ശശി തരൂരിന്റെ പുസ്തകം പ്രകാശനം ചെയ്തതിന്റെ അനുഭവം പറയുകയാണ് നടന്‍ ഇന്നസെന്റ്. അന്ന് തനിക്ക് ശശി തരൂരിനെ അറിയില്ലായിരുന്നുവെന്നും പ്രസംഗിക്കാന്‍ വേണ്ടി സത്യന്‍ അന്തിക്കാടിനെയും ശ്രീകാന്ത് കോട്ടക്കലിനെയും വിളിച്ചാണ് തരൂരിനെക്കുറിച്ച് ചോദിച്ചറിഞ്ഞതെന്നും ഇന്നസെന്റ് പറഞ്ഞു.
പ്രകാശനവേദിയില്‍ വെച്ച് താന്‍ നടത്തിയ പ്രസംഗം കേട്ടിട്ട് ശശി തരൂരും സ്റ്റേജിലുള്ളവരും അതിശയിച്ച് പോയെന്നും ഇന്നസെന്റ് പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്നസെന്റ് ഇക്കാര്യം പറഞ്ഞത്.
”ഉമ്മന്‍ ചാണ്ടിയുടെ ബുക്ക് പ്രകാശനം ചെയ്യാന്‍ പോയപ്പോള്‍ അത് പ്രകാശനം ചെയ്ത് കഴിഞ്ഞാല്‍ എന്റെ ബുക്കും കൂടെ പ്രകാശനം ചെയ്യണമെന്ന് തൊട്ടടുത്ത് ഇരുന്ന ശശി തരൂര്‍ എന്നോട് പറഞ്ഞു. ഞാന്‍ നോക്കിയപ്പോള്‍ വലിയ കട്ടിയുള്ള ഇംഗ്ലീഷ് ബുക്കാണ്. എനിക്ക് ആണെങ്കില്‍ ഒരു തേങ്ങയും അറിയില്ല.
ദൈവമേ ഏത് നേരത്താണ് ഇയാളെ ഇവിടെ കൊണ്ട് സ്ഥാപിച്ചതെന്ന് ഞാന്‍ മനസില്‍ ചിന്തിച്ചു. അന്ന് എനിക്ക് ശശി തരൂരിനെ പരിയചമില്ല. ഞാന്‍ ഉടനെ ഫോണ്‍ ചെയ്ത് സത്യന്‍ അന്തിക്കാട്, ശ്രീകാന്ത് കോട്ടക്കല്‍ തുടങ്ങിയവരെ വിളിച്ചു. ശശി തരൂര്‍ ബുക്ക് പ്രകാശനം ചെയ്യാന്‍ പറഞ്ഞിട്ടുണ്ടെന്നും ഏതെങ്കിലും ബുക്ക് എഴുതിയ ആളാണോ എന്നൊക്കെ ഞാന്‍ അവരോട് ചോദിച്ചു. അങ്ങേര് ആരാണെന്നൊക്കെ ഞാന്‍ പിന്നെയും ചോദിച്ചു.
അപ്പോഴാണ് സത്യന്‍ അദ്ദേഹം എഴുതിയ ഗ്രേറ്റ് ഇന്ത്യന്‍ നോവലിനെക്കുറിച്ച് പറഞ്ഞത്. അതില്‍ പുരാണ കഥാപാത്രങ്ങളെക്കുറിച്ചാണ് എഴുതിയതെന്നും കൂടാതെ നെഹ്‌റുവിനെക്കുറിച്ചും എഴുതിയിട്ടുണ്ടെന്നും പറഞ്ഞു. അതുതന്നെയാണ് ശ്രീകാന്ത് കോട്ടക്കലും പറഞ്ഞത്. ഇനി ഒന്നും വേണ്ട ബാക്കി ഞാന്‍ ശരിയാക്കിക്കോളാമെന്ന് അവരോട് പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് നീണ്ട പ്രഭാഷണം നടത്തി പിന്നെ ഞാന്‍ ശശി തരൂരിനെക്കുറിച്ച് പറഞ്ഞു. ശശി തരൂരിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്ത് അറിയാം എന്ന് ആയിരുന്നു പ്രസംഗത്തിന്റെ തുടക്കം. അദ്ദേഹം രാഷ്ട്രീയക്കാരനാണെന്നല്ലെ നിങ്ങള്‍ക്ക് അറിയൂ, അദ്ദേഹം സാഹിത്യകാരനാണെന്ന് ഇവിടെ ഇരിക്കുന്ന ആര്‍ക്കെങ്കിലും അറിയുമോയെന്ന് ഞാന്‍ ചോദിച്ചു. ഏത് പുസ്തകമാണെന്ന് അറിയുമോയെന്നൊക്കെ ചോദിച്ച് ഞാന്‍ വലിയ പ്രസംഗം നടത്തി.
എല്ലാവരും വിചാരിച്ചു ഞാന്‍ ഭയങ്കര സംഭവമാണെന്ന്. ഞാന്‍ മിടുക്കനാണെന്നും എനിക്ക് എല്ലാമറിയാമെന്നും അവിടെ ഇരിക്കുന്നവര്‍ വിചാരിച്ചു. ഇന്നസെന്റിന് കോമഡി മാത്രമല്ല എല്ലാത്തിലും നല്ല അറിവാണെന്ന് എന്റെ പ്രസംഗം കേട്ടിട്ട് അവരൊക്കെ ചിന്തിച്ചു. എനിക്ക് ആകെ അറിയുന്നത് ഫോണില്‍ വിളിച്ചപ്പോള്‍ അവര്‍ പറഞ്ഞ രണ്ട് ബുക്കിന്റെ പേരാണ്.
പ്രസംഗം കഴിഞ്ഞ് തരൂരിന്റെ അടുത്ത് പോയി ഇരുന്നപ്പോള്‍ ഇന്നസെന്റ് എന്റെ ബുക്ക് ഒക്കെ വായിച്ചിട്ടുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ ഒരു തേങ്ങയും വായിച്ചിട്ടില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. ഇപ്പോള്‍ പറഞ്ഞതോ എന്ന് ചോദിച്ചപ്പോള്‍ ശ്രീകാന്തും സത്യനും പറഞ്ഞ് തന്നതാണെന്ന് തരൂരിനോട് പറഞ്ഞു.
എന്റെ തുടക്ക് ഒരു അടി തന്നിട്ട് അദ്ദേഹം പറഞ്ഞു ജീവിതത്തില്‍ എന്നെ മറക്കില്ലെന്ന്. പിന്നെ ഞാന്‍ അദ്ദേഹത്തെ കാണുന്നത് ദല്‍ഹിയില്‍ എം.പി ആയിട്ട് വന്നപ്പോഴാണ്. എന്നെ വെറുതെ വിടണമെന്നാണ് കണ്ടപ്പോള്‍ തൊഴുതുകൊണ്ട് അദ്ദേഹം പറഞ്ഞത്,” ഇന്നസെന്റ് പറഞ്ഞു.