കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിക്കൊണ്ടുള്ള ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പിണറായിയെ കുറിച്ചുള്ള കാസിം ഇരിക്കൂറിന്റെ ഓരോ പരാമര്‍ശത്തിനും സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ലഭിക്കുന്നുണ്ട്.
ഇറ്റലിയില്‍ നിന്നെത്തിയ ഒരു പത്രക്കാരിയെ താന്‍ പരിചയപ്പെട്ടപ്പോള്‍ അവര്‍ മുഖ്യമന്ത്രിയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ കേട്ട് കണ്ണ് തള്ളിപ്പോയെന്നാണ് പ്രസംഗത്തില്‍ കാസിം ഇരിക്കൂര്‍ പറയുന്നത്. മുഖ്യമന്ത്രിയെ ബുദ്ധനുമായി ഉപമിക്കുന്ന ചില പരാമര്‍ശങ്ങളും പ്രസംഗത്തില്‍ അദ്ദേഹം നടത്തുന്നുണ്ട്.
‘ ഇറ്റലിയില്‍ നിന്ന് വന്ന ഒരു പത്രപ്രവര്‍ത്തകയെ ഒരു പരിപാടിക്കിടെ പരിചയപ്പെടാന്‍ അവസരം ലഭിച്ചിരുന്നു. സംസാരത്തിനിടെ ഞങ്ങളുടെ സോണിയാ ഗാന്ധിയെ അറിയുമോ എന്ന് ഞാന്‍ അവരോട് ചോദിച്ചു. കേട്ടിട്ടുണ്ട് എന്നായിരുന്നു അവരുടെ മറുപടി. അവര്‍ക്ക് രണ്ട് മക്കളുണ്ട്, അറിയുമോ എന്ന് ചോദിച്ചപ്പോള്‍ ഒരു ഐഡിയയും ഇല്ലെന്നായിരുന്നു പറഞ്ഞത്.
ഈ കൊവിഡ് കാലത്ത് എന്തിനാണ് കേരളത്തിലേക്ക് വന്നതെന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ‘ഐ ലൈക്ക് പിണറായി വിജയന്‍’, അവര്‍ പിണറായി വിജയനെ ഇഷ്ടപ്പെടുന്നു എന്നാണ്. എങ്ങനെയാണ് കേരളത്തെ കുറിച്ചും പിണറായി വിജയന്റെ ഭരണത്തെ കുറിച്ചും അറിയാന്‍ സാധിച്ചതെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത് ഞങ്ങള്‍ ഇറ്റലിയിലെ അടുക്കളയില്‍ പോലും കേരളത്തിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടെന്നായിരുന്നു.
ഈ കാലഘട്ടത്തില്‍ ലോകത്തുള്ള കമ്മ്യൂണിസ്റ്റ് ഭരണാധികാരികളില്‍ ഏറ്റവും പ്രാപ്തനായ മനുഷ്യനാണ് പിണറായി വിജയനെന്നാണ് അവര്‍ പറഞ്ഞത്. എങ്ങനെയാണ് നിങ്ങള്‍ക്ക് കേരളത്തെ കുറിച്ച് ഇങ്ങനെ മനസിലാക്കാന്‍ സാധിച്ചതെന്ന് ആകാംഷയോടെ ചോദിച്ചപ്പോള്‍ ഞങ്ങളുടെ നാട്ടിലിറങ്ങുന്ന പ്രസിദ്ധീകരണങ്ങള്‍ മുഴുവന്‍ തന്നെ കേരളം കൈവരിച്ച നേട്ടങ്ങളെ കുറിച്ച് എഴുതിയിട്ടുണ്ടെന്നായിരുന്നു അവരുടെ മറുപടി.
ഇന്ത്യയിലെ മറ്റിടങ്ങളെ കുറിച്ച് അവര്‍ക്ക് ധാരണയുണ്ടായിരുന്നില്ല. അവര്‍ ചെറിയ ഒരു ഉദാഹരണവും എന്നോട് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ നിരവധി വെല്ലുവിളികളെയും പ്രതിസന്ധികളെയും നിങ്ങള്‍ നേരിട്ടു. പക്ഷേ അതിനെ അചഞ്ചലമായി നേരിടാനും ചെറുത്തുതോല്‍പ്പിക്കാനും നിങ്ങളുടെ ഭരണാധികാരിക്ക് സാധിച്ചു.
അവര്‍ കാര്യങ്ങള്‍ അക്കമിട്ട് നിരത്തി. കേരളത്തില്‍ നിപ്പയുണ്ടായി, രണ്ട് പ്രളയമുണ്ടായി ഏറ്റവും ഒടുവില്‍ കൊവിഡ് ഉണ്ടായി ഈ കാലഘട്ടത്തിലെല്ലാം തന്നെ ജനങ്ങളെ പട്ടിണിക്കിടാതെ ആ മാരകമായ രോഗത്തെ പ്രതിരോധിച്ചുകൊണ്ട് മുന്നോട്ടുപോയ ഗവണ്‍മെന്റ് ഉണ്ടെങ്കില്‍ അത് നിങ്ങളുടെ ഗവര്‍മെന്റാണ്.
നിപ്പ എന്ന രോഗത്തിന്റെ ഏറ്റവും ലളിതമായ വെറൈറ്റി ഉത്തരാഫ്രിക്കയിലുണ്ടായിരുന്നത്രേ. ഒരു മാസത്തിനുള്ളില്‍ 12000 പേരാണ് മരിച്ചത്. നിപ്പ കേരളത്തെ ബാധിച്ചുവെന്ന് കേട്ട സമയത്ത് ഞങ്ങള്‍ ഞെട്ടിത്തരിച്ചു. എന്നാല്‍ വളരെ കാര്യക്ഷമമായി നിങ്ങള്‍ 36 പേരുടെ മരണം കൊണ്ട് ആ രോഗത്തെ നേരിട്ടു, മാധ്യമപ്രവര്‍ത്തക പറഞ്ഞതായി കാസിം ഇരിക്കൂര്‍ തുടര്‍ന്നു.
‘തുര്‍ക്കിയിലെ ഒരു ന്യൂസ് ഏജന്‍സിയുടെ ബ്യൂറോ ചീഫ് എന്റെ സുഹൃത്താണ്. സൗദി അറേബ്യയില്‍ നിന്ന് പരിചയപ്പെട്ടതാണ്. അദ്ദേഹം എന്നോട് ചോദിക്കുകയാണ് നിങ്ങളുടെ മുഖ്യമന്ത്രി ഒരു ബുദ്ധമത വിശ്വാസി ആണോ എന്ന്. ആ ചോദ്യം കേട്ട് ഞാന്‍ അത്ഭുതപ്പെട്ടു പോയി.
ഈ കൊവിഡ് കാലഘട്ടത്തില്‍ മനുഷ്യന് ഭക്ഷണം കൊടുക്കണം എന്നു പറയുന്ന കൂട്ടത്തില്‍ കുറുക്കനും തെരുവ് പട്ടിക്കും ഭക്ഷണം കൊടുക്കണം എന്നു പറയുന്ന ഒരു ഭരണാധികാരി അടുത്ത കാലത്തൊന്നും ലോകത്തില്‍ ഉണ്ടായിട്ടില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. മനുഷ്യന്‍ മാത്രമല്ല എല്ലാ ജീവജാലങ്ങളേയും കുറിച്ച് ആ പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു എന്നുള്ളത് ചെറിയ കാര്യമല്ലെന്ന് കൂടി അവര്‍ പറഞ്ഞു, കാസിം ഇരിക്കൂര്‍ പ്രസംഗത്തില്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാസിം ഇരിക്കൂറിന്റെ പ്രസംഗത്തിന്റെ വീഡിയോക്ക് താഴെ പരിഹാസരൂപേണയുള്ള നിരവധി കമന്റുകളാണ് വരുന്നത്. ഒന്ന് മയത്തില്‍ തള്ളണ്ടേയെന്നും ആ പത്രക്കാരിയുടെ പേരും അഡ്രസും ഒന്നു തരാമോ എന്നുമാണ് ചിലരുടെ ചോദ്യം.
ഉത്തരാഫ്രിക്കന്‍ രാജ്യത്ത് നിപ്പ വന്ന് 12000 പേര് മരിച്ച കഥ സഖാവ് വിവരിച്ചപ്പോള്‍ കണ്ണ് നിറഞ്ഞു പോയെന്നും ബുദ്ധനുമായുള്ള താരതമ്യം മാരകമാണെന്നുമാണ് ചിലരുടെ കമന്റ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക