കോഴിക്കോട്: അഴീക്കോട് എം.എല്‍.എയും മുസ്‌ലിം ലീഗ് നേതാവുമായ കെ. എം ഷാജിയ്‌ക്കെതിരെ വീണ്ടും പരാതി. ഐ.എന്‍.എല്‍ നേതാവ് എന്‍.കെ അബ്ദുള്‍ അസീസാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് പരാതി നല്‍കിയത്.
ഷാജിയുമായി ബന്ധപ്പെട്ട കേസില്‍ സഹോദരന്മാരുടെ ബന്ധം അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു. ഷാജിയുടെ പണ സ്രോതസ്സ് സഹോദരങ്ങളാണെന്ന് തോന്നുവെന്നും പരാതിയില്‍ പറയുന്നു.
നേരത്തെ കെ. എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
അഭിഭാഷകനായ എം. ആര്‍ ഹരീഷ് നല്‍കിയ പരാതിയില്‍ കോഴിക്കോട് വിജിലന്‍സ് ജഡ്ജി കെ. വി ജയകുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കോഴിക്കോട് എസ്.പിയോട് പ്രാഥമിക അന്വേഷണം നടത്താനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഷാജിക്കെതിരെ വീണ്ടും പരാതി നല്‍കിയിരിക്കുന്നത്.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ. എം ഷാജിയുടെ ഭാര്യ കോഴിക്കോട്ടെ ഇ. ഡി ഓഫീസില്‍ മൊഴിനല്‍കാനെത്തിയിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് ആവശ്യപ്പെട്ട പ്രകാരമാണ് ഷാജിയുടെ ഭാര്യ ആശ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ മൊഴിനല്‍കാനെത്തിയത്.
വേങ്ങേരി വില്ലേജില്‍ നിര്‍മിച്ച കെ. എം ഷാജി എം.എല്‍.എയുടെ വീടുമായി ബന്ധപ്പട്ട വിവരങ്ങള്‍ ഇ.ഡി കോര്‍പറേഷനില്‍ നിന്നും ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെ വീട്ടില്‍ പരിശോധന നടത്തിയ കോര്‍പറേഷന്‍ വീട് നിര്‍മാണത്തില്‍ ചട്ടലംഘനം നടന്നതായി കണ്ടെത്തുകയും വീട് പൊളിച്ച് കളയാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.
സമര്‍പ്പിച്ച പ്ലാനിലുള്ളതിനേക്കാള്‍ വലിയ അളവിലാണ് വീടിന്റെ നിര്‍മാണമെന്നായിരുന്നു കോര്‍പറേഷന്റെ കണ്ടെത്തല്‍. തുടര്‍ന്ന്
പ്ലാന്‍ ക്രമപ്പെടുത്തണം എന്നാവശ്യപ്പെട്ട് കെ. എം ഷാജി അപേക്ഷ നല്‍കിയിരുന്നു. അപേക്ഷയില്‍ പിഴവുകളുണ്ടെന്നും അത് തിരുത്തി വീണ്ടും നല്‍കണമെന്നുമാണ് കോര്‍പ്പറേഷന്‍ ഷാജിയോട് പറഞ്ഞിരിക്കുന്നത്.
5200 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള കോഴിക്കോട്ടെ വീട് അനുമതിയില്ലാതെയാണ് നിര്‍മ്മിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് പ്ലാന്‍ ക്രമപ്പെടുത്താനുള്ള അപേക്ഷ ഷാജി നല്‍കിയത്.
എന്നാല്‍ അപേക്ഷയ്ക്ക് ഒപ്പം നല്‍കേണ്ട രേഖകളൊന്നും ഷാജി സമര്‍പ്പിച്ചിരുന്നില്ല. അപേക്ഷയില്‍ നികുതി അടച്ച രേഖകള്‍ ഒപ്പം വെച്ചിരുന്നില്ല.
കെ.എം. ഷാജിക്കെതിരായ പ്ലസ്ടു കോഴ ആരോപണക്കേസില്‍ പി എസ്.സി മുന്‍ അംഗവും ലീഗ് നേതാവുമായ ടി.ടി ഇസ്മായിലിന്റെ മൊഴി എന്‍ഫോഴ്സ്മെന്റ് രേഖപ്പെടുത്തിയിരുന്നു. കെ. എം ഷാജിയുമായി ചേര്‍ന്ന് വേങ്ങേരിയില്‍ വാങ്ങിയ ഭൂമിയുടെ വിവരങ്ങള്‍ ഇ. ഡിയ്ക്ക് കൈമാറിയെന്നും ഇസ്മായില്‍ മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് പേര്‍ ചേര്‍ന്നാണ് ഭൂമി വാങ്ങിയതെങ്കിലും ഷാജിയാണ് വീട് നിര്‍മിച്ചത്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച മുഴുവന്‍ രേഖകളും കൈമാറിയെന്നും ഇസ്മായില്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക