രാജ്യത്തെ ഏറ്റവും വലിയ വഖഫ് സ്വത്തായ ബാബ്‌രി പൊളിക്കാന്‍ കൂട്ടുനിന്നവരോട് ചങ്ങാത്തമുണ്ടാക്കിയവരാണ് കേരളത്തിലെ വഖഫ് സ്വത്തുക്കളെക്കുറിച്ച് വേവലാതിപ്പെടുന്നത്; ലീഗിനെതിരെ ഐ.എന്‍.എല്‍
മലപ്പുറം: മുസ്‌ലിം ലീഗിന്റെ വഖഫ് നിയമന പ്രതിഷേധത്തിനെതിരെ ഐ.എന്‍.എല്‍. കേരളത്തിലെ വഖഫ് സ്വത്തുക്കളെക്കുറിച്ച് വേവലാതിപ്പെടുന്നവര്‍ എന്തുകൊണ്ട് രാജ്യത്തെ ഏറ്റവും വലിയ വഖഫ് സ്വത്തായ ബാബ്‌രി മസ്ജിദിന്റെ കാര്യത്തില്‍ ശബ്ദിക്കുന്നില്ലെന്ന് ഐ.എന്‍.എല്‍ ദേശീയ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ ചോദിച്ചു.
പാര്‍ട്ടി സ്ഥാപക നേതാവ് സുലൈമാന്‍ സേട്ടിന്റെ നൂറാം ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ച് ഐ.എന്‍.എല്‍ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാജ്യരക്ഷാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാബ്‌രി പൊളിക്കാന്‍ കൂട്ടുനിന്ന നരസിംഹറാവു സര്‍ക്കാരിനൊപ്പം കൂട്ടുകൂടുകയായിരുന്നു മുസ്‌ലിം ലീഗ്. ഏറ്റവും വലിയ വഖഫ് ഭൂമി കൈയേറ്റം ബാബ്‌രി മസ്ജിദ് ഭൂമിയുടേതായിരുന്നുവെന്നും മുഹമ്മദ് സുലൈമാന്‍ പറഞ്ഞു.
ഇതിനെതിരെ നടന്ന പ്രക്ഷോഭത്തിന്റെ കാലത്ത് വഞ്ചനാപരമായ സമീപനം സ്വീകരിച്ച പാര്‍ട്ടി ഇപ്പോള്‍ നടത്തുന്ന സമരം തുടര്‍ച്ചയായി അധികാരം നഷ്ടപ്പെടുന്നതിന്റെ പ്രയാസത്തിലാണെന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം വഖഫ് നിയമനത്തെ വിവാദമാക്കി സമൂഹത്തില്‍ മതപരവും വര്‍ഗീയവുമായ ധ്രുവീകരണമുണ്ടാക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുല്‍ വഹാബ് പറഞ്ഞു. ലീഗിന്റെ ഏത് നീക്കത്തെയും ജനാധിപത്യ മാര്‍ഗത്തിലൂടെ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
‘രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സമുദായത്തെ കരുവാക്കുകയാണ് മുസ്‌ലിം ലീഗ്. വഖഫ് വിഷയത്തില്‍ ലീഗിന് അല്‍പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അന്യാധീനമാക്കപ്പെട്ട വഖഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കണമെന്ന ആവശ്യമാണ് ഉയര്‍ത്തേണ്ടിയിരുന്നത്,’ അബ്ദുള്‍ വഹാബ് പറഞ്ഞു.
കഴിഞ്ഞ നവംബര്‍ 9 നാണ് സംസ്ഥാനത്തെ വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടാന്‍ തീരുമാനമായത്. ഇത് സംബന്ധിച്ചുള്ള ബില്‍ നിയമസഭ ശബ്ദവോട്ടോടെയാണ് പാസാക്കിയത്.
വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ലീഗിന്റെ നേതൃത്വത്തില്‍ മതസംഘടനകള്‍ യോഗം ചേര്‍ന്നിരുന്നു.
എന്നാല്‍ യോഗത്തില്‍ നിന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന കേരള മുസ്‌ലിം ജമാഅത്തും എം.ഇ.എസും വിട്ടുനിന്നു.
ഇതിന് ശേഷം പള്ളികളില്‍ സര്‍ക്കാരിനെതിരെ പ്രചരണം നടത്തണമെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിര്‍ദേശം തള്ളിയ സമസ്ത, വിഷയത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാവുകയായിരുന്നു.