|

ഒരു സഹപ്രവര്‍ത്തകനോട് താനേതാ പാര്‍ട്ടി എന്ന് ചോദിച്ച് പ്രകോപനമുണ്ടാക്കി; തുടക്കം മുതല്‍ പ്രശ്‌നമുണ്ടാക്കിയത് കാസിം ഇരിക്കൂറാണെന്ന് ഐ.എന്‍.എല്‍. പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഐ.എന്‍.എല്‍. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലെ കൂട്ടത്തല്ലില്‍ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെതിരെ പരസ്യ പ്രതികരണവുമായി സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുള്‍ വഹാബ്.

ഐ.എന്‍.എല്ലിനെ നശിപ്പിക്കാന്‍ ജനറല്‍ സെക്രട്ടറി ശ്രമിക്കുന്നതായി എ.പി. അബ്ദുള്‍ വഹാബ് ആരോപിച്ചു. രണ്ട് സെക്രട്ടറിയേറ്റ് അംഗങ്ങളെ പുറത്താക്കിയതായി ജനറല്‍ സെക്രട്ടറി മിനുട്‌സില്‍ എഴുതിച്ചേര്‍ത്തിരുന്നു. ഇതുസംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് പാര്‍ട്ടിയിലെ ഒരു സെക്രട്ടറിയോട് താനേതാ പാര്‍ട്ടി എന്നാണ് കസിം ഇരിക്കൂര്‍ ചോദിച്ചതെന്നും അദ്ദേഹം മനപ്പുര്‍വം പ്രശ്‌നം ഉണ്ടാക്കിയെന്നും അബ്ദുള്‍ വഹാബ് പറഞ്ഞു.

അവാസ്തവമായ കാര്യങ്ങളാണ് കാസിം ഇരിക്കൂര്‍ യോഗത്തില്‍ പറഞ്ഞത്. ഒ.പി.ഐ. പോക്കര്‍ മാസ്റ്റര്‍ അടക്കമുള്ള സെക്രട്ടറിയേറ്റ് അംഗങ്ങളെ കാസിം അപമാനിച്ചെന്നും എ.പി. അബ്ദുള്‍ വഹാബ് കുറ്റപ്പെടുത്തി.

‘ഇന്ന് നടന്നത് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ്. രാവിലെ സമാധാനപരമായാണ് യോഗം ആരംഭിച്ചത്. നല്ല നിലയില്‍ തുടങ്ങിയ യോഗത്തില്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി തുടക്കം മുതല്‍ തന്നെ പ്രശ്‌നങ്ങളുണ്ടാക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ രണ്ട് സെക്രട്ടറിയേറ്റ് അംഗങ്ങളെ പുറത്താക്കാന്‍ ശ്രമിച്ചെന്ന സെക്രട്ടറിയുടെ ശബ്ദ സന്ദേശത്തെക്കുറിച്ച് ചോദിച്ചത് മുതലാണ് പ്രശ്‌നങ്ങളുണ്ടായത്,’ എ.പി അബ്ദുള്‍ വഹാബ് പറഞ്ഞു.

ഇന്ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന നേതൃയോഗത്തിനിടെയായിരുന്നു രണ്ട് വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായത്. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ സാന്നിധ്യത്തിലാണ് ലോക്ഡൗണ്‍ ലംഘിച്ച് പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടിയത്.

സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകള്‍ക്കിടെയായിരുന്നു യോഗം വിളിച്ച് ചേര്‍ത്തിരുന്നത്. രാവിലെ സംസ്ഥാന സെക്രട്ടറിയേറ്റും പിന്നാലെ പ്രവര്‍ത്തക സമിതി യോഗവുമാണ് എറണാകുളത്ത് വിളിച്ചിരിക്കുന്നത്.

സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുള്‍ വഹാബ് ഒരുവശത്തും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവര്‍കോവിലും മറുവശത്തും നിന്നാണ് തമ്മിലടി നടന്നത്.

ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും എതിര്‍ചേരിയിലുള്ളവരും തമ്മില്‍ പാര്‍ട്ടിയില്‍ പ്രതിഷേധം രൂക്ഷമാണ്. ചരിത്രത്തിലാദ്യമായി മന്ത്രി സ്ഥാനം ലഭിച്ചപ്പോള്‍ നേതാക്കള്‍ക്കിടയിലുള്ള അധികാരത്തര്‍ക്കവും മറനീക്കി ഐ.എന്‍.എല്ലില്‍ പുറത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: INL State President A.P. Abdul Wahab against General secretary Kasim Irikur 

Latest Stories