ന്യൂദല്‍ഹി: ഐ.എന്‍.എല്‍. പിളര്‍പ്പിന് പിന്നാലെ സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുള്‍ വഹാബിനെ വിമര്‍ശിച്ച് ദേശീയ നേതൃത്വം. പ്രസിഡന്റിന്റെ ഉത്തരവാദിത്തങ്ങളില്‍ അബ്ദുള്‍ വഹാബിന് വീഴ്ച പറ്റിയെന്ന് പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ പറഞ്ഞു. മീഡിയ വണ്‍ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായി എന്ന് പറയുന്നത് ശരിയല്ലെന്നും വര്‍ക്കിങ് കമ്മിറ്റി യോഗം ബഹിഷ്‌കരിച്ച് സംസ്ഥാന അധ്യക്ഷന്‍ മാധ്യമങ്ങളെ കണ്ടത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ സംസ്ഥാന പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള നടപടി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
‘സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ അബ്ദുള്‍ വഹാബ് പരാജപ്പെട്ടു. പാര്‍ട്ടിയെ ഒന്നിപ്പിച്ചു നിര്‍ത്താന്‍ വഹാബിന് സാധിച്ചില്ല, പകരം വിഘടിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.
ഒരു ചെറിയ വിഭാഗം ആളുകള്‍ മാത്രമാണ് യോഗം ബഹിഷ്‌കരിച്ചു പുറത്തുപോയത്. അവരാണ് പൊതു ഇടത്തില്‍ ആഭ്യന്തര വിയോജിപ്പുകള്‍ പരസ്യമാക്കിയത്,’ മുഹമ്മദ് സുലൈമാന്‍ പറഞ്ഞു.
കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനായി ദേശീയ ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, തമ്മില്‍ തല്ലിന് പിന്നാലെ ഐ.എന്‍.എല്‍. ദേശീയ നേതൃത്വത്തിന്റെ പിന്തുണ തനിക്കാണെന്ന് പറഞ്ഞ് കാസിം ഇരിക്കൂര്‍ നേരത്തെതന്നെ രംഗത്തെത്തിയിരുന്നു. എ.പി. അബ്ദുള്‍ വഹാബിനും കുഞ്ഞാലിക്കുട്ടിക്കും ഒരേ സ്വരമാണെന്നും കാസിം ഇരിക്കൂര്‍ ആരോപിച്ചിരുന്നു.
കഴിഞ്ഞ ഞാറാഴ്ചയാണ് സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുള്‍ വഹാബ് ഒരുവശത്തും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവര്‍കോവിലും മറുവശത്തും നിന്ന് പരസ്പരം ചേരി തിരിഞ്ഞ് തമ്മിലടി നടന്നത്.
ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും എതിര്‍ചേരിയിലുള്ളവരും തമ്മില്‍ പാര്‍ട്ടിയില്‍ പ്രതിഷേധം രൂക്ഷമാണ്. ചരിത്രത്തിലാദ്യമായി മന്ത്രി സ്ഥാനം ലഭിച്ചപ്പോള്‍ നേതാക്കള്‍ക്കിടയിലുള്ള അധികാരത്തര്‍ക്കവും മറനീക്കി ഐ.എന്‍.എല്ലില്‍ പുറത്തുവന്നിരുന്നു.