തലയുയർത്തി നിൽക്കുന്ന മരടിലെ ഫ്ളാറ്റുകൾക്കപ്പുറം നിങ്ങൾ പൊളിച്ചുനീക്കിയ ഒരു കൂരയുണ്ട്, അവിടെ മൂന്നു ജീവനുണ്ട്
ഹരിമോഹന്‍

സുപ്രീംകോടതി ഉത്തരവിട്ടിട്ടും മരടിലെ  ഫ്ലാറ്റുകള്‍ക്ക് ഒരിളക്കവും തട്ടാതെ ദിവസങ്ങളാണു കടന്നുപോയത്. കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയിലേക്കെത്തിയ ഫ്ലാറ്റുടമകള്‍ക്കൊപ്പം നില്‍ക്കാനുള്ള വ്യഗ്രതയിലാണ് പ്രധാന ഭരണകക്ഷിയായ സി.പി.ഐ.എമ്മും സ്ഥലം എം.പി ഹൈബി ഈഡനും പ്രതിപക്ഷവുമൊക്കെ. അവരോട് ഒരപേക്ഷയുണ്ട്. പൊളിക്കാന്‍ ഉത്തരവിട്ട, സെലിബ്രിറ്റികള്‍ താമസിക്കുന്ന ഹോളി ഫെയ്ത്ത് എന്ന ഫ്ലാറ്റില്‍ നിന്ന് തിരുനെട്ടൂരിലെ പഴയ റെയില്‍വേ സ്റ്റേഷന്‍ വഴിയൊന്ന് നടക്കണം. അവിടെ ഇതേ തീരദേശ പരിപാലനച്ചട്ടം ലംഘിച്ച് നിര്‍മിക്കുന്നുവെന്നാരോപിച്ച് ജെ.സി.ബി കൊണ്ട് ഇടിച്ചുപൊളിച്ചുകളഞ്ഞ ഒരു കൂരയുണ്ട്, മൂന്നേമുക്കാല്‍ സെന്റില്‍. നാലുവര്‍ഷം മുന്‍പ് ഒരു കുടുംബത്തിന്റെ തകര്‍ന്നടിഞ്ഞ അവശിഷ്ടങ്ങള്‍ ഇപ്പോഴും അവിടെയുണ്ട്.

2015-ലാണ് ഇതേ മരട് നഗരസഭയില്‍ അപേക്ഷ നല്‍കി ക്ഷീരകര്‍ഷകനായ ജോണ്‍സണും ഭാര്യ സുജയും അവരുടെ രണ്ടുമക്കളുമടങ്ങുന്ന കുടുംബം വീടുപണി തുടങ്ങിയത്. അതും ഈ സ്ഥലത്തിന്റെ തന്നെ ആധാരം വെച്ച് 10 ലക്ഷം രൂപ സൊസൈറ്റിയില്‍ നിന്ന് വായ്പയെടുത്ത്. പണി പൂര്‍ത്തിയാക്കാനായില്ല. സ്റ്റോപ്പ് മെമ്മോയെത്തി. അധികം വൈകിയില്ല. നഗരസഭാ ഉദ്യോഗസ്ഥരെത്തി പണിതീരാത്ത ആ വീട് പൊളിച്ചുനീക്കി. പിന്നെ താമസം മൂന്നുപേര്‍ക്ക് അവകാശമുള്ള കുടുംബവീട്ടില്‍.

ഏറെനാള്‍ അധികൃതരുടെ പുറകെ ഓടി ക്ഷീണിച്ച് ജോണ്‍സണ്‍ മരണത്തിലേക്ക് നടന്നുനീങ്ങി. പിന്നീട് രണ്ടു പശുക്കളെ വളര്‍ത്തിയും വീട് വെയ്ക്കാനാവാത്ത ഭൂമി ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്കു വാടകയ്ക്കു കൊടുത്തുമാണ് സുജ മക്കളെ പഠിപ്പിച്ചത്. ഒപ്പം മകള്‍ കുട്ടികള്‍ക്ക് ട്യൂഷനും എടുത്ത് ജീവിതം തള്ളിനീക്കുന്നു. ഇന്നവര്‍ക്കു കൂട്ടായി അന്നെടുത്ത വായ്പ പലിശയടക്കം 18 ലക്ഷം രൂപ. തൊട്ടപ്പുറത്ത് എല്ലാത്തരം പ്രിവിലേജുകള്‍ക്കും നടുവില്‍ അഞ്ച് ഫ്ലാറ്റുകള്‍ ഇന്നും തലയെടുപ്പോടെ നില്‍ക്കുന്നു, കര്‍ത്തവ്യനിര്‍വഹണത്തിന്റെ ഇരട്ടത്താപ്പും വിളിച്ചുപറഞ്ഞുകൊണ്ട്.

ഹരിമോഹന്‍
മാധ്യമപ്രവര്‍ത്തകന്‍