കോഴിക്കോട്: ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റിയും സംസ്ഥാന കൗണ്‍സിലും സംസ്ഥാന സെക്രട്ടറിയേറ്റും പിരിച്ചുവിട്ടു. പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവിലാണ് തീരുമാനം. ഇതോടെ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അധ്യക്ഷനായി അഡ്ഹോക് കമ്മിറ്റി നിലവില്‍ വന്നു. അഡ്‌ഹോക് കമ്മിറ്റിയില്‍ ഏഴംഗങ്ങളാണുള്ളത്.
നിലവിലെ പ്രസിഡന്റ് പ്രൊഫ. എ.പി. അബ്ദുല്‍ വഹാബും സെക്രട്ടറി കാസിം ഇരിക്കൂറും അഡ്ഹോക്ക് കമ്മിറ്റിയിലുണ്ട്. മാര്‍ച്ച് 31ന് മുമ്പ് അംഗത്വ വിതരണവും ഭാരവാഹി തിരഞ്ഞെടുപ്പും പൂര്‍ത്തിയാക്കാനും തീരുമാനിച്ചു.
തീരുമാനം എടുക്കുന്നതിന് വേണ്ടി ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ എ.പി. അബ്ദുല്‍ വഹാബ് പങ്കെടുത്തില്ല. പറയാനുള്ള കാര്യങ്ങള്‍ ദേശീയ പ്രസിഡന്റിനെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് എ.പി. അബ്ദുല്‍ വഹാബ് അറിയിച്ചു.
അതേസമയം, കാസിം ഇരിക്കൂറിനൊപ്പം നില്‍ക്കുന്ന ദേശീയ നേത്യത്വം വഹാബിനേയും ഒപ്പമുള്ളവരേയും പൂര്‍ണ്ണമായും മാറ്റി നിര്‍ത്താനാണ് തീരുമാനിച്ചിരുന്നത്. നേരത്തെ പിളര്‍പ്പുണ്ടായിരുന്നെങ്കിലും സി.പി.ഐ.എം അന്ത്യശാസനം മാനിച്ച് ഇരുവിഭാഗവും യോജിച്ച് പോവുകയായിരുന്നു. രണ്ടര വര്‍ഷത്തേക്കാണ് മന്ത്രി സ്ഥാനം ഐ.എന്‍.എല്ലിന് നല്‍കിയിരിക്കുന്നത്. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനവും മറ്റു പദവികള്‍ പങ്കിടുന്നതായിരുന്നു തര്‍ക്കത്തിന് പിന്നിലെ പ്രധാന കാരണങ്ങളായിട്ടുണ്ടായിരുന്നത്.
നേരത്തെ കാസര്‍കോഡ് ജില്ലയിലെ ഐ.എന്‍.എല്‍ അംഗത്വ വിതരണോദ്ഘാടനത്തിനിടെ ഇരുവിഭാഗവും തമ്മില്‍ ചേരിത്തിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു.