| Thursday, 24th August 2023, 5:25 pm

ഇന്ത്യന്‍ താരത്തിന്റെ പരിക്ക് ഭയപ്പെട്ടതുപോലെ സീരിയസല്ല, സര്‍ജറി വേണ്ടി വരില്ല; ആരാധകര്‍ക്ക് ആശ്വാസിക്കാം

സ്പോര്‍ട്സ് ഡെസ്‌ക്

കൗണ്ടി ഫോര്‍മാറ്റില്‍ കളിക്കവെ പരിക്കേറ്റ സൂപ്പര്‍ താരം പൃഥ്വി ഷായുടെ പരിക്കില്‍ കൂടുതല്‍ അപഡേറ്റുകള്‍ പുറത്ത്. പരിശോധനാ റിപ്പോര്‍ട്ടില്‍ താരത്തിന് ഗ്രേഡ് 2 പി.സി.എല്‍ ഇന്‍ജുറിയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ പരിക്ക് ഗ്രേഡ് 3നേക്കാള്‍ ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്നാണ് വിവിധ സോഴ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സീസണില്‍ താരത്തിന്റെ പ്രകടനം ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരുന്നു. ഡൊമസ്റ്റിക് മത്സരങ്ങളില്‍ താരത്തിന് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാന്‍ സാധിച്ചിരുന്നില്ലെങ്കിലും കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. ലിസ്റ്റ് എ ഫോര്‍മാറ്റിലെ തന്റെ രണ്ടാം ഇരട്ട സെഞ്ച്വറിയടക്കം നേടിക്കൊണ്ടാണ് ഷാ ആരാധകരുടെ കയ്യടി നേടിയത്.

കൗണ്ടിയില്‍ നോര്‍താംപ്ടണ്‍ഷെയറിനായി മികച്ച പ്രകടനം പുറത്തെടുക്കവെയായിരുന്നു താരത്തിന് പരിക്കേല്‍ക്കുന്നത്. ഇതോടെ കൗണ്ടി അധ്യായവും പകുതിക്ക് വെച്ച് ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലായിരുന്നു ആരാധകര്‍.

എന്നാല്‍ ആരാധകരുടെ ആശങ്ക ശരിവെക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ടൂര്‍ണമെന്റിന് പുറമെ വരാനിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും താരത്തിന്റെ സാന്നിധ്യം ഉറപ്പാക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുകയാണെന്ന് വിവിധ കായിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പരിക്കിന് പിന്നാലെ പോസ്റ്റീരിയര്‍ ക്യൂഷ്യേറ്റ് ലിഗമന്റിന് പരിക്കേറ്റതായി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഷായ്ക്ക് ഫീല്‍ഡിലേക്ക് മടങ്ങിയെത്താന്‍ സാധിക്കുമെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ബി.സി.സി.ഐ ഷായുടെ ആരോഗ്യ നിലയിലെ പുരോഗതികള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുന്നുണ്ട്. എന്‍.സി.എയിലേക്കുള്ള അദ്ദേഹത്തിന്റെ വരവിനെ കുറിച്ചും അപെക്സ് ബോര്‍ഡ് പദ്ധതിയിടുന്നുണ്ട്. എങ്കിലും അദ്ദേഹം കുറച്ചുകാലം കൂടി യു.കെയില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്.

‘ഗ്രേഡ് 2 പി.സി.എല്‍ ടിയറാണ് സംഭവിച്ചിരിക്കുന്നതെന്ന് സ്‌കാനിങ്ങില്‍ കണ്ടെത്തി. ഗ്രേഡ് 2 എന്നത് ആശ്വാസകരമല്ലെങ്കിലും, എന്നിരുന്നാലും ഇത് ഗ്രേഡ് 3 പരിക്കിന്റെയത്രത്തോളം ഗുരുതരമല്ല.

പൃഥ്വിക്ക് ആദ്യം കാര്യങ്ങള്‍ അത്ര സുഖകരമായിരുന്നില്ല, എന്നാല്‍ ഗ്രേഡ് 2 പരിക്കിന് ശസ്ത്രക്രിയയുടെ ആവശ്യം നിലവില്‍ ഇല്ലാത്തതിനാല്‍ അദ്ദേഹം ഉടന്‍ കളിക്കളത്തില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അദ്ദേഹം നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്കോ (എന്‍.സി.എ) മുംബൈയിലെ വീട്ടിലേക്കോ മടങ്ങിയെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ അദ്ദേഹം കുറച്ചുകാലം കൂടി യു.കെയിലുണ്ടാകും,’ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Content Highlight: Injury updates of Prithvi Shaw

We use cookies to give you the best possible experience. Learn more