കോഴിക്കോട്: കേരളത്തില്‍ മാത്രം ശക്തിയുള്ള ഇടതുപക്ഷത്തിന് ഇന്ത്യ ഭരിക്കാന്‍ പറ്റുമെന്ന് പറഞ്ഞാല്‍ മനുഷ്യന്‍ വിശ്വസിക്കണ്ടേ എന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയില്‍ മറുപടിയുമായി ഐ.എന്‍.എല്‍.
മലപ്പുറം ജില്ലയില്‍ മാത്രം ഒതുങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടി, ദേശീയ രാഷ്ട്രീയത്തില്‍ പ്രസക്തമായ സ്ഥാനമുള്ള സി.പി.ഐ.എമ്മിനെ കേരളത്തില്‍ മാത്രം ഒതുങ്ങുന്ന പാര്‍ട്ടിയെന്ന് പരിഹസിച്ച് സംസാരിച്ചത് അപഹാസ്യമാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍.കെ. അബ്ദുല്‍ അസീസ് പറഞ്ഞു.
ഇബ്രാഹിം സുലൈമാന്‍ സേഠിനെ തള്ളിപ്പറയുകയും അപഹസിക്കുകയും ചെയ്ത പി.കെ. കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ ദേശീയരാഷ്ട്രീയത്തില്‍ പുതിയ റോള്‍ തേടുന്നതിന്റെ ഭാഗമായി സി.പി.ഐ.എമ്മിനെ തള്ളിപ്പറയുകയാണെന്നും എന്‍.കെ. അബ്ദുല്‍ അസീസ് പറഞ്ഞു.
‘മുസ്‌ലിം ലീഗ് രൂപീകരികപ്പെട്ടതിന് ശേഷം വിവിധ ഘട്ടങ്ങളിലായി ആറ് സംസ്ഥാനങ്ങളിലായി ലീഗിന് നിയമസഭാപ്രാതിനിധ്യവും പാര്‍ലമെന്റ് അംഗത്വവും വിവിധ സംസ്ഥാനങ്ങളില്‍ മന്ത്രിമാരും ഉണ്ടായിരുന്നു. പശ്ചിമബംഗാളിലും തമിഴ്നാട്ടിലും കേരളത്തിലും മന്ത്രിമാരുണ്ടായിരുന്നു. കര്‍ണാടക, അസം, യു.പി, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ എ.എല്‍.എമാരുണ്ടായിരുന്നു. ഇങ്ങനെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ പ്രതാപമുണ്ടായിരുന്ന ലീഗ് ഇപ്പോള്‍ മലപ്പുറം ജില്ലയിലേക്ക് മാത്രം ഒതുങ്ങിപ്പോകാന്‍ കാരണം ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷം കോണ്‍ഗ്രസുമായി ചേര്‍ന്ന് സാമുദായിക വിരുദ്ധ നിലപാട് സ്വീകരിച്ചതും അധികാരരാഷ്ട്രീയത്തിലേക്ക് ചുരുങ്ങിയതുമാണ്.
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സാമുദായിക താത്പര്യങ്ങളുടെ വികാരത്തിനൊപ്പം നിലകൊണ്ട ഇബ്രാഹിം സുലൈമാന്‍ സേഠിനെ തള്ളിപ്പറയുകയും അപഹസിക്കുകയും ചെയ്ത പി.കെ. കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ ദേശീയരാഷ്ട്രീയത്തില്‍ പുതിയ റോള്‍ തേടുന്നതിന്റെ ഭാഗമായി സി.പി.ഐ.എമ്മിനെ തള്ളിപ്പറയുകയാണ്,’ എന്‍.കെ. അബ്ദുല്‍ അസീസ് പ്രസ്താവനയില്‍ പറഞ്ഞു.
ലീഗ് ഇപ്പോള്‍ നേതാക്കളുടെ അഴിമതിയുടെയും സ്വഭാവ ദൂഷ്യത്തിന്റെയും പേരിലാണ് അറിയപ്പെടുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
‘കേരളത്തില്‍ സ്വന്തം പാര്‍ട്ടിയിലും പൊതുസമൂഹത്തിലും നിഷ്‌കാസിതനായിക്കൊണ്ടിരിക്കുന്ന കുഞ്ഞാലിക്കുട്ടി സാമുദായിക രാഷ്ട്രീയത്തിന് ദേശീയ രാഷ്ട്രീയത്തില്‍ ഇടം നേടിക്കൊനെന്ന വ്യാജേനയാണ് സി.പി.ഐ.എമ്മിനെതിരെ പ്രസ്താവനയിറക്കുന്നത്.
ദേശീയ രാഷ്ട്രീയത്തില്‍ ന്യൂനപക്ഷ മതനിരപേക്ഷ നിലപാടുകളുടെ പേരില്‍ അറിയപ്പെടേണ്ട മുസ്‌ലിം ലീഗ് ഇപ്പോള്‍ നേതാക്കളുടെ അഴിമതിയുടെയും സ്വഭാവ ദൂഷ്യത്തിന്റെയും പേരിലാണ് അറിയപ്പെടുന്നത്. നിലവിലെ നേതൃത്വം ആ അപചയത്തിന്റെ ആഴം വര്‍ധിപ്പിക്കുമെന്ന കാര്യം നിസ്തര്‍ക്കമാണ്,’ എന്‍.കെ. അബ്ദുല്‍ അസീസ് പറഞ്ഞു.
Content Highlight: INL against PK Kunhalikutty’s statement om CPIM