രാമക്ഷേത്രം മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന മികച്ച ഉദാഹരണമെന്ന പ്രസ്താവന; സാദിഖലി തങ്ങള്‍ മാപ്പ് പറയണമെന്ന് ഐ.എന്‍.എല്‍
Kerala News
രാമക്ഷേത്രം മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന മികച്ച ഉദാഹരണമെന്ന പ്രസ്താവന; സാദിഖലി തങ്ങള്‍ മാപ്പ് പറയണമെന്ന് ഐ.എന്‍.എല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th February 2024, 7:32 pm

കോഴിക്കോട്: വിവാദ പ്രസംഗത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പരാമര്‍ശം പിന്‍വലിച്ചു മാപ്പ് പറയണമെന്ന് ഐ.എന്‍.എല്‍.

ഹിന്ദുത്വ ശക്തികളെ പ്രീണിപ്പിക്കുന്ന വിധത്തില്‍ പ്രസ്താവന നടത്തി രാജ്യത്തെ കോടിക്കണക്കായ മതേതര ഹൈന്ദവ സമൂഹത്തെ മുഴുവന്‍ അപമാനിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്റെ പ്രസ്താവന പിന്‍വലിച്ചു രാജ്യത്തോട് മാപ്പ് പറയണമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.പി. ഇസ്മായിലും ഓര്‍ഗാനൈസിങ് സെക്രട്ടറി എന്‍.കെ. അബ്ദുല്‍ അസീസും ആവശ്യപ്പെട്ടു.

അക്രമാസക്തമായ ഹൈന്ദവതീവ്രവാദത്തിന്റെ ഭാഗമായി തകര്‍ക്കപ്പെട്ട ബാബരി മസ്ജിദിന്റെ സ്ഥാനത്ത് ഉയര്‍ത്തപ്പെട്ട രാമക്ഷേത്രം, രാജ്യത്തെ മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്ന പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്ന് ഐ.എന്‍.എല്‍ ചൂണ്ടിക്കാട്ടി.

ഇതേ നിലപാടാണ് ഇനിയും തുടരാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഗ്യാന്‍വാപി, താജ്മഹല്‍ തുടങ്ങി ഇന്ത്യയിലെ മൂവായിരത്തിലേറെ പള്ളികളുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ നടത്താന്‍ പോകുന്ന അതിക്രമങ്ങളെ കുറിച്ച് എടുക്കാന്‍ പോകുന്ന നിലപാട് എന്താണെന്ന് ലീഗ് നേതാക്കള്‍ സമൂഹത്തോട് വ്യക്തമാക്കണമെന്നും ഐ.എന്‍.എല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇന്ത്യയുടെ മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന മികച്ച ഉദാഹരണങ്ങളാണ് രാമക്ഷേത്രവും അവിടെ ഇനി പണിയാന്‍ പോകുന്ന ബാബരി മസ്ജിദുമെന്നുമാണ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞത്.

‘രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ബഹുമാനിക്കുന്ന ശ്രീ രാമക്ഷേത്രം. അതൊരു യാഥാര്‍ഥ്യമാണ്. അതില്‍ നിന്ന് നമുക്ക് പിറകോട്ട് പോകാന്‍ സാധിക്കില്ല. അത് രാജ്യത്തിന്റെ ഭൂരിപക്ഷം വരുന്ന സമൂഹത്തിന്റെ ആവശ്യമാണ്. അത് അയോധ്യയില്‍ നിലവില്‍ വന്നു. പക്ഷെ അതില്‍ പ്രതിഷേധിക്കേണ്ട കാര്യം നമ്മളെ സംബന്ധിച്ചിടത്തോളം ഇല്ല. ബഹുസ്വര സമൂഹത്തില്‍ ഓരോരുത്തര്‍ക്കും വിശ്വാസങ്ങളും ആചാരങ്ങളുമുണ്ട്. അതിനനുസരിച്ചു മുന്നോട്ട് പോകുവാന്‍ നമ്മുടെ രാജ്യത്ത് സ്വാതന്ത്ര്യമുണ്ട്,’ സാദിഖലി തങ്ങള്‍ പറഞ്ഞു.

Content Highlight: INL demanded that Sadiqali Thangal apologize for the controversial speech