| Saturday, 3rd June 2023, 3:54 pm

അവരൊക്കെ സെറ്റിലുള്ളത് ഒരു ധൈര്യമാണ്; തമാശയൊക്കെയുണ്ടെങ്കിലും ആവശ്യത്തിന് ശാസിക്കും: ഇന്ദ്രന്‍സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജനാര്‍ദനന്‍, ഇന്നസെന്റ്, നെടുമുടി വേണു, മാമുക്കോയ തുടങ്ങിയ നടന്‍മാര്‍ സെറ്റിലുണ്ടെങ്കില്‍ ധൈര്യമാണെന്ന് പറയുകയാണ് നടന്‍ ഇന്ദ്രന്‍സ്. അവരുടെ കൂടെയിരിക്കുകയും പല കാര്യങ്ങളില്‍ ശാസിക്കുകയും ചെയ്തിട്ടുണ്ടെന്നും  താരം പറഞ്ഞു.

ജോലിയില്‍ അഭിവൃദ്ധിപ്പെടണം എന്ന് ഓര്‍മിപ്പിക്കുന്നത് അവരാണെന്നും അദ്ദേഹം മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ജനാര്‍ദനന്‍ ചേട്ടന്‍, ഇന്നസെന്റേട്ടന്‍, നെടുമുടിയൊക്കെ ഉണ്ടെങ്കില്‍ നമുക്ക് സെറ്റില്‍ ഒരു ധൈര്യമാണ്. നമ്മുടെ കൊമേഡിയന്‍മാരുടെ ഗ്രൂപ്പുണ്ടല്ലോ അതിലെ തോന്ന്യാസങ്ങളാക്കെ ഒന്ന് ഒതുക്കുക.

അവരുടെ ചുറ്റിലും കൂടിയിരിക്കും, നല്ല തമാശയും കാര്യങ്ങളുമൊക്കെയാണ്. എല്ലാത്തിനും നല്ല രീതിയില്‍ കൊണ്ടുപോകുന്നതോ അല്ലെങ്കില്‍ നല്ല തമാശയും കാര്യങ്ങളും ഒക്കെ ഉണ്ടെങ്കിലും പാടില്ലാത്തതിന് ശാസിക്കുകയും ചെയ്യുന്ന കൂട്ടത്തില്‍പ്പെട്ടവരാണ്.

നമ്മള്‍ ഒന്ന് ശ്രദ്ധിക്കണം, ജോലിയില്‍ ഇനിയും അഭിവൃദ്ധിപ്പെടാനുണ്ട് എന്നൊക്കെ നമ്മളെ സ്വയം ചിന്തിപ്പിക്കുന്ന ആള്‍ക്കാരില്‍പ്പെട്ടവരാണ്. മാമുക്കോയയും, ഇന്നസെന്റേട്ടനും ഒക്കെ,’ ഇന്ദ്രന്‍സ് പറഞ്ഞു.

മാമുക്കോയയുടെയൊക്കെ കൂടെ അഭിനയിക്കുമ്പോള്‍ ചിലതൊക്കെ സ്‌ക്രിപ്റ്റിലില്ലാതെ സ്വയം ഉണ്ടാക്കാറുണ്ടെന്നും താരം പറഞ്ഞു.

‘അവരൊക്കെ ഉണ്ടെങ്കില്‍ ചിലപ്പോള്‍ കുറച്ച് കൂടുതല്‍ നന്നായിപ്പോകും. സംവിധായകന്റെ അനുവാദത്തോടെ തന്നെ ചിലതൊക്കെ നിര്‍ത്തേണ്ട സ്ഥലവും കഴിഞ്ഞ് കുറച്ചൂടെ വണ്ടി മുന്നോട്ട് പോകും. അത്രയും അറിവുള്ളവരല്ലേ, അവരുടെ സംസര്‍ഗവുമൊക്കെ അങ്ങനെയുള്ള ആള്‍ക്കാരുമായിട്ടല്ലേ, അതിന്റെ ഗുണമൊക്കേ കുറേ ഞങ്ങള്‍ അനുഭവിച്ചിട്ടുണ്ട്,’ ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.

വിജേഷ് പി. വിജയന്‍ സംവിധാനം ചെയ്ത വിത്തിന്‍ സെക്കന്റ് ആണ് ഇന്ദ്രന്‍സിന്റെ പുറത്തിറങ്ങിയ അവസാന ചിത്രം.

അലെന്‍സിയര്‍, സുധീര്‍കരമന, സാന്‍ഡിനോ മോഹന്‍, ബാജിയോ ജോര്‍ജ്, സെബിന്‍, സിദ്ദീഖ് ,സന്തോഷ് കീഴാറ്റൂര്‍, തലൈവാസല്‍ വിജയ്, സുനില്‍ സുഗത, സംഗീത് ധര്‍മ്മരാജന്‍, നാരായണന്‍കുട്ടി, ദീപു, ശംഭു, മുരുകേശന്‍, ജയന്‍, ജെ. പി. മണക്കാട്, സരയുമോഹന്‍, സീമ ജി. നായര്‍, അനു നായര്‍, നീനക്കുറുപ്പ്, വര്‍ഷ, അനീഷ, ഡോ. അഞ്ചു സംഗീത്, മാസ്റ്റര്‍ അര്‍ജുന്‍ സംഗീത്, മാസ്റ്റര്‍ സഞ്ജയ്, മാസ്റ്റര്‍ അര്‍ജുന്‍ അനില്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

content highlight: innocent about mamukkoya, nedumudivenu, innocent

We use cookies to give you the best possible experience. Learn more