ന്യൂദല്‍ഹി: ലോക്‌സഭയില്‍ മുത്തലാഖ് നിരോധന ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ച് എം.പി പി.കെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് ഐ.എന്‍.എല്‍ മാര്‍ച്ച്. ഇന്നുരാവിലെയാണ് ഐ.എന്‍.എല്‍ പ്രവര്‍ത്തകര്‍ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയത്.
മുത്തലാഖ് ബില്ലില്‍ ചര്‍ച്ച നടക്കുന്ന ദിവസം ലോക്‌സഭയില്‍ പോകാതെ വിദേശ വ്യവസായിയുടെ മകന്റെ വിവാഹവിരുന്നിന് പോയ പി.കെ കുഞ്ഞാലിക്കുട്ടിയുടെ നടപടി ഇതിനകം വിവാദമായിരുന്നു. മുസ്‌ലിം ലീഗിനൊപ്പമുള്ള സമുദായ സംഘടനകള്‍ പോലും ഇതിനെതിരെ രംഗത്തെത്തിയതോടെ കുഞ്ഞാലിക്കുട്ടി പ്രതിരോധത്തിലായിരിക്കുകയാണ്.
വോട്ടെടുപ്പ് ഉണ്ടാവില്ലയെന്ന ധാരണയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തന്റെ വോട്ടിന് അവിടെ പ്രസക്തിമല്ല എന്നുള്ള വിശദീകരണമാണ് കുഞ്ഞാലിക്കുട്ടി നല്‍കിയത്. പക്ഷേ അത് പാര്‍ട്ടിയോ അണികളോ നേതൃത്വമോ അംഗീകരിച്ചിട്ടില്ല. ഈ അവസരം മുതലെടുത്ത് ഐ.എന്‍.എല്ലും പാര്‍ട്ടിക്കുള്ളിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധ ചേരിയും കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ രംഗത്തുവരികയായിരുന്നു.
Also read:ദളിത് റാലിക്കെതിരെ ബി.ജെ.പി; ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് മുംബൈയില്‍ അറസ്റ്റില്‍
കുഞ്ഞാലിക്കുട്ടിയുടെ വോട്ടായിരുന്നില്ല സാന്നിധ്യമായിരുന്നു അവിടെ പ്രധാനമെന്നായിരുന്ന് അദ്ദേഹം തിരിച്ചറിയണമെന്നാണ് ഇവര്‍ പറയുന്നത്.
മുത്തലാഖ് ബില്ലിന്മേല്‍ ചര്‍ച്ച നടക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടി മലപ്പുറം കല്‍പ്പകഞ്ചേരിയില്‍ സുഹൃത്തിന്റെ മകന്റെ വിവാഹ സല്‍ക്കാരത്തിലായിരുന്നു. അതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.
ഇതാദ്യമായല്ല കുഞ്ഞാലിക്കുട്ടിയുടെ ഭാഗത്തുനിന്നും ഇത്തരമൊരു വീഴ്ചയുണ്ടാവുന്നത്. നേരത്തെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പു നടക്കുന്ന സമയത്തും കുഞ്ഞാലിക്കുട്ടി സഭയില്‍ എത്തിയിരുന്നില്ല.