| Friday, 7th September 2018, 10:44 am

മീൻ വറ്റിയ വേമ്പനാട്ടു കായൽ

ശ്രീഷ്മ കെ

ആലപ്പുഴ ജില്ലയിലെ മത്സ്യബന്ധന മേഖല തീരദേശത്തു മാത്രം ഒതുങ്ങുന്നതല്ല. പരമ്പരാഗതമായി മത്സ്യബന്ധനത്തൊഴില്‍ ചെയ്യുന്ന അനവധി ഉള്‍നാടന്‍ മത്സ്യകര്‍ഷകരാണ് ജില്ലയിലുള്ളത്. കായലിലെ മത്സ്യബന്ധനവും ടൂറിസ്റ്റുകളുടെ ബാഹുല്യവും മുന്നോട്ടു കൊണ്ടുപോയിരുന്ന ഉള്‍നാടന്‍ മത്സ്യകൃഷിയെ പ്രളയം ഏതാണ്ട് പൂര്‍ണമായും തച്ചുടച്ചു കഴിഞ്ഞു.

അറുപതിനായിരത്തോളം ഉള്‍നാടന്‍ മത്സ്യകര്‍ഷകരാണ് ജില്ലയിലുള്ളതെന്നാണ് കണക്കുകള്‍. അഞ്ഞൂറു കോടിയിലധികം രൂപ വിലമതിക്കുന്ന മത്സ്യകൃഷി ഇവര്‍ പ്രതിവര്‍ഷം ചെയ്തു പോന്നിരുന്നു. ഇങ്ങനെ ജില്ലയില്‍ ഒരു വലിയ വിഭാഗം ജനങ്ങളെ നേരിട്ടും അല്ലാതെയും ബാധിച്ചിരുന്ന ഉള്‍നാടന്‍ മത്സ്യകൃഷിയാണ് പ്രളയജലമിറങ്ങിയപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്.

പ്രളയത്തെത്തുടര്‍ന്ന് കായലുകളില്‍ മീനില്ലാതായതും, കഷ്ടപ്പെട്ടു പിടിക്കുന്ന മീന്‍ വാങ്ങാനാളില്ലാത്തതും മത്സ്യത്തൊഴിലാളികളെ വലിയ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഡാമുകള്‍ തുറന്നുവിട്ടതോടെ ജലാശയങ്ങളിലെത്തിയിരിക്കുന്ന അലങ്കാര മത്സ്യങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ വിലയില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. മറ്റൊരു ജോലിക്കും പോകാനാകാത്തവരാണ് ഇവരില്‍ ഭൂരിഭാഗവും.

തീരദേശ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങളെ അപേക്ഷിച്ച് വളരെ തുച്ഛമായ പദ്ധതികളേ തങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ കൊണ്ടുവരാറുള്ളൂവെന്നും ഇവര്‍ പരാതിപ്പെടുന്നുണ്ട്. വലിയ തോതിലുള്ള അവഗണന പല തലങ്ങളില്‍ നിന്നും സഹിക്കുന്ന ആലപ്പുഴയിലെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള സമയബന്ധിതമായ ഇടപെടലാണ് ആഗ്രഹിക്കുന്നത്.

ശ്രീഷ്മ കെ