Kerala News
വര്‍ഗീയ പരാമര്‍ശം കേരളീയ സമൂഹത്തിനോടുള്ള വെല്ലുവിളി; ഫാ. തിയോഡോഷ്യസ് ഡിക്രൂസിനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഐ.എന്‍.എല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Nov 29, 05:55 pm
Tuesday, 29th November 2022, 11:25 pm

തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതി നേതാവായ ഫാ. തിയോഡോഷ്യസ് ഡിക്രൂസിനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഐ.എന്‍.എല്‍. ഫിഷറീസ് മന്ത്രി അബ്ദുറഹിമാന്റെ പേരില്‍ തന്നെ തീവ്രവാദിയുണ്ടെന്ന ഫാ. ഡിക്രൂസിന്റെ വര്‍ഗീയ പ്രസ്താവനക്കെതിരെയാണ് ഐ.എന്‍.എല്‍ പരാതി നല്‍കിയിരിക്കുന്നത്.

മതവിശ്വാസം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചേര്‍ത്ത് കേസെടുക്കണമെന്നാണ് ഐ.എന്‍.എല്‍ പരാതിയില്‍ പറഞ്ഞിരിക്കുന്നതെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാ. ഡിക്രൂസ് പരാമര്‍ശം പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം പൊലീസ് സ്വമേധയാ കേസെടുക്കണമെന്നും മുന്‍ മന്ത്രി കെ.ടി. ജലീലടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. ഫാ. തിയോഡോഷ്യസ് മാപ്പ് പറയണമെന്ന് ഡി.വൈ.എഫ്.ഐയും പ്രസ്താവനയിറക്കിയിരുന്നു.

‘ഫാ. തിയഡോഷ്യസ് ഡിക്രൂസിന്റെ വര്‍ഗീയ പരാമര്‍ശത്തെ ഇന്ത്യന്‍ നാഷണല്‍ ലീഗ് അതിശക്തമായി അപലപിക്കുകയാണ്. കേരളം ഭരിക്കുന്ന ഒരു മന്ത്രിയുടെ പേരിനോടൊപ്പം വര്‍ഗീയവാദിയെന്ന് ചിത്രീകരിക്കുന്ന തരത്തിലേക്ക് ഒരു മതമേലധ്യക്ഷന്‍ ചുരുങ്ങിപ്പോയതിനെ നാം വില കുറച്ച് കാണരുത്.

അദ്ദേഹത്തിന്റെ വര്‍ഗീയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ഐ.എന്‍.എല്‍ തിരുവനന്തപുരത്ത് ഡി.ജി.പിക്ക് പരാതി കൊടുത്തിരിക്കുകയാണ്. വി. അബ്ദുറഹിമാന്റെ പേരില്‍ തന്നെ ഒരു തീവ്രവാദിയുണ്ടെന്ന് പറയുന്നതിലൂടെ അദ്ദേഹം കേരളീയ സമൂഹത്തെ വെല്ലുവിളിച്ചിരിക്കുകയാണ്,’ ഐ.എന്‍.എല്‍ പ്രതിനിധികള്‍ മീഡിയവണ്ണിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തെ അംഗീകരിക്കാന്‍ രാജ്യസ്നേഹമുള്ള ആര്‍ക്കും കഴിയില്ലെന്ന് വി. അബ്ദുറഹിമാന്‍ പറഞ്ഞിരുന്നു. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ പ്രചാരണാര്‍ത്ഥം സീ പോര്‍ട്ട് കമ്പനി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇതേ കുറിച്ചുള്ള 24 ന്യൂസിന്റെ ചോദ്യത്തോട് നല്‍കിയ പ്രതികരണത്തിലാണ് ഫാ. തിയോഡോഷ്യസ് ഡിക്രൂസ് വര്‍ഗീയ പരാമര്‍ശം നടത്തിയത്.

‘അബ്ദുറഹിമാന്റെ പേരില്‍ തന്നെ ഒരു തീവ്രവാദിയുണ്ട്. അബ്ദുറഹിമാന്‍ യഥാര്‍ത്ഥത്തില്‍ മത്സ്യത്തൊഴിലാളികളുടെ കാര്യം നോക്കേണ്ട മന്ത്രിയാണ്. എന്നാല്‍ ആ വിടുവായനായ അബ്ദുറഹിമാന്‍ അഹമ്മദ് ദേവര്‍കോവിലിന് വേണ്ടിയാണ് സംസാരിക്കുന്നത്.

രാജ്യദ്രോഹം ചെയ്തത് ആരാണെന്ന് കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് നടന്ന സംഭവങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് മനസിലാകും അബ്ദുറഹിമാനേ. അബ്ദുറഹിമാന്റെ ഗുണ്ടകളെ അഴിഞ്ഞാടാന്‍ വിട്ടതുകൊണ്ടാണ് ഞങ്ങളില്‍ 124 മത്സ്യത്തൊഴിലാളികള്‍ക്ക് നിഷ്‌കരുണം അടിയേറ്റത്. ഞങ്ങള്‍ രാജ്യദ്രോഹികളായിരുന്നെങ്കില്‍ അബ്ദുറഹിമാനെ പോലെ ഏഴാംകൂലി മന്ത്രിമാരൊന്നും ഇവിടെ ഭരിക്കില്ലായിരുന്നു,’ എന്നായിരുന്നു ഫാ. ഡിക്രൂസ് പറഞ്ഞത്.

ഈ വാക്കുകള്‍ വലിയ വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെ പ്രതികരണത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് വിഴിഞ്ഞം സമരസമിതി പ്രതിനിധികള്‍ രംഗത്തെത്തിയിരുന്നു. തങ്ങളെ രാജ്യദ്രോഹികളെന്ന് വിളിച്ചതിന് മറുപടിയായി നടത്തിയ പരാമര്‍ശം മാത്രമാണെന്നാണ് ഇവര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞത്. ആര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സമിതി പ്രതിനിധികള്‍ പറഞ്ഞിരുന്നു.

അതേസമയം ഫാ. തിയോഡോഷ്യസ് ഡിക്രൂസ് വിമര്‍ശനങ്ങളോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Content Highlight: INL files complaint against Fr. Theodosius Decroos over his statement against Minister V Abdurahiman