തിരുവനന്തപുരം: ഇടതുമുന്നണിയില്‍ പാര്‍ട്ടിയെ ഉള്‍പ്പെടുത്തിയ തീരുമാനം സ്വാഗതാര്‍ഹമെന്ന് ഐ.എന്‍.എല്‍. അര്‍ഹിക്കുന്ന അംഗീകാരമാണ് ലഭിച്ചതെന്ന് ഐ.എന്‍.എല്‍ സംസ്ഥാന അധ്യക്ഷന്‍ എ.പി അബ്ദുല്‍ വഹാബ് പറഞ്ഞു.
25 വര്‍ഷത്തോളമായി എല്‍.ഡി.എഫിന് പിന്തുണ നല്‍കുന്നുണ്ടെന്നും പി.ടി.എ റഹീം എം.എല്‍.എയുടെ നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് ഐ.എന്‍.എല്ലില്‍ ലയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗമാണ് മുന്നണി വിപുലീകരണത്തിന് അനുമതി നല്‍കിയത്.
ഐ.എന്‍.എല്ലിനെക്കൂടാതെ കേരള കോണ്‍ഗ്രസ് (ബി), ലോക് താന്ത്രിക് ദള്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളാണ് ഇനി എല്‍.ഡി.എഫിന്റെ ഭാഗമാകുക.
ഐ.എന്‍.എലിനെ സംബന്ധിച്ച് 25 വര്‍ഷത്തെ കാത്തിരിപ്പിനാണ് വിരാമമുണ്ടായിരിക്കുന്നത്. കാല്‍നൂറ്റാണ്ടായി എല്‍.ഡി.എഫുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുവരുകയായിരുന്നു ഐ.എന്‍.എല്‍. കാസര്‍കോഡ് ലോക്‌സഭാ മണ്ഡലത്തിലും മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലും ഇവരുടെ നിലപാട് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
ഐ.എന്‍.എല്‍, ലോക് താന്ത്രിക് ദള്‍ എന്നിവരെ മുന്നണിയിലെടുക്കാന്‍ രണ്ടാഴ്ച മുന്‍പ് ചേര്‍ന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അനുമതി നല്‍കിയിരുന്നു. ലോകസ്ഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം എന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ വിശദീകരിച്ചു.
ALSO READ: വനിതാ മതില്‍ വിജയിപ്പിക്കാന്‍ വേണ്ടതെല്ലാം ചെയ്യും; എന്‍.എസ്.എസിനെതിരെ ആര്‍. ബാലകൃഷ്ണപിള്ള
2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി എല്‍.ഡി.എഫ് വിട്ടത്. പിന്നീട് യു.ഡി.എഫുമായി സഹകരിച്ച ജെ.ഡി.യു പിന്നീട് യു.ഡി.എഫ് വിടുകയും ജനതാദളുമായി തെറ്റിപ്പിരിഞ്ഞ് പുതിയ പാര്‍ട്ടി രൂപീകരിക്കുകയുമായിരുന്നു. ജെ.ഡി.യു ദേശീയ അധ്യക്ഷന്‍ നിതീഷ് കുമാര്‍ ബി.ജെ.പിയുമായി സഹകരിക്കാന്‍ തീരുമാനിച്ചതോടെയാണ് വീരേന്ദ്രകുമാര്‍ പുതിയ പാര്‍ട്ടിയുമായി രംഗത്തെത്തിയത്.
WATCH THIS VIDEO: