Advertisement
Kerala News
പി.എസ്.സി. അംഗത്വം 40 ലക്ഷം രൂപയ്ക്ക് വിറ്റതായുള്ള ആരോപണം; ഇ.സി. മുഹമ്മദിനെ ഐ.എന്‍.എല്ലില്‍ നിന്ന് പുറത്താക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jul 05, 11:13 am
Monday, 5th July 2021, 4:43 pm

കോഴിക്കോട്: ഐ.എന്‍.എല്‍. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ.സി. മുഹമ്മദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഐ. എന്‍. എല്ലിന് ലഭിച്ച പി.എസ്.സി അംഗത്വം 40 ലക്ഷം രൂപക്ക് വിറ്റുവെന്ന് ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി. ഐ.എന്‍.എല്‍. ദേശീയ കമ്മിറ്റിയാണ് ഇ.സി. മുഹമ്മദിനെ പുറത്താക്കിയതായി അറിയിച്ചത്.

ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ നേരത്തെ ഐ.എന്‍.എല്‍. നേതാക്കളെ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ചയ്ക്ക് വിളിപ്പിച്ചിരുന്നു. ഐ.എന്‍.എല്‍. പ്രസിഡന്റിനോടും ജനറല്‍ സെക്രട്ടറിയോടും ബുധനാഴ്ച തിരുവനന്തപുരത്തെത്തി കാണാനായിരുന്നു നിര്‍ദ്ദേശം.

അതേസമയം, കാസിം ഇരിക്കൂര്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നതോടെ ഐ.എന്‍.എല്ലില്‍ തര്‍ക്കം രൂക്ഷമായിരിക്കുകയാണ്.

പാര്‍ട്ടിയുടെ നോമിനിയായി അബ്ദുള്‍ സമദിനെ പി.എസ്.സി. അംഗമായി തെരഞ്ഞെടുത്തതിന് ആദ്യ ഗഡുവായി 20 ലക്ഷം രൂപ വാങ്ങിയെന്നും ബാക്കി 20 ലക്ഷം പിന്നീട് വാങ്ങാനുമാണ് തീരുമാനമെന്നുമായിരുന്നു ഇ.സി. മുഹമ്മദിന്റെ ആരോപണം.

നേരത്തെ കാസര്‍ഗോഡ് സീറ്റിനായി സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുള്‍ വഹാബ് 20 ലക്ഷം രൂപ ചോദിച്ചെന്ന് കാസിം ഇരിക്കൂറിന്റെ നേതൃത്വത്തിലുള്ള വിഭാഗം ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ ആരോപണവുമായി ഇ.സി. മുഹമ്മദ് രംഗത്തെത്തിയത്. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കാസിം ഇരിക്കൂര്‍ പറഞ്ഞിരുന്നു.

പാര്‍ട്ടിയുടെ പി.എസ്.സി. അംഗത്വത്തെ വരുമാനമുണ്ടാക്കാനുള്ള മാര്‍ഗ്ഗമായി കാസിം ഇരിക്കൂറും സംഘവും കാണുന്നെന്നാണ് ഉയരുന്ന ആരോപണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: INL Expells EC Muhammed From Party