കൊച്ചി: മുസ്‌ലിം ലീഗിലേക്ക് മടങ്ങി പോവുന്നത് ഐ.എന്‍.എല്ലിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണെന്ന് സംസ്ഥാന അധ്യക്ഷന്‍ എ.പി. അബ്ദുള്‍ വഹാബ്. അത്തരത്തില്‍ യാതൊരു നിലപാടും താന്‍ സ്വീകരിക്കില്ലെന്നും വഹാബ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
മുസ്‌ലിം ലീഗിന്റെ ചതിക്കുഴിയില്‍ വീണു പോകരുതെന്നാണ് കാസിം ഇരിക്കൂറിനോട് പറയാനുള്ളതെന്നും അബ്ദുള്‍ വഹാബ് പറഞ്ഞു.
പതിനായിരത്തോളം സി.പി.ഐ.എം. പ്രവര്‍ത്തകരുടെ പ്രവര്‍ത്തനത്തിന്റെ ഫലം കൂടിയാണ് അഹമ്മദ് ദേവര്‍കോവിലിന്റെ വിജയം. അഹമ്മദ് ദേവര്‍ കോവിലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടില്ല. അദ്ദേഹം മന്ത്രിസ്ഥാനത്ത് തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഇടതുമുന്നണിയാണെന്നും വഹാബ് പറഞ്ഞു.
നേതൃയോഗത്തിനിടെയുണ്ടായ തമ്മില്‍ തല്ലിന് പിന്നാലെ ഐ.എന്‍.എല്‍. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി അബ്ദുള്‍ വഹാബ് അറിയിച്ചിരുന്നു. കാസിം ഇരിക്കൂറിന് പകരം നാസര്‍ കോയ തങ്ങളെ പുതിയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തതായും അബ്ദുള്‍ വഹാബ് അറിയിച്ചു.
രാവിലെയുണ്ടായ തര്‍ക്കത്തിന് ശേഷം ഇരു വിഭാഗവും വെവ്വേറെ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ വഹാബിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്നും പാര്‍ട്ടിയുടെ അഖിലേന്ത്യ അധ്യക്ഷന്റേതാണ് ഈ തീരുമാനമെന്നും ജനറല്‍ സെക്രട്ടറി കാസീം ഇരിക്കൂറും പറഞ്ഞിരുന്നു.
നിലവിലെ വര്‍ക്കിങ് പ്രസിഡന്റ് ബി. ഹംസ ഹാജിയെ പ്രസിഡന്റായി നിയമിക്കുകയും ചെയ്തതായി കാസീം പറഞ്ഞു. ദേശീയ നേതൃത്വത്തിന്റെ പിന്തുണ തനിക്കാണെന്നും കാസിം ഇരിക്കൂര്‍ അവകാശപ്പെട്ടു.
എന്നാല്‍ കാസിം ഇരിക്കൂറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റുക മാത്രമാണ് പാര്‍ട്ടി ചെയ്തതെന്നാണ് അബ്ദുള്‍ വഹാബ് പറഞ്ഞത്.
പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ സി.പി.ഐ.എമ്മിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ഐ.എന്‍.എല്ലിലെ തര്‍ക്കം പാര്‍ട്ടിയുടെ ആഭ്യന്തര വിഷയമായാണ് ഇടതുമുന്നണി ഇതുവരെ കണ്ടിരുന്നത്. ഇടതുമുന്നണിയില്‍ ആരാണ് പങ്കെടുക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് അവര്‍ തന്നെയാണ്. മുന്നണിക്കും സര്‍ക്കാരിനും അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തികള്‍ നിങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് മുന്നണി നേതാക്കള്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. നിര്‍ഭാഗ്യവെച്ചാല്‍ അതുണ്ടായി. ഇനി ഒപ്പമുണ്ടാകേണ്ടത് ആരാണ് എന്ന് തീരുമാനിക്കേണ്ടത് മുന്നണിയാണ് എന്നും അബ്ദുള്‍ വഹാബ് പറഞ്ഞു.
സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകള്‍ക്കിടെയായിരുന്നു യോഗം വിളിച്ച് ചേര്‍ത്തിരുന്നത്. രാവിലെ സംസ്ഥാന സെക്രട്ടറിയേറ്റും പിന്നാലെ പ്രവര്‍ത്തക സമിതി യോഗവുമാണ് എറണാകുളത്ത് വിളിച്ചിരിക്കുന്നത്.
സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുള്‍ വഹാബ് ഒരുവശത്തും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവര്‍കോവിലും മറുവശത്തും നിന്നാണ് തമ്മിലടി നടന്നത്.
ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും എതിര്‍ചേരിയിലുള്ളവരും തമ്മില്‍ പാര്‍ട്ടിയില്‍ പ്രതിഷേധം രൂക്ഷമാണ്. ചരിത്രത്തിലാദ്യമായി മന്ത്രി സ്ഥാനം ലഭിച്ചപ്പോള്‍ നേതാക്കള്‍ക്കിടയിലുള്ള അധികാരത്തര്‍ക്കവും മറനീക്കി ഐ.എന്‍.എല്ലില്‍ പുറത്തുവന്നിരുന്നു.