കോഴിക്കോട്: ആരാധനാലയ സംരക്ഷണാർത്ഥം പാർലമെന്റ് പാസാക്കിയ ശക്തമായ നിയമം (ആരാധനാലയ സംരക്ഷണനിയമം 1991) രാജ്യത്ത് നിലവിലുണ്ടായിരിക്കെ ഗ്യാൻവാപി മസ്ജിദ് ഹിന്ദുക്കൾക്ക് ആരാധനക്ക് തുറന്നു കൊടുക്കണമെന്ന വാരണാസി കോടതി വിധി ആശങ്കജനകമാണെന്ന് ഐ.എൻ.എൽ സംസ്ഥാന വർക്കിങ് കമ്മിറ്റി.
പ്രസിഡന്റ് കെ.പി. ഇസ്മായിലും ഓർഗാനൈസിങ് സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസുമാണ് പ്രസ്താവന പുറത്തുവിട്ടത് .
‘പ്രസ്തുത വിധി കോടതിയുടെ അമിതാധികാര പ്രയോഗവും ജുഡീഷ്യൽ ആക്റ്റീവിസവുമാണ്. രാജ്യത്തെ ജനത വൈകാരിമായി കാണുന്നതും സമാധാന ലംഘന സാഹചര്യത്തിലേക്ക് നയിക്കുന്നതുമായ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കാണിക്കേണ്ട നീതിബോധമോ പക്വതയോ കോടതിയുടെ ഭാഗത്തു നിന്നുണ്ടായില്ല എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബാബരി മസ്ജിദിന്റെ ചരിത്രാവർത്തനത്തിലേക്ക് രാജ്യത്തെ വീണ്ടും കൊണ്ടുപോകാനുള്ള ഏത് ശ്രമത്തെയും രാജ്യത്തെ മത നിരപേക്ഷ വിശ്വാസികൾ ഒറ്റക്കെട്ടായി ചെറുക്കണം,’ പ്രസ്താവനയിൽ പറയുന്നു.
പൂജക്കുള്ള തയ്യാറെടുപ്പ് നടത്താനായി ഹിന്ദു വിഭാഗത്തോടും പൂജാരിയെ നോമിനേറ്റ് ചെയ്യാൻ ശ്രീ കാശി വിശ്വനാഥ് ട്രസ്റ്റിനോടും വാരണാസി കോടതി ഉത്തരവിട്ടിരുന്നു.
ഹരജി തള്ളണമെന്ന മസ്ജിദ് കമ്മിറ്റിയുടെ അപേക്ഷയിൽ ഫെബ്രുവരി എട്ടിന് വാദം കേൾക്കാൻ കോടതി മാറ്റിവെച്ചു. പള്ളിയുടെ മുദ്ര വെച്ച ഭാഗത്ത് ശാസ്ത്രീയ സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് നാല് ഹിന്ദു സ്ത്രീകൾ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ജില്ലാ കോടതിയുടെ ഉത്തരവ്.
Content Highlight: INL says Varanasi Court’s direction to open Gyanvapi mosque for hindu prayers is concerning