| Friday, 30th December 2016, 4:29 pm

അന്യഭാഷാ ചിത്രങ്ങള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്നത് മറ്റു സംസ്ഥാനങ്ങളിലെവിടെയെങ്കിലുമായിരുന്നെങ്കില്‍ തിയേറ്ററുകള്‍ക്ക് എന്തു സംഭവിക്കുമെന്ന് പറയുന്നില്ലെന്ന് ഇന്നസെന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്


തൃശൂര്‍: മലയാള ചിത്രങ്ങളുടെ പ്രദര്‍ശനം നിര്‍ത്തിവെച്ച് അന്യഭാഷാ ചിത്രങ്ങള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്നത് ഭാഷയേയും മലയാളിയേയും അപമാനിക്കുന്നതിന് തുല്യമാണെന്ന് എം.പിയും അഭിനേതാക്കളുടെ സംഘടന അമ്മയുടെ പ്രസിഡന്റുമായ ഇന്നസെന്റ്.

ഭാഷയോട് ഇങ്ങനെ തിയേറ്റര്‍ ഉടമകള്‍ കാണിക്കുന്ന ധിക്കാരം ഓര്‍ത്ത് ഓരോ മലയാളിയും തലതാഴ്ത്തണം. അയല്‍ സംസ്ഥാനങ്ങളില്‍ എവിടെയെങ്കിലുമായിരുന്നു ഇതു സംഭവിച്ചിരുന്നതെങ്കില്‍ തിയറ്ററിനും ഉടമയ്ക്കും എന്തു സംഭവിക്കുമെന്നു ഞാന്‍ പറയാത്തതു സമാധാന പ്രേമിയായതുകൊണ്ടാണെന്നും ഇന്നസെന്റ് തൃശൂരില്‍ നടന്ന ഒരു ചടങ്ങില്‍ ചൂണ്ടിക്കാട്ടി.

മലയാളഭാഷയ്ക്കു നേരിട്ട ഈ അപമാനത്തില്‍ അമ്മയ്ക്കു വേദനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിയേറ്ററുകളില്‍ ടിക്കറ്റ് യന്ത്രം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തിയെന്ന വിവരം പുറത്തിറങ്ങിയതാണ് സമരത്തിനിടയാക്കിയതെന്ന് ആരോപണമുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു.

തിയേറ്ററുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് നല്‍കേണ്ട നികുതിയിലും ക്ഷേമനിധിയിലേക്ക് ഓരോ കാണിയും നല്‍കുന്ന മൂന്നു രൂപയിലും വന്‍ വെട്ടിപ്പു നടക്കുന്നുണ്ടെന്ന ആരോപണമുണ്ട്. ഇതു ശരിയാണെങ്കില്‍ ജനപ്രതിനിധി എന്ന നിലയില്‍ താനതു ഗൗരവത്തോടെയാണു കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പല ആവശ്യങ്ങളും നടക്കുന്നതു സിനിമാ നികുതിയിലൂടെയാണ്. ടിക്കറ്റ് യന്ത്രം സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കം നടപ്പാക്കേണ്ടത് ഓരോ ഗ്രാമപഞ്ചായത്തിന്റെയും ആവശ്യമാണെന്നും ഇന്നസെന്റ് പറഞ്ഞു.

നേരത്തെ നിര്‍മ്മാതാക്കള്‍ക്കുള്ള തിയേറ്റര്‍ വിഹിതം വെട്ടിക്കുറച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കാരണമാണ് ക്രിസ്മസിന് മലയാളം സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചത്.

വിഷയത്തില്‍ നിര്‍മ്മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മന്ത്രി എ.കെ ബാലന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് സമരവുമായി മുന്നോട്ടുപോകാന്‍ തിയേറ്റര്‍ ഉടമകള്‍ തീരുമാനിച്ചത്.


കഴിഞ്ഞ കുറേ നാളുകളായി തിയേറ്റര്‍ വിഹിതവുമായി ബന്ധപ്പെട്ട തര്‍ക്കം നിലനില്‍ക്കുകയാണ്. നിലവില്‍ 60 ശതമാനം ലാഭവിഹിതമാണ് നിര്‍മ്മാതാക്കള്‍ക്ക് തിയേറ്റര്‍ ഉടമകള്‍ നല്‍കുന്നത്. ഇത് പത്ത് ശതമാനം വെട്ടിക്കുറച്ച് 50 ശതമാനമാക്കിയിരുന്നു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.

സിനിമാ സമരത്തില്‍ നിര്‍മ്മാതാക്കളുടെ വാശിക്കു മുന്‍പില്‍ മുട്ടുമടക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രദര്‍ശനം തുടരുന്ന ചിത്രങ്ങള്‍ വെള്ളിയാഴ്ച എ ക്ലാസ് തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍ തീരുമാനിച്ചിരുന്നു.

We use cookies to give you the best possible experience. Learn more