ഇംഫാല്‍: മണിപ്പൂരില്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് നടപ്പാക്കി തുടങ്ങി. മണിപ്പൂര്‍ സ്വദേശികളല്ലാത്തവര്‍ക്ക് സംസ്ഥാനത്തേക്ക് കടക്കാനാണ് ഇന്നര്‍ലൈന്‍ പെര്‍മിറ്റ് (ഐ.എല്‍.പി) നടപ്പാക്കുന്നത്. പെര്‍മിറ്റുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ മണിപ്പൂര്‍ ഗസറ്റില്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചതിന് ശേഷമാണ് ഐ.എല്‍.പി നിലവില്‍ വന്നത്.
മണിപ്പൂരിലേക്ക് പ്രവേശിക്കുന്നതിനുള്ള ആദ്യത്തെ ഐ.എല്‍.പി ലഭിച്ചത് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവിനായിരുന്നു.
ഏഴ് ദിവസത്തേക്കുള്ള ഐ.എല്‍.പി ആണ് രാം മാധവിന് അനുവദിച്ചിരുന്നത്. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു.
ഐ.എല്‍.പി അനുവദിക്കുന്നതിനായി നിലവില്‍ ആറ് കൗണ്ടറുകള്‍ ആരംഭിച്ചിട്ടുണ്ട്. മാവോ, ജിരിബാം, ജെസ്സാമി, മോറെ, ബെഹിയാങ്, സിന്‍ങ്‌ജ്വോള്‍ എന്നിവിടങ്ങളിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. 15 ദിവസത്തേക്ക് താത്കാലിക പെര്‍മിറ്റുകളും അനുവദിക്കും.
നാഗാലാന്റ് അതിര്‍ത്തിയിലുള്ള മാവോയില്‍ അഞ്ചു മണിവരെ 62 പെര്‍മിറ്റുകള്‍ നല്‍കി. ആസമിലെ കാച്ചാര്‍ ജില്ലയിലെ അതിര്‍ത്തി കൗണ്ടറായ ജിരിബാമില്‍ 33 പെര്‍മിറ്റുകള്‍ നല്‍കുകയും 330 അപേക്ഷകള്‍ സ്വീകരിക്കുകയും ചെയ്തു.
ദേശീയ പാതയോട് ചേര്‍ന്നുനില്‍ക്കുന്നതിനാല്‍ ഇരു കൗണ്ടറുകളിലും സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കും. പ്രത്യേക വിഭാഗം, റെഗുലര്‍, താത്കാലികം, തൊഴില്‍ തുടങ്ങി നാലു തരം പെര്‍മിറ്റുകളാണ് നല്‍കുക.
സര്‍ക്കാര്‍ കോണ്‍ട്രാക്ടേഴിസിനും നിക്ഷേപകര്‍ക്കും കച്ചവടക്കാര്‍ക്കും സംസ്ഥാനത്ത് ബിസിനസ് തുടങ്ങുന്നവുര്‍ക്കുമാണ് പ്രത്യേക വിഭാഗത്തിലുള്ള പെര്‍മിറ്റ് നല്‍കുക. ആഭ്യന്തര വകുപ്പ് മൂന്നുമാസത്തേക്ക് നല്‍കുന്ന പെര്‍മിറ്റിന് തുടക്കത്തില്‍ 5,000 രൂപ ചെലവാകും.
റെഗുലര്‍ പെര്‍മിറ്റ് സ്ഥിരമായി സംസ്ഥാനം സന്ദര്‍ശിക്കുന്നവര്‍ക്കാണ് നല്‍കുന്നത്. ഡെപ്യൂട്ടി കമ്മീഷണര്‍മാരാണ് 500 രൂപ ചെവലില്‍ സന്ദര്‍ശകര്‍ക്ക് 6 മാസത്തേക്കുള്ള പെര്‍മിറ്റ് അനുവദിക്കുക.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വിനോദ സഞ്ചാരികള്‍ക്കും ബിസിനസ് പ്രതിനിധികള്‍ക്കും കുറഞ്ഞകാലത്തേക്ക് സംസ്ഥാനത്ത് സന്ദര്‍ശിക്കാനെത്തുന്നവര്‍ക്കുമാണ് താത്കാലിക പെര്‍മിറ്റ് നല്‍കുന്നത്. ഒരു മാസത്തേക്ക് അനുവദിക്കുന്ന പെര്‍മിറ്റിന് 100 രൂപയാണ് ചെലവ്. ഡെപ്യൂട്ടി റെസിഡന്റ് കമ്മീഷണര്‍ ആയിരിക്കും അനുവദിച്ച് നല്‍കുക.
തൊഴില്‍ പെര്‍മിറ്റ് ജോലിയുടെ സ്വഭാവമനുസരിച്ച് പ്രത്യേക സമയത്തേക്കായിരിക്കും നല്‍കുക. കോണ്‍ട്രാക്ടര്‍മാറുടെ കീഴില്‍ ജോലിക്ക് വരുന്ന ഒരു കൂട്ടം ആളുകള്‍ക്കും ജോലിയ്ക്കനുസരിച്ചായിരിക്കും പെര്‍മിറ്റ് അനുവദിക്കുക. സംസ്ഥാനം അംഗീകാരം നല്‍കുന്ന ഏജന്‍സികള്‍ക്കും ലേബര്‍ കമ്മീഷണര്‍ക്കും പെര്‍മിറ്റ് അനുവദിക്കാം.
വിദേശികള്‍ക്ക് ഐ.എല്‍.പി ആവശ്യമില്ല. മണിപ്പൂരിലെ എല്ലാ സേവന മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കും സംസ്ഥാന- കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും കേന്ദ്ര സഹകരണ തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പെര്‍മിറ്റ് ആവശ്യമില്ല.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അംഗീകൃത ദേശീയ പാര്‍ട്ടികളുടെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികള്‍, മണിപ്പൂരിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ എന്നിവരുള്‍പ്പെടെയുള്ളവരെയും അര്‍ദ്ധ സൈനിക വിഭാഗങ്ങളെയും സായുധ സേനകളെയും അവരുടെ കുടുംബങ്ങളെയും നിയന്ത്രണത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ചിത്രം കടപ്പാട്: ഇന്ത്യന്‍ എക്‌സ്പ്രസ്