അമിത് ഷാ തുറന്നുവിട്ട ഐ.എല്‍.പി ഭൂതം
Opinion
അമിത് ഷാ തുറന്നുവിട്ട ഐ.എല്‍.പി ഭൂതം
ഫാറൂഖ്
Monday, 16th December 2019, 8:25 am
കശ്മീരില്‍ 370 അവസാനിപ്പിച്ചതിലൂടെ അമിത് ഷാ നമ്മെ 'ഒരൊറ്റ ഇന്ത്യ ഒരൊറ്റ നിയമം' എന്ന ആശയത്തിലേക്ക് അടുപ്പിച്ചു എന്നു കരുതുന്ന നിഷ്‌കളങ്കരാണ് നിങ്ങളെങ്കില്‍ മനസിലാക്കിക്കോളൂ, ഒരു സംസ്ഥാനത്തില്‍ നിന്ന് അടുത്തതിലേക്ക് പോകാന്‍ വിസ വേണ്ടി വരുന്ന ഭീതിദമായ കാലമാണ് മുമ്പില്‍. അമിത് ഷാ കഴിഞ്ഞയാഴ്ച കുടം തുറന്നുവിട്ട ഐ.എല്‍.പി എന്ന ഭൂതം തിരിച്ചു കുടത്തില്‍ കയറുന്നതുവരെ ആ ഭീതി ഒഴിയില്ല.

ഈ ബഹളങ്ങള്‍ക്കിടയില്‍ മറ്റൊന്നു കൂടെ സംഭവിച്ചു, പൗരത്വ ബില്‍ അവതരിപ്പിക്കുന്നതിന്റെ രണ്ടു ദിവസം മുമ്പ് അമിത് ഷാ മണിപ്പൂരിലെ നേതാക്കളെ കണ്ടു, മണിപ്പൂരില്‍ സമരം ഒന്നും ഉണ്ടാക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു. പകരം അവര്‍ ഒരു ഡിമാന്‍ഡ് വെച്ചു-പൗരത്വം കിട്ടാന്‍ പോകുന്ന ബംഗാളി ഹിന്ദുക്കള്‍ മണിപ്പൂരില്‍ വരാന്‍ പാടില്ല, അതിനു വേണ്ടി മണിപ്പൂരില്‍ ഐ.എല്‍.പി നടപ്പാക്കണം.

അമിത് ഷാ അനുസരിച്ചു. അതിനു വേണ്ട ബില്ല് കഴിഞ്ഞ തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ചു, പതിവുപോലെ അര്‍ധരാത്രി രാഷ്ട്രപതി ബില്ലില്‍ ഒപ്പുവെയ്ക്കുകയും ചെയ്തു. സന്തോഷ സൂചകമായി ചൊവ്വാഴ്ച മണിപ്പൂരില്‍ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും അവധിയും കൊടുത്തു.

തീര്‍ന്നില്ല, ബില്ല് അവതരണത്തിനുശേഷം ത്രിപുരയില്‍ പ്രക്ഷോഭം തുടങ്ങിയതിനെത്തുടര്‍ന്ന് ത്രിപുരയിലെ നേതാക്കളെ അമിത് ഷാ ദല്‍ഹിയിലേക്ക് വിളിപ്പിച്ചു. അവര്‍ക്കും അതേ ഡിമാന്‍ഡ്- ഐ.എല്‍.പി വേണം. കൊടുക്കാമെന്ന് അമിത് ഷാ പറഞ്ഞു, അവര്‍ സമരം പിന്‍വലിച്ചു, തിരിച്ചുപോയി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്നലെ മേഘാലയ നേതാക്കളും അമിത് ഷായെ സന്ദര്‍ശിച്ചു. നിയമസഭയില്‍ പ്രമേയവും പാസാക്കി. ആവശ്യം അതുതന്നെ-ഐ.എല്‍.പി വേണം.

അസമില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധം


അസമില്‍ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭത്തിന്റെ തീയണഞ്ഞാലും കനലണങ്ങില്ല, ഐ.എല്‍.പി അവര്‍ക്കും കൊടുക്കുന്നതു വരെ. കശ്മീരിനെ പോലെ പത്താള്‍ക്ക് ഒരു പട്ടാളക്കാരനെ വെച്ച് അസമില്‍ ഭരണം നടത്താന്‍ അമിത് ഷാ തയ്യാറായാലും പട്ടാളം തയ്യാറാവില്ല. പതിനായിരക്കണക്കിനു പട്ടാളക്കാര്‍ ജീവന്‍ കൊടുത്താണു വടക്കു കിഴക്ക് ഇപ്പോള്‍ കാണുന്ന സമാധാനം ഉണ്ടായത്. ഐ.എല്‍.പി അസമിനും കിട്ടും.

മാജിക്കുകാരന്‍ പോക്കറ്റില്‍ നിന്ന് പക്ഷിയെ എടുക്കുന്ന പോലെ അമിത് ഷാ വേണ്ടവര്‍ക്കെല്ലാം എടുത്തു കൊടുക്കുന്ന ഐ.എല്‍.പി എന്ന സാധനം എന്താണെന്നു മനസ്സിലാക്കി വെക്കുന്നതു നല്ലതായിരിക്കും. വരും വര്‍ഷങ്ങളില്‍ ഒരുപാടു പരാമര്‍ശിക്കപ്പെടാന്‍ പോകുന്ന മൂന്നക്ഷര-സംഗ്രഹങ്ങളില്‍ ആദ്യത്തേതായിരിക്കും അത്, ഒരുപക്ഷെ സി.എ.ബിക്കും എന്‍.ആര്‍.സിക്കും മുകളില്‍.

നമുക്കു മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞാല്‍, വിസയാണ് ഐ.എല്‍.പി, അഥവാ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്. ഉദാഹരണത്തിനു നമുക്ക് ദുബായില്‍ പോകണമെന്നു വെയ്ക്കുക. നമ്മളോ നമ്മള്‍ക്കു വേണ്ടി മറ്റാരെങ്കിലുമോ വിസക്ക് അപേക്ഷിക്കണം. എന്തിനാണു പോകുന്നതെന്നും എത്ര ദിവസം തങ്ങുമെന്നും കൂടെ ആരൊക്കെയുണ്ടെന്നും താമസിക്കാന്‍ പോകുന്നത് ഏതു ഹോട്ടലിലാണെന്നും മറ്റും വിശദമാക്കണം. ദുബായ് സര്‍ക്കാര്‍ അപേക്ഷ പരിഗണിച്ച് ഒന്നുകില്‍ വിസ തരും, അല്ലെങ്കില്‍ തരാതിരിക്കും.

ഇതേ പരിപാടിയാണ് ഐ.എല്‍.പി. മണിപ്പൂരിലേക്കു പോകണമെങ്കില്‍ വേറേതു സംസ്ഥാനത്തുള്ള ഇന്ത്യക്കാരനും ഇപ്പറഞ്ഞതൊക്കെ ചെയ്യണം. മണിപ്പൂര്‍ സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പിനാണ് അപേക്ഷ കൊടുക്കേണ്ടത്. മണിപ്പൂരില്‍ ഐ.എല്‍.പി നടപ്പായതിനു ശേഷം ആദ്യമായി വിസ കിട്ടിയത് ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവിനാണ്. അദ്ദേഹം അഭിമാനത്തോടെ അത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ മാസം 13 മുതല്‍ 19 വരെ ഏഴു ദിവസത്തേക്ക് രാം മാധവിന് മണിപ്പൂര്‍ സന്ദര്‍ശിക്കാം. തൊഴില്‍ ചെയ്യാനോ ബിസിനസ് നടത്താനോ പാടില്ല, സ്ഥലം വാങ്ങാനും പാടില്ല. 19-ാം തീയതി അതിര്‍ത്തി വിട്ടില്ലെങ്കില്‍ രാം മാധവിനെ മണിപ്പൂര്‍ പോലീസ് പിടിച്ചു പുറത്താക്കും, അല്ലെങ്കില്‍ ജയിലിലിടും.

 

ബി.ജെ.പി ജനറൽ സെക്രട്ടറി രാം മാധവിന് ലഭിച്ച ഇന്ത്യൻ സംസ്ഥാനമായ മണിപ്പൂരിലേക്കു പോകാനുള്ള സന്ദർശന വിസ

അരുണാചല്‍ പ്രദേശ്, മിസോറം, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ 1873 മുതല്‍ ഐ.എല്‍.പി നിലവിലുണ്ട്. അന്നാട്ടിലെ സമ്പത്ത് മറ്റു സംസ്ഥാനക്കാര്‍ കൊള്ള ചെയ്തു കൊണ്ടുപോവുന്നതു തടയാന്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന നിയമമാണ്. സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം അതെടുത്തു കളയാന്‍ പട്ടേല്‍ ശ്രമിച്ചതാണ്, നടന്നില്ല. ശ്യാമപ്രസാദ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ അന്നത്തെ ആര്‍.എസ്.എസുകാര്‍ ഐ.എല്‍.പി ലംഘിച്ച് ജാഥ നയിച്ച് അറസ്റ്റ് വരിച്ചിട്ടുണ്ട്. കശ്മീരിലെ 370 വകുപ്പിനോടൊപ്പം ഇതും കൂടി എടുത്തു കളയണമെന്നായിരുന്നു അവരുടെ ആവശ്യം.

370-ാം വകുപ്പ് ഐ.എല്‍.പിയുടെ അത്ര കേമമല്ല. 370-ാം വകുപ്പ് നിലവിലുള്ളപ്പോള്‍ നമുക്ക് കശ്മീരില്‍ പോകാന്‍ പെര്‍മിറ്റ് വേണ്ടിയിരുന്നില്ല. എത്ര ദിവസം വേണമെങ്കിലും താമസിക്കാമായിരുന്നു. ജോലിയും ചെയ്യാം. പക്ഷേ, സ്ഥലം വാങ്ങാന്‍ പറ്റില്ല. ഐ.എല്‍.പിയുള്ള സംസ്ഥാനങ്ങളില്‍ പെര്‍മിറ്റ് ഇല്ലാതെ കയറാന്‍ പോലും പറ്റില്ല. കയറാന്‍ ശ്രമിച്ചാല്‍ അതിര്‍ത്തിയില്‍ അവരുടെ പൊലീസ് തടയും.

സത്യത്തില്‍ ഒരു സംസ്ഥാനത്തിന് ഐ.എല്‍.പി പദവി കൊടുക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങളോടു കൂടെ ചോദിക്കേണ്ടതാണ്. മണിപ്പൂരിന് ഐ.എല്‍.പി കൊടുക്കുമ്പോള്‍ എന്തിനാണു മലയാളിയോടും തമിഴനോടും ചോദിക്കുന്നത് എന്നാണു ചോദ്യമെങ്കില്‍, അതില്‍ അനീതിയുടെ അംശമുണ്ട് എന്നതാണ് ഉത്തരം. ഇനി മുതല്‍ ഒരു മലയാളിക്കോ തമിഴനോ മണിപ്പൂരില്‍ ജോലി ചെയ്യാനോ സ്ഥലം വാങ്ങാനോ കഴിയില്ല, പക്ഷെ മണിപ്പൂരുകാര്‍ക്ക് കേരളത്തിലോ തമിഴ്‌നാട്ടിലോ ജോലി ചെയ്യാനും സ്ഥലം വാങ്ങാനുമൊക്കെ കഴിയും.

പ്രായോഗികമായി ഇന്ത്യയുടെ അതിര്‍ത്തികള്‍ മുഴുവന്‍ വിദേശികള്‍ക്ക് തുറന്നുകൊടുക്കുന്ന പൗരത്വനിയമം വരുമ്പോള്‍ ഇന്ത്യയുടെ വടക്കു കിഴക്ക് മുഴുവന്‍ കത്തുമെന്ന് അമിത് ഷാക്ക് അറിയാം. താന്താങ്ങളുടെ സംസ്ഥാനങ്ങളില്‍ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് പിണറായി ഉള്‍പ്പടെ പല മുഖ്യമന്ത്രിമാരും പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ പൗരത്വം ലഭിച്ച ഒരു ബംഗ്ലാദേശിയെ സംസ്ഥാനത്തിന്റെ അതിര്‍ത്തിയില്‍ തടയാന്‍ ഒരു മുഖ്യമന്ത്രിക്കും കഴിയില്ല, കാരണം അതു ഭരണഘടന ഉറപ്പുനല്‍കുന്ന സഞ്ചാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. ഐ.എല്‍.പി പദവി സംസ്ഥാനത്തിന് ഉണ്ടെങ്കില്‍ മാത്രമേ സംസ്ഥാന അതിര്‍ത്തികളില്‍ പൊലീസിനെ വിന്യസിക്കാന്‍ കഴിയൂ.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൂടുതല്‍ സംസ്ഥാനങ്ങള്‍ പലപ്പോഴായി ഐ.എല്‍.പി അവകാശം ചോദിച്ചിട്ടുണ്ട്. കേന്ദ്രം ഒരിക്കലും വഴങ്ങിയിരുന്നില്ല. പണ്ടോറയുടെ പെട്ടിയാണ്, അതു തുറക്കരുത് എന്ന് മുമ്പു ഭരിച്ച ബോധമുള്ളവര്‍ക്കൊക്കെ ബോധ്യമുണ്ടായിരുന്നു. 1873-നു ശേഷം അമിത് ഷായാണു പണ്ടാര പെട്ടി ആദ്യമായി തുറക്കുന്നത്- കഴിഞ്ഞയാഴ്ച.

സാമ്പത്തിക മാന്ദ്യമുണ്ടാകുമ്പോള്‍, തൊഴിലവസരങ്ങള്‍ കുറയുമ്പോള്‍, നാട്ടുകാരുടെ ഇടയില്‍ പടരുന്ന ഒരു പൊതുവികാരമാണ് അന്യദേശ തൊഴിലാളി വിരോധം. നമ്മുടെ നാട്ടുകാര്‍ക്ക് കിട്ടേണ്ട തൊഴില്‍ അന്യ നാട്ടുകാര്‍ തട്ടിയെടുക്കുന്നുവെന്നും നമ്മുടെ സമ്പത്തു മുഴുവന്‍ പുറത്തേക്ക് കടത്തുന്നുവെന്നുമുള്ള പ്രചാരണം പെട്ടെന്ന് പടരും. സാമ്പത്തിക ഉന്നമനം ഉണ്ടാക്കാന്‍ കഴിവില്ലാത്ത രാഷ്ട്രീയക്കാര്‍ രഹസ്യമായും പരസ്യമായും ഇതു പ്രചരിപ്പിക്കുകയും ചെയ്യും. മെക്‌സിക്കോക്കാര്‍ക്കെതിരെ പ്രചാരണം നടത്തിയാണ് ട്രംപ് പ്രസിഡന്റായത്, പോളണ്ടുകാര്‍ക്കും മറ്റുമെതിരെ വിദ്വേഷ പ്രചാരണം നടത്തിയാണ് ബോറിസ് ജോണ്‍സന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായത്.

ഇന്ത്യയില്‍ എല്ലാ സംസ്ഥാനത്തും ഇത്തരം പ്രചാരണങ്ങളുണ്ട്, അതിനനുസരിച്ചുള്ള നടപടികളും ഉണ്ടാവാറുണ്ട്. പണ്ട് ശിവസേന, അസം ഗണ പരിഷദ് (എ.ജി.പി) തുടങ്ങിയ പാര്‍ട്ടികള്‍ ഗുണ്ടാ രീതിയില്‍ മറ്റു സംസ്ഥാനക്കാരെ തെരുവിലിട്ട് തല്ലുന്നതും അവരുടെ സ്ഥാപനങ്ങള്‍ കത്തിക്കുന്നതുമൊക്കെയായിരുന്നു രീതി. ഇപ്പൊ ആ രീതി മാറി നിയമ നിര്‍മാണത്തിലേക്കു തിരിഞ്ഞിട്ടുണ്ട്. ഉദാഹരണമായി, ഈയടുത്ത് ആന്ധ്രയില്‍ സ്വകര്യമേഖലയിലെ ജോലികളില്‍ 75 ശതമാനം ആന്ധ്രക്കാര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്, രാജസ്ഥാനില്‍ 80 ശതമാനവും. മഹാരാഷ്ട്രയില്‍ ഇതേപോലെ സംവരണം കൊണ്ടുവരുമെന്ന് ശിവസേന പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതില്‍ പാര്‍ട്ടി ഭേദമൊന്നുമില്ല, ഗോവയിലെയും കര്‍ണാടകയിലെയും സര്‍ക്കാരുകള്‍ സമാനമായ നിയമങ്ങള്‍ കൊണ്ടുവരാനുള്ള പരിപാടിയിലാണ്. ഇതൊക്കെ ഇന്ത്യയില്‍ എവിടെയും ജോലിയെടുക്കാനുള്ള പൗരന്മാരുടെ അവകാശത്തിനു നേരെയുള്ള ആക്രമണം എന്ന നിലയില്‍ കോടതികള്‍ തടയേണ്ടതാണ്. പക്ഷെ, ഭാഗംവെച്ച തറവാട്ടിലെ കാരണവരുടെ റോള്‍ ആണിപ്പോള്‍ കോടതികള്‍ക്ക്, ഒന്നും പറയാതെ ഉമ്മറത്തു കസേരയിട്ടിരിപ്പാണ്, പറഞ്ഞാലും മക്കളും മരുമക്കളും കേള്‍ക്കില്ല, പിന്നെ പറഞ്ഞിട്ടെന്താണ്.

ഉദ്ധവ് താക്കറെ


ഈ നിയമങ്ങള്‍ക്കൊക്കെ ഒരു പരിമിതിയുണ്ട്, ഫോര്‍മല്‍ സെക്ടര്‍, അഥവാ വലിയ ഫാക്ടറികള്‍, അല്ലെങ്കില്‍ വന്‍ കെട്ടിടങ്ങളുടെ നിര്‍മാണ സ്ഥലത്തൊക്കെയേ ഈ നിയമങ്ങള്‍ നടപ്പാക്കാനാവൂ. ചെറുകിട ഹോട്ടലുകള്‍, ചെറിയ നിര്‍മാണസ്ഥലങ്ങള്‍, പ്ലമ്പിങ്, പെയിന്റിങ് ജോലികള്‍ ഒക്കെ ചെയ്യുന്ന അന്യ നിര്‍മാണ തൊഴിലാളികളെ തടയാന്‍ ഇത്തരം നിയമങ്ങള്‍ക്കു കഴിയില്ല, അതിന് ഐ.എല്‍.പി വേണം. സ്വാതന്ത്ര്യത്തിന് ശേഷം അങ്ങനെ ഒരു സൗകര്യം ഇതുവരെ ഒരു സംസ്ഥാനത്തിനും നല്‍കിയില്ലാത്തതു കൊണ്ട് ആരും ചോദിച്ചിരുന്നില്ല. ആ കാലമാണ് കഴിഞ്ഞയാഴ്ച കഴിഞ്ഞത്.

ഇനി ഓരോരോ സംസ്ഥാനങ്ങളായി ഐ.എല്‍.പി ചോദിക്കും. അതതു സംസ്ഥാനത്തിലെ അന്നന്നത്തെ രാഷ്ട്രീയ സ്ഥിതിയനുസരിച്ചു കേന്ദ്ര സര്‍ക്കാര്‍ ഐ.എല്‍.പി കൊടുക്കുകയും ചെയ്യും. പിഞ്ഞാണക്കടയില്‍ കയറിയ കാളയെപ്പോലെയാണ് അമിത് ഷാ, മൂക്കിനു മുമ്പില്‍ കാണുന്ന പിഞ്ഞാണം മാത്രമാണു ലക്ഷ്യം.

ഇനിയിപ്പോള്‍ കേന്ദ്രം ഐ.എല്‍.പി കൊടുത്തില്ല എന്നു വെയ്ക്കുക. ജഗന്മോഹനെയും ഉദ്ധവ് താക്കറെയും യെദിയൂരപ്പയും പോലെയുള്ള മുഖ്യമന്ത്രിമാരില്‍ നിന്നു വലിയ ദീര്‍ഘദൃഷ്ടിയൊന്നും പ്രതീക്ഷിക്കേണ്ട. നാട്ടുകാരെ സന്തോഷിപ്പിക്കാന്‍ 21 ദിവസത്തിനകം കുറ്റാരോപിതരെ തൂക്കി കൊല്ലണമെന്ന് നിയമം പാസാക്കിയ വികടന്മാരാണ്. അവര്‍ സ്വന്തമായി ഐ.എല്‍.പി പ്രഖ്യാപിക്കും. അതിര്‍ത്തിയില്‍ പൊലീസ് ചെക്ക് പോസ്റ്റ് സ്ഥാപിക്കുകയും ചെയ്യും. ഇടപെടേണ്ട കോടതികളുടെ കാര്യം നേരത്തെ പറഞ്ഞല്ലോ.

കേരളത്തിലും അന്യദേശ വിദ്വേഷത്തിനു കുറവൊന്നുമില്ല. മുഖ്യധാരാ മാധ്യമങ്ങളില്‍ കാര്യമായ പ്രതിഫലനം ഉണ്ടാവാറില്ലെങ്കിലും വാട്‌സാപ്പില്‍ അരങ്ങു തകര്‍ക്കുന്ന പ്രചാരണമാണ്. കേരളത്തിലെ സാധാരണ വീട്ടമ്മയൊക്കെ ഇപ്പോള്‍ വിചാരിക്കുന്നത് കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നം ഇതര സംസ്ഥാന തൊഴിലാളികളാണെന്നാണ്, അവര്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നു, മോഷണം നടത്തുന്നു, തൊഴില്‍ തട്ടിയെടുക്കുന്നു തുടങ്ങി ദിവസവും നൂറു മെസ്സേജാണ് വാട്‌സാപ്പില്‍. പ്രചാരണം നന്നായി ഏല്‍ക്കുന്നുമുണ്ട്.

ദശലക്ഷക്കണക്കിന് ബംഗ്ലാദേശികള്‍ പുതിയ പൗരത്വ ബില്ലിലൂടെ ഇന്ത്യന്‍ പൗരന്മാരാകുകയും അവര്‍ കയറുന്നതില്‍ നിന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ ഐ.എല്‍.പിയിലൂടെ ഒഴിച്ചുനിര്‍ത്തുകയും ചെയ്യുമ്പോള്‍ മഹാരാഷ്ട്ര, കര്‍ണാടക, ദല്‍ഹി, കേരളം തുടങ്ങിയ സ്ഥലങ്ങളിലേക്കായിരിക്കും അവര്‍ സ്വാഭാവികമായി വരുന്നത്. ബിഹാറിലും ഒഡിഷയിലും യു.പിയിലുമൊന്നും പോയിട്ട് ഒരു കാര്യവുമില്ല, അവിടുത്തുകാര്‍ തന്നെ മുംബൈയിലേക്കും ദല്‍ഹിയിലേക്കും പോയിക്കൊണ്ടിരിക്കുകയാണ്. ഇനിയുള്ള വര്‍ഷങ്ങളില്‍ വാട്‌സാപ്പ് വിദ്വേഷ പ്രചാരണങ്ങളുടെ അയ്യര് കളിയായിരിക്കും എന്നുറപ്പ്.

കേരളത്തിലെ മെസ്സേജുകള്‍ മിക്കവാറും ബി.ജെ.പിയുടെ ഐ.ടി സെല്ലുകളില്‍ നിര്‍മിച്ചു സംഘപരിവാര്‍ ഗ്രൂപ്പുകളാണ് പ്രചരിപ്പിക്കുന്നത്. ബി.ജെ.പി ഫണ്ട് ചെയ്യുന്ന ചില ഓണ്‍ലൈന്‍ പത്രങ്ങളും വിദ്വേഷ പ്രചാരണത്തിന്റെ മുന്‍പന്തിയിലുണ്ട്. ഒരു കാര്യം ഉറപ്പാണ്, കേരളത്തിന് ഐ.എല്‍.പി ആവശ്യപ്പെടുന്ന ആദ്യത്തെ പാര്‍ട്ടി ബി.ജെ.പി ആയിരിക്കും, നിലമൊരുക്കിയവര്‍ വിത്ത് വിതക്കാതിരിക്കില്ലല്ലോ. മറ്റൊരു സുവര്‍ണാവസരമെന്ന് കരുതി അമിത് ഷാ അതനുവദിക്കാനും മതി.

കശ്മീരില്‍ 370 അവസാനിപ്പിച്ചതിലൂടെ അമിത് ഷാ നമ്മെ ‘ഒരൊറ്റ ഇന്ത്യ ഒരൊറ്റ നിയമം’ എന്ന ആശയത്തിലേക്ക് അടുപ്പിച്ചു എന്നു കരുതുന്ന നിഷ്‌കളങ്കരാണ് നിങ്ങളെങ്കില്‍ മനസിലാക്കിക്കോളൂ, ഒരു സംസ്ഥാനത്തില്‍ നിന്ന് അടുത്തതിലേക്ക് പോകാന്‍ വിസ വേണ്ടി വരുന്ന ഭീതിദമായ കാലമാണ് മുമ്പില്‍. അമിത് ഷാ കഴിഞ്ഞയാഴ്ച കുടം തുറന്നുവിട്ട ഐ.എല്‍.പി എന്ന ഭൂതം തിരിച്ചു കുടത്തില്‍ കയറുന്നതുവരെ ആ ഭീതി ഒഴിയില്ല.

ഫാറൂഖ് എഴുതിയ മറ്റു ലേഖനങ്ങള്‍ ഇവിടെ വായിക്കാം

എന്‍.ആര്‍.സി എന്നാല്‍ ആധാര്‍ കാര്‍ഡ് പരിശോധിക്കലല്ല, തങ്ങളുടെ അപ്പനപ്പൂപ്പന്മാര്‍ ജീവിച്ചിരുന്നതിന്റെ രേഖ ക്യൂ നിന്ന് ഹാജരാക്കലാണ്

‘നോട്ടു നിരോധന സമയത്തു കണ്ട ക്യൂ ഒന്നും ഒരു ക്യൂ അല്ല, ശരിക്കുള്ള ക്യൂ വരാന്‍ പോകുന്നതെയുള്ളൂ’; മലയാളികള്‍ എന്‍.ആര്‍.സിക്ക് തയ്യാറാകേണ്ട വിധം

എല്ലാം അംബാനിക്ക് വേണ്ടി

സ്വയംസേവകര്‍ ഇനി മനുഷ്യ നിര്‍മാണത്തിന്

ചാരിറ്റികള്‍ അവസാനിക്കട്ടെ !

പ്രാരാബ്ദക്കാരനായ സര്‍ക്കാരും പൊളിയുന്ന ബാങ്കുകളും

ഹൗഡി അമേരിക്ക

പൗരത്വ ഭേദഗതി ബില്‍ നോട്ടുനിരോധനത്തേക്കാള്‍ വലിയ ദുരന്തമാകുമോ?എന്‍.ആര്‍.സി – ആന്റി ക്ലൈമാക്‌സ്

പയ്യന്‍ ജയിലിലായ കഥ

സഖാവ് നിര്‍മല സീതാരാമന്‍

ഹിന്ദു വളര്‍ച്ചാ നിരക്ക്

ബംഗാളും കേരളവും – താത്വികമല്ലാത്ത ഒരു വിശകലനം

ശ്രീലങ്കന്‍ കൂട്ടക്കുരുതി : ചിന്തിക്കുന്ന കേരള മുസ്‌ലിംകള്‍ക്കുള്ള ദൃഷ്ടാന്തം

ലൂസിഫര്‍ വില്ലന്മാര്‍ ഇലക്ടോറല്‍ ബോണ്ടിന് ശേഷം

നെഹ്‌റു പേടി

ജെറ്റ് എയര്‍വെയ്‌സും നമ്മുടെ നെഞ്ചത്തേക്ക് 

തേങ്ങയുടച്ച മോദി

അജിത് ഡോവലും മക്കളും

ജനം ടീവി റേറ്റിംഗ് : ക്ഷുഭിത വാര്‍ധക്യങ്ങള്‍ക്കും ഒരു എന്റര്‍ടൈന്‍മെന്റ്

മുതലാഖ് ബില്‍ : മുസ്‌ലിം പുരുഷന്മാര്‍ക്കുള്ള ശിക്ഷയും പാഠവും

രാഹുല്‍ ഈശ്വറും ഡൊണാള്‍ഡ് ട്രംപും

ഇതൊരു കെട്ട കാലമല്ല

വഴി കാട്ടാന്‍ കോടതികള്‍, ഏക സിവില്‍ കോഡ് തൊട്ടരികെ

പൗരത്വ പട്ടിക – ഉര്‍വശി ശാപവും ഉപകാരങ്ങളും.

ഇന്റലക്ച്വല്‍ സെല്‍ കണ്‍വീനര്‍ ശ്രീ മോഹന്‍ദാസ്ജി

സ്വയമറിയാതെ സാമൂഹ്യ പരിഷ്‌കര്‍ത്താവായ ഹാദിയ

അറേഞ്ച്ഡ് മാര്യേജ് എന്ന നിര്‍ബന്ധിത വിവാഹങ്ങള്‍

ഹലാല്‍ സ്‌കൂളുകളും ഹലാല്‍ ഫ്‌ളാറ്റുകളും

വിഷ്ണുക്കെണി

രണ്ടു സംഘി ജീവിതങ്ങളുടെ താരതമ്യം

ഫാറൂഖ് കോളേജ് : പതിവ് ന്യായീകരണങ്ങള്‍ പാളിയതെങ്ങനെ?

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ