കേരളത്തില്‍ തുടര്‍ഭരണം വന്നാല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഈ ഭൂമുഖത്തു നിന്ന് തന്നെ അപ്രത്യക്ഷമാകും: ഇന്നസെന്റ്
Kerala
കേരളത്തില്‍ തുടര്‍ഭരണം വന്നാല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഈ ഭൂമുഖത്തു നിന്ന് തന്നെ അപ്രത്യക്ഷമാകും: ഇന്നസെന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st April 2021, 11:54 am

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി നടനും മുന്‍ എം.പിയുമായ ഇന്നസെന്റ്. കേരളത്തില്‍ തുടര്‍ഭരണം വന്നാല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഈ ഭൂമുഖത്തു നിന്നു തന്നെ അപ്രത്യക്ഷമാകുമെന്നുമെന്നും അതുകൊണ്ട് തുടര്‍ ഭരണം വരുന്നതില്‍ തനിക്ക് അത്ര താത്പര്യമില്ലെന്നുമായിരുന്നു ഇന്നസെന്റ് പറഞ്ഞത്.

കൊല്ലത്ത് മുകേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇപ്പോള്‍ ഏത് സ്ഥലത്താണ് ഇവര്‍ ഉള്ളത്. എന്തുകൊണ്ട് കേന്ദ്രത്തില്‍ നിന്നും പലരും ഇവിടേക്ക് വരുന്നു, അവിടെയൊന്നും ഇല്ല ഈ സാധനം. പലയിടത്തും അവസാനിച്ചു. ഇത്രയധികം വര്‍ഷങ്ങള്‍ കോണ്‍ഗ്രസ് ഭരിച്ചിട്ടും എന്താണ് അവര്‍ക്ക് ചെയ്യാന്‍ സാധിച്ചത്, ഇന്നസെന്റ് ചോദിച്ചു.

മുഖ്യമന്ത്രി രാജിവെയ്ക്കണം, മുഖ്യമന്ത്രി രാജിവെയ്ക്കണം, ഇതുമാത്രമാണ് അവര്‍ക്ക് പറയുവാനുള്ളത്. ഇത് കുറേ തവണ കേട്ടപ്പോള്‍ എനിക്കും തോന്നി, എന്നാല്‍ ഒന്നു രാജിവച്ചുകൂടെ. എത്ര തവണയായി അയാള്‍ പറയുകയാണ്.’

‘എനിക്ക് പപ്പടം വേണം, പപ്പടം വേണം എന്നു പറഞ്ഞ് കുട്ടി കരഞ്ഞാല്‍ അത് കൊടുക്കുകയല്ലേ മര്യാദ. ഈ പിണറായി അത് ചെയ്തില്ല. അപ്പോള്‍ മുഖ്യമന്ത്രി മാറി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നായി, അതും മാറി വിജയന്‍ എന്നാക്കി. ഒരു ദിവസം മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു, ‘എത്രയോ നാളുകളായി അവര്‍ ഇങ്ങനെ രാജിവയ്ക്കൂ, രാജിവയ്ക്കൂ എന്നു പറയുന്നു എന്നാല്‍ ഒന്ന് സമ്മതിച്ചുകൊടുത്തൂടെ.’ അപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘ ഇന്നസെന്റേ, ഞാന്‍ രാജിവച്ചിട്ട് ഈ സ്ഥാനം അവരുടെ കയ്യില്‍ ഏല്‍പിച്ചാലുളള സ്ഥിതി ഒന്ന് ആലോചിച്ചു നോക്കിക്കേ.’ എന്നായിരുന്നു, ഇന്നസെന്റ് പറഞ്ഞു.

മുകേഷിനെ എല്ലാവരും വിജയിപ്പിക്കണമെന്നും അങ്ങനെ കേരളത്തിലൊരു തുടര്‍ഭരണം ഉണ്ടാകണമെന്നും ആ തുടര്‍ഭരണത്തിലൂടെ പിണറായി വിജയന്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരണമെന്നും ഇന്നസെന്റ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Innocent Comment About Congress