| Saturday, 14th August 2021, 5:26 pm

ഐ.എന്‍.എല്ലിനോട് കടുത്ത നിലപാടുമായി എല്‍.ഡി.എഫ്; സര്‍ക്കാര്‍ പരിപാടികളിലേക്ക് ക്ഷണമില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വിഭാഗീയതില്‍ ഉഴലുന്ന ഐ.എന്‍.എല്ലിനോട് കടുത്ത നിലപാടുമായി എല്‍.ഡി.എഫ്. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം തീരാതെ സര്‍ക്കാര്‍ പരിപാടികളില്‍ ഐ.എന്‍.എല്‍ പ്രതിനിധികളെ പങ്കെടുപ്പിക്കേണ്ടെന്നാണ് മുന്നണി നിലപാടെന്നാണ് റിപ്പോര്‍ട്ട്.

ഇതിന്റെ ഭാഗമായാണ് ജനകീയ ആസൂത്രണ രജത ജൂബിലി ആഘോഷ പരിപാടിയില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെപോലും ഉള്‍പ്പെടുത്താതെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

17-ാം തീയതി തിരുവനന്തപുരത്ത് നടക്കുന്ന പരിപാടി മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്. എം.എല്‍.എമാരില്ലാത്ത കേരള കോണ്‍ഗ്രസ് സ്‌കറിയ വിഭാഗത്തിന് പോലും പരിപാടിയില്‍ ക്ഷണമുണ്ട്.

രണ്ടുവിഭാഗമായി മുന്നണിയില്‍ മുന്നോട്ട് പോകാനാകില്ലെന്ന് നേരത്തെ തന്നെ സി.പി.ഐ.എം ഐ.എന്‍.എല്ലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നേരത്തെ ഐ.എന്‍.എല്ലിനെ ഒഴിവാക്കി സര്‍ക്കാര്‍ ഹജജ് കമ്മറ്റി പുനഃസംഘടിപ്പിച്ചിരുന്നു. എല്‍.ഡി.എഫിന്റെ ഭാഗമല്ലായിരുന്നിട്ടും 2006 മുതല്‍ ഹജ്ജ് കമ്മിറ്റിയുടെ ഭാഗമായിരുന്നു ഐ.എന്‍.എല്‍.

നേരത്തെ പി.എസ്.സി കോഴവിവാദത്തില്‍ ഐ.എന്‍.എല്ലിനെ സി.പി.ഐ.എം താക്കീത് ചെയ്തിരുന്നു. ഇടതുമുന്നണിയ്ക്കും സര്‍ക്കാരിനും നാണക്കേടുണ്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകരുതെന്ന് ഐ.എന്‍.എല്‍ നേതാക്കള്‍ക്ക് സി.പി.ഐ.എം. മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.

ഐ.എന്‍.എല്ലിന് ലഭിച്ച പി.എസ്.സി. അംഗത്വം 40 ലക്ഷം രൂപ കോഴവാങ്ങി പാര്‍ട്ടി മറിച്ചുവിറ്റെന്നാണ് ആരോപണമുയര്‍ന്നത്. വിഷയത്തില്‍ ഐ.എന്‍.എല്‍. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ.സി. മുഹമ്മദിനെ പുറത്താക്കിയിരുന്നു.

ഇതിന് പിന്നാലെ പാര്‍ട്ടി പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും തമ്മിലുള്ള ഭിന്നതയും പരസ്യമായിരുന്നു. കോഴിക്കോട് നടന്ന നേതൃയോഗത്തിനിടെ ഇരുവിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് കൂട്ടത്തല്ലുമുണ്ടായിരുന്നു.

ചരിത്രത്തിലാദ്യമായി മന്ത്രി സ്ഥാനം ലഭിച്ചപ്പോള്‍ നേതാക്കള്‍ക്കിടയിലുള്ള അധികാരത്തര്‍ക്കവും മറനീക്കി ഐ.എന്‍.എല്ലില്‍ പുറത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: INL Dispute LDF CPIM

We use cookies to give you the best possible experience. Learn more