ഈ ക്രൂരത ചെയ്തവരോട് ഒന്നേ പറയാനുള്ളൂ, തോല്‍വി നിങ്ങളുടേതാണ്, അവള്‍ തോറ്റുകൊടുക്കാതെ നില്‍ക്കും, എക്കാലവും: ഇന്നസെന്റ്
Kerala
ഈ ക്രൂരത ചെയ്തവരോട് ഒന്നേ പറയാനുള്ളൂ, തോല്‍വി നിങ്ങളുടേതാണ്, അവള്‍ തോറ്റുകൊടുക്കാതെ നില്‍ക്കും, എക്കാലവും: ഇന്നസെന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th February 2017, 12:13 pm

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി അമ്മ പ്രസിഡന്റ് ഇന്നസെന്റ്. നടി നേരിട്ട നീചമായ ആക്രമണം മനസിലേല്‍പ്പിച്ച നീറ്റല്‍ വിട്ടുമാറുന്നില്ലെന്നു പറഞ്ഞ ഇന്നസെന്റ് കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും വ്യക്തമാക്കി.

കുറ്റവാളികളെ നിയമത്തിനു മുമ്പിലെത്തിക്കാന്‍ കേരളം മുഴുവന്‍ അവര്‍ക്കൊപ്പമുണ്ടാകണം. അമ്മയും ചലച്ചിത്ര പ്രവര്‍ത്തകരും ഹൃദയം കൊണ്ട് അവരോടു ചേര്‍ന്നു നില്‍ക്കുന്നെന്നും ഇന്നസെന്റ് ഫേബ്‌സുക്കിലൂടെ വ്യക്തമാക്കി.


Must Read: പൂനെയില്‍ ബി.ജെ.പി റാലിയില്‍ ഒഴിഞ്ഞ കസേരകള്‍ മാത്രം: ആളുകളെ കാത്തിരുന്ന് മടുത്ത് ഒടുവില്‍ റാലി റദ്ദാക്കി മടങ്ങി മഹാരാഷ്ട്ര മുഖ്യമന്ത്രി –


ആക്രമണ വിവരം അറിഞ്ഞയുടന്‍ ഡി.ജി.പിയുമായും മുഖ്യമന്ത്രിയുമായും ബന്ധപ്പെട്ടു. സത്വര നടപടി സ്വീകരിക്കുമെന്ന് ഇരുവരും ഉറപ്പുനല്‍കിയതായും ഇന്നസെന്റ് വ്യക്തമാക്കി.

“ഞങ്ങളുടെ മകളോട്, സഹോദരിയോട് ഈ ക്രൂരത ചെയ്തവരോട് ഒന്നേ പറയാനുള്ളൂ. പരാജയം നിങ്ങളുടേത് മാത്രമാണ്. അവള്‍ തോറ്റു കൊടുക്കാതെ നില്‍ക്കും; എക്കാലവും.” എന്നു പറഞ്ഞുകൊണ്ടാണ് ഇന്നസെന്റ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഇന്നസെന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

നമ്മിലൊരാള്‍ക്ക് നേരെ കഴിഞ്ഞ ദിവസം ഉണ്ടായ അത്യന്തം നീചമായ ആക്രമണം മനസിലേല്‍പ്പിച്ച നീറ്റല്‍ വിട്ടുമാറുന്നില്ല. ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ഞങ്ങളുടെ മകളാണ്; സഹോദരിയാണ്. കുറ്റവാളികള്‍ കര്‍ശനമായി ശിക്ഷിക്കപ്പെടണം. ഇതിനായി മനുഷ്യര്‍ മുഴുവന്‍, കേരളം മുഴുവന്‍ അവര്‍ക്കൊപ്പമുണ്ടാകണം. “അമ്മ”യും ചലച്ചിത്ര പ്രവര്‍ത്തകരും ഹൃദയം കൊണ്ട് അവരോട് ചേര്‍ന്നു നില്‍ക്കുന്നു.
ഏവരെയും ഞെട്ടിച്ച ആക്രമണം നടന്ന ദിവസം പുലര്‍ച്ചെയാണ് എനിക്ക് വിവരം ലഭിക്കുന്നത്. ഉടനെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍, ഡി.ജി.പി ശ്രീ. ലോകനാഥ് ബെഹ്‌റ എന്നിവരെ നേരില്‍ ബന്ധപ്പെട്ടു. സത്വര നടപടി സ്വീകരിക്കുമെന്ന് ഇരുവരും ഉറപ്പു നല്‍കി. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്ന പോലീസിന്റെ അഭ്യര്‍ത്ഥന കൂടി കണക്കിലെടുത്താണ് ഞങ്ങള്‍ ഇക്കാര്യത്തില്‍ തുടര്‍ന്ന് ഇടപെട്ടത്.

സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ ഒരു ദയയുമില്ലാതെ കര്‍ശനമായി നേരിടുക തന്നെ വേണം. പോലീസ് അന്വേഷണം ശരിയായി മുന്നേറുന്നുണ്ട്. നിരന്തരം ഇക്കാര്യങ്ങള്‍ ഞങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു. ഞങ്ങളുടെ മകളോട്, സഹോദരിയോട് ഈ ക്രൂരത ചെയ്തവരോട് ഒന്നേ പറയാനുള്ളൂ. പരാജയം നിങ്ങളുടേത് മാത്രമാണ്. അവള്‍ തോറ്റു കൊടുക്കാതെ നില്‍ക്കും; എക്കാലവും.