| Monday, 6th September 2021, 9:05 am

അണികള്‍ക്കിടയിലെ എതിര്‍പ്പും എല്‍.ഡി.എഫിന്റെ കര്‍ശന നിലപാടുകളും; ഐ.എന്‍.എല്‍ ഒന്നിച്ചത് എല്ലാം നഷ്ടപ്പെടുമെന്ന ഘട്ടത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഒരു മാസത്തിലേറെ നീണ്ടുനിന്ന ഐ.എന്‍.എല്ലിലെ തര്‍ക്കം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലായിരുന്നു വഹാബ് പക്ഷവും കാസിം ഇരിക്കൂര്‍ പക്ഷവും ഒന്നിക്കാന്‍ തീരുമാനിച്ചത്.

ഭിന്നതക്കെതിരെ അണികളില്‍ നിന്നുതന്നെയുണ്ടായ എതിര്‍പ്പും ഇടതുപക്ഷത്തിന്റെ കര്‍ശന നിലപാടുകളുമാണ് ഇത്തരമൊരു സമവായത്തിലേക്ക് കാര്യങ്ങളെത്തിയതിന് പിന്നിലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മന്ത്രിസ്ഥാനത്തെ ചൊല്ലി ഐ.എന്‍.എല്‍ നേതാക്കള്‍ക്കിടയിലുണ്ടായിരുന്ന തര്‍ക്കങ്ങള്‍ തെരഞ്ഞെടുപ്പിന് ശേഷം തമ്മില്‍ത്തല്ലില്‍ വരെയെത്തിയത് ഇടതുപക്ഷത്തിന് തലവേദനയും കടുത്ത അതൃപ്തിയും സൃഷ്ടിച്ചിരുന്നു.

വഹാബ് പക്ഷം തങ്ങളെ ഐ.എന്‍.എല്ലിന്റെ ഔദ്യോഗികപക്ഷമായി അംഗീകരിക്കണമെന്ന ആവശ്യവുമായി എല്‍.ഡി.എഫിനെ സമീപിച്ചപ്പോള്‍ കടുത്ത താക്കീതായിരുന്നു ലഭിച്ചത്.

ഇരുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം തീരാതെ സര്‍ക്കാര്‍ പരിപാടികളില്‍ ഐ.എന്‍.എല്‍ പ്രതിനിധികളെ പങ്കെടുപ്പിക്കേണ്ടന്നായിരുന്നു
ഇടതുപക്ഷം സ്വീകരിച്ച നിലപാട്.

ഇതിന്റെ ഭാഗമായാണ് ജനകീയ ആസൂത്രണ രജത ജൂബിലി ആഘോഷ പരിപാടിയില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ ഉള്‍പ്പെടുത്താതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുന്നണിയിലെ മറ്റെല്ലാ സഖ്യകക്ഷികളുടെയും നേതാക്കള്‍ പങ്കെടുത്ത പരിപാടിയില്‍ നിന്നായിരുന്നു ദേവര്‍കോവിലിനെ ഒഴിവാക്കിയത്.

രണ്ടുവിഭാഗമായി മുന്നണിയില്‍ മുന്നോട്ട് പോകാനാകില്ലെന്ന് നേരത്തെ തന്നെ സി.പി.ഐ.എം ഐ.എന്‍.എല്ലിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

ഹജ്ജ് കമ്മിറ്റി, ബോര്‍ഡ് പുനസംഘടന എന്നിവയില്‍ പാര്‍ട്ടിയെ പരിഗണിക്കാതായത് കാസിം പക്ഷത്തിനും നഷ്ടങ്ങളുണ്ടാക്കി. എല്‍.ഡി.എഫിന്റെ ഭാഗമല്ലായിരുന്നിട്ടും 2006 മുതല്‍ ഹജ്ജ് കമ്മിറ്റിയുടെ ഭാഗമായിരുന്നു ഐ.എന്‍.എല്‍.

ഭിന്നിച്ചുനിന്നാല്‍ ഇരു വിഭാഗത്തിനും നഷ്ടങ്ങള്‍ മാത്രമേ ഉണ്ടാകൂവെന്ന ബോധ്യത്തില്‍ നിന്നാണ് പിളര്‍പ്പുകള്‍ മാറ്റി ഒന്നിച്ചുനില്‍ക്കാന്‍ ഐ.എന്‍.എല്‍ തീരുമാനിച്ചതെന്നാണ് ഇപ്പോള്‍ ഉയരുന്ന വിലയിരുത്തലുകള്‍.

സമുദായത്തിനകത്തും ഐ.എന്‍.എല്ലിന്റെ സ്വാധീനമേഖലയായ പ്രവാസികള്‍ക്കിടയിലും വിഭാഗീയതക്കെതിരെ കടുത്ത എതിര്‍പ്പ് ഉടലെടുത്തതും ഇരു വിഭാഗത്തിന്റെയും നേതൃത്വങ്ങളെ സമവായത്തിന് പ്രേരിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയുടെ ഭാഗമായി ദേശീയ നേതൃത്വം പുറത്താക്കിയ എ.പി. അബ്ദുല്‍ വഹാബ് സംസ്ഥാന പ്രസിഡന്റായി തുടരും. ജൂലൈ 25ന് ശേഷം പുറത്താക്കിയ നേതാക്കളെയും പ്രവര്‍ത്തകരെയും തിരിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

പരസ്പരം നല്‍കിയ കേസുകളെല്ലാം പിന്‍വലിക്കാമെന്ന് ഇരു വിഭാഗങ്ങളും ഉറപ്പുനല്‍കി. പാര്‍ട്ടിയില്‍ ചര്‍ച്ച നടത്തിയ ശേഷമേ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ സ്റ്റാഫിനെ തെരഞ്ഞെടുക്കൂവെന്നും തീരുമാനിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: INL dispute solved, main reasons behind

We use cookies to give you the best possible experience. Learn more