സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധുവും ബിസിനസ് പങ്കാളിയും:ഐ.എന്‍.എല്‍
Kerala
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധുവും ബിസിനസ് പങ്കാളിയും:ഐ.എന്‍.എല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th July 2020, 10:57 am

കോഴിക്കോട്: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി മലപ്പുറം വെട്ടത്തൂര്‍ സ്വദേശി റമീസിന്റെ മുസ്‌ലിം ലീഗ് ബന്ധം അന്വേഷിക്കണമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍.

റമീസ് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധുവും ബിസിനസ് പങ്കാളിയുമാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഭരണസ്വാധീനമുപയോഗിച്ച് രക്ഷപ്പെട്ടതായി ആക്ഷേപമുയര്‍ന്നതാണ്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ലീഗ് ശേഖരിക്കുന്ന പണം സ്വര്‍ണക്കടത്തിന് ഉപയോഗിക്കുന്നുവെന്ന ഗുരുതര ആരോപണമുണ്ടെന്നും പല കേസുകളും ഒതുക്കിത്തീര്‍ത്തതിന് പിന്നില്‍ ബി.ജെ.പി നേതാക്കളുടെ കേന്ദ്രസര്‍ക്കാര്‍ സ്വാധീനവും ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം അറസ്റ്റിലായ റമീസിനെ എന്‍.ഐ.എ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. റമീസിനെ ആലുവ സബ് ജയിലിലേക്ക് മാറ്റി. റമീസിന്റെ വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്.

സരിത്ത്, സന്ദീപ് എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തുകയും സ്വര്‍ണം വില്‍ക്കുന്നതിന് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിയാണ് റമീസ്.

ഇയാളെ കസ്റ്റഡിയിലെടുത്ത ഞായറാഴ്ച തന്നെ കൊച്ചിയിലെത്തിച്ച് കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. സരിത്തിന്റെ മൊഴിയനുസരിച്ചാണ് വീട്ടില്‍ നിന്ന് കസ്റ്റംസ് സംഘം റമീസിനെ കസ്റ്റഡിയിലെടുത്തത്. നേരത്തെ, സ്വര്‍ണക്കടത്ത് കേസ്, മാന്‍ വേട്ട കേസുകളില്‍ പ്രതിയാണ് റമീസ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ