്തിയ ദീപക് ചഹറാണ് സിംബാബ്‌വെയുടെ നടുവൊടിച്ചത്. ഏഴ് ഓവറില്‍ 27 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റാണ് അദ്ദേഹം കൊയ്തത്. വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതിയ സിംബാബ്‌വെയുടെ ടോപ് ഓര്‍ഡറിലെ ആദ്യ മൂന്ന് ബാറ്റര്‍മാരെയാണ് അദ്ദേഹം പുറത്താക്കിയത്. സ്പിന്നര്‍ അക്‌സര്‍ പട്ടേലും മൂന്ന് വിക്കറ്റ് നേടിയിരുന്നു.
പരമ്പരക്ക് മുന്നോടിയായി ഇന്ത്യയെ സിംബാബ്‌വെ ബാറ്റര്‍ ഇന്നസെന്റ് കായ വെല്ലുവിളിച്ചിരുന്നു. ഇന്ത്യയെ തോല്‍പ്പിക്കാന്‍ സാധിക്കുമെന്നും തനിക്ക് ഏറ്റവും കൂടുതല്‍ റണ്‍സെടുക്കണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
എന്നാല്‍ ദീപക് ചഹറിന്റെയും മുഹമ്മദ് സിറാജിന്റെയും ഓപ്പണിങ് സ്‌പെല്ലില്‍ കായ പതറുന്ന കാഴ്ചയായിരുന്നു കണ്ടത്. ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ അദ്ദേഹം വെറും നാല് റണ്‍സെടുത്ത് മടങ്ങുകയായിരുന്നു.
20 പന്ത് നേരിട്ടാണ് അദ്ദേഹം നാല് റണ്‍സെടുത്തത്. ബാറ്റില്‍ പന്ത് കൊള്ളിക്കാന്‍ പോലും അദ്ദേഹം പാടുപെട്ടിരുന്നു. ഒടുവില്‍ ചഹറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് ക്യാച്ച് നല്‍കി അദ്ദേഹം ക്രീസ് വിടുകയായിരുന്നു.
പരമ്പരക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമിനെതിരെ 2-1 എന്ന നിലയില്‍ സിംബാബ്വെ ജയിക്കുമെന്നായിരുന്നു കായ വെല്ലുവിളിച്ചത്.
സിംബാബ്‌വെ രണ്ട് മത്സരത്തില്‍ വിജയിക്കുന്നതോടൊപ്പം തനിക്ക് സെഞ്ച്വറി അടിക്കുകയും ടീമിന്റെ ഉയര്‍ന്ന റണ്‍ നേട്ടക്കാരന്‍ ആകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘2-1 എന്ന നിലയില്‍ ഞങ്ങള്‍ പരമ്പര ജയിക്കുന്നു. വ്യക്തിപരമായ പ്രതീക്ഷകളെ സംബന്ധിച്ച് പറയുകയാണെങ്കില്‍ മുന്‍നിര റണ്‍ സ്‌കോറര്‍ ആകാനും സെഞ്ച്വറി നേടാനും ഞാന്‍ ആഗ്രഹിക്കുന്നു. ഇത്രയും ലളിതമായ പദ്ധതി മാത്രമേയുള്ളൂ. പരമ്പരയിലെ ഏറ്റവും കൂടുതല്‍ റണ്‍ സ്‌കോറര്‍ ആകാനുള്ള റണ്‍സ് നേടാന്‍ എനിക്ക് പറ്റണം. അതാണ് എന്റെ ലക്ഷ്യം,’ എന്നായിരുന്നു കായ പറഞ്ഞത്
പ്രധാന താരങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ പരമ്പരയില്‍ ഇറങ്ങുന്നത്. രോഹിത് ശര്‍മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, എന്നിവരൊന്നുമില്ലാതെയാണ് ഇന്ത്യ പരമ്പരക്ക് എത്തുന്നത്. അതോടൊപ്പം യുവ സൂപ്പര്‍ താരങ്ങളായ ടീമിന്റെ കുന്തമുനയാകാന്‍ സാധിക്കുന്ന ഹര്‍ദിക് പാണ്ഡ്യയും റിഷബ് പന്തും ഇന്ത്യക്കൊപ്പമില്ല.
190 റണ്‍സ് ചെയ്‌സ് ചെയ്യുന്ന ഇന്ത്യ നിലവില്‍ വിക്കറ്റൊന്നും നഷ്ടമാകാതെ മികച്ച രീതിയില്‍ മുന്നോട്ടു നീങ്ങുകയാണ്. നായകനായി കെ.എല്‍. രാഹുല്‍ ടീമില്‍ തിരിച്ചെത്തിയെങ്കിലും വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ ശുഭ്മാന്‍ ഗില്‍ തന്നെയാണ് ശിഖര്‍ ധവാനൊപ്പം ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്.